Sunday 21st of April 2019

സ്വത്ത് വാങ്ങി മാതാവിനെ നോക്കാത്ത മക്കള്‍ക്കെതിരെ തുടര്‍നടപടി

Category: Palakkad Published: Monday, 11 February 2019
പാലക്കാട്: സ്വത്ത് ഭാഗംവെയ്പിന് ശേഷം മക്കള്‍ തന്നെ സംരക്ഷിക്കുന്നില്ലെന്ന പരാതിയുമായി വനിത കമ്മീഷന് മുന്നിലെത്തിയ മാതാവിന്റെ കേസില്‍ കലക്ടര്‍ക്ക് അപ്പീല്‍ നല്‍കാന്‍ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം. സി. ജോസഫൈന്‍ നിര്‍ദേശിച്ചു. അഞ്ചേക്കര്‍ സ്ഥലത്തില്‍ നിന്നും നാലേക്കര്‍ സ്ഥലം നാല് ആണ്‍മക്കള്‍ക്കും ബാക്കി സ്ഥലം നാല് പെണ്‍മക്കള്‍ക്കും വീതിച്ചുനല്‍കി. എന്നാല്‍ ഭാഗം വെയ്പില്‍ ഒരു സെന്റ് സ്ഥലം പോലും സ്വന്തമായി നീക്കിവെക്കാതിരുന്ന 80 വയസ്സുള്ള മാതാവ് ഇപ്പോള്‍ വാടക വീട്ടിലാണ് താമസം. ആര്‍.ഡി.ഒ.യ്ക്ക് ഇതു സംബന്ധിച്ച് മുമ്പ് നല്‍കിയ പരാതിയില്‍ നിശ്ചിത തുക മാസാമാസം ആണ്‍മക്കളോട് നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുവരെ തുക നല്‍കാത്തതിനെ തുടര്‍ന്നാണ് കമ്മീഷനെ സമീപിച്ചത്. 
മക്കളും ഭാര്യയുമുള്ള യുവാവ് നിയമപരമായി ബന്ധം വേര്‍പെടുത്താതെ മറ്റൊരു വിവാഹം കഴിച്ചെന്ന യുവതിയുടെ പരാതി കുടുംബ കോടതിയില്‍ കേസ് നടക്കുന്നതിനാല്‍ റിപ്പോര്‍ട്ട് ലഭിക്കുന്നതിനായി മാറ്റിവെച്ചു. കുടുംബശ്രീയുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്ന യാതൊരുവിധ പ്രകോപനപരമായ നടപടികളും അംഗീകരിക്കാനാവില്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം. സി. ജോസഫൈന്‍ പറഞ്ഞു. ഒരാഴ്ചയ്ക്കിടെ സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍മാരുടെ രണ്ട് പരാതികളാണ് കമ്മീഷന് മുന്നിലെത്തിയത്. സര്‍ക്കാര്‍ സംവിധാനമായ കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങളില്‍ രാഷ്ടീയ ഇടപെടല്‍ ഉണ്ടാവരുതെന്നും കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വനിതാ കമ്മീഷന്‍ അദാലത്തില്‍ വ്യക്തമാക്കി.
അദാലത്തില്‍ 75 കേസുകളാണ് പരിഗണിച്ചത്. ഇതില്‍ 10 കേസുകള്‍ തീര്‍പ്പാക്കി. ഒന്‍പത് കേസുകള്‍ റിപ്പോര്‍ട്ടിങിനായി മാറ്റിവെച്ചു. 47 കേസുകള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും. വനിത കമ്മീഷന്‍ അംഗങ്ങളായ അഡ്വ.ഷിജി ശിവജി, ഇ. എം. രാധ, വനിത സെല്‍ എസ്. ഐ വി. അനില കുമാരി, അഡ്വ.രമിക, അഡ്വ. വിജയലക്ഷ്മി എന്നിവര്‍ പങ്കെടുത്തു.