Saturday 23rd of March 2019

കൃത്യമായ ഇടപെടലുകള്‍ നടത്തിയില്ലെങ്കില്‍ സമൂഹം പിന്നോട്ട് പോവും

Category: Palakkad Published: Friday, 11 January 2019
പാലക്കാട് : അധികാര രാഷ്ട്രീയത്തിന്റെ പിന്നാമ്പുറത്ത് നിന്നും സ്ത്രീകള്‍ മുന്നോട്ട് വരണമെന്ന് മലയാളം മിഷന്‍ ഡയറക്ടര്‍ പ്രൊഫ.സുജ സൂസന്‍ ജോര്‍ജ് പറഞ്ഞു. രക്തസാക്ഷ്യം 2019 ന്റെ ഭാഗമായി 'ലിംഗ നീതി നിഷേധത്തിനെതിരെ ഗാന്ധിജി' എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഗാന്ധിജി ഇന്ത്യന്‍ സ്ത്രീയെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരികയും അടുക്കള മാത്രമല്ല സ്ത്രീയുടെ ലോകമെന്ന് തെളിയിക്കുകയും ചെയ്ത വ്യക്തിയായിരുന്നു. എന്നാല്‍ സമൂഹത്തില്‍ കൃത്യമായി ഇടപെടലുകള്‍ നടത്തിയില്ലെങ്കില്‍ എത്ര ലിംഗസമത്വുള്ള സമൂഹവും പിന്നോക്കം പോവുമെന്നും പ്രൊഫ.സുജ സൂസന്‍ ജോര്‍ജ് ഓര്‍മിപ്പിച്ചു. എന്‍.വി.കൃഷ്ണവാര്യരുടെ 'ഗാന്ധിജിയും ഗോഡ്‌സെയും' എന്ന കവിത ജ്യോതിബായ് പരിയാടത്ത് ആലപിച്ചു. മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര രാമചന്ദ്രന്‍, ടി.ആര്‍.അജയന്‍, ശാസത്രസാഹിത്യ പരിഷത്ത് മേഖലാ സെക്രട്ടറി കെ. അജില, ശബരി ആശ്രമം സെക്രട്ടറി ടി. ദേവന്‍ സംസാരിച്ചു.