Saturday 23rd of March 2019

ജനങ്ങളെ ഭിന്നിപ്പിക്കുന്ന വര്‍ഗീയലഹളകളെ മതനിരപേക്ഷതയിലൂടെ നേരിടണം

Category: Palakkad Published: Friday, 11 January 2019
പാലക്കാട്: ജനങ്ങളെ ഭിന്നിപ്പിക്കുന്ന വര്‍ഗീയ ലഹളകളെ ഗാന്ധിജി ഉയര്‍ത്തിക്കാട്ടിയ മതനിരപേക്ഷതയിലൂടെ നേരിടണമെന്ന് ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു. അകത്തേത്തറ ശബരി ആശ്രമത്തില്‍ ഗാന്ധിജിയുടെ 150-ാം ജന്മവാര്‍ഷികവും 70-ാം രക്തസാക്ഷി വാര്‍ഷികാചരണത്തിന്റെ ഭാഗമായി നടന്ന 'രക്തസാക്ഷ്യം- 2019' വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു വി. എസ്. അച്യുതാനന്ദന്‍. മതനിരപേക്ഷത സംരക്ഷിക്കാന്‍ രക്തസാക്ഷിത്വംവരിച്ച മഹാത്മാഗാന്ധി തന്നെയാണ് ഈ കാലഘട്ടത്തിലെയും  പുതുതലമുറയ്ക്ക് മാതൃക. ഗാന്ധി സന്ദേശങ്ങള്‍ പുതുതലമുറയില്‍ എത്തിക്കാന്‍ നടത്തുന്ന അനുസ്മരണ പരിപാടി ശ്ലാഘനീയമാണെന്നും വി. എസ്. പറഞ്ഞു. 
ഗാന്ധിജി മൂന്ന് തവണ സന്ദര്‍ശിച്ച ശബരി ആശ്രമത്തിന് നവോത്ഥാന പാരമ്പര്യമുണ്ട്. ഇതിന്റെ വികസനത്തിനായി സര്‍ക്കാരിന്റെ മുഴുവന്‍ സംവിധാനങ്ങളും പ്രയോജനപ്പെടുത്തുമെന്നും വി. എസ്. പറഞ്ഞു. പരിപാടിയില്‍ പട്ടികജാതി -പട്ടികവര്‍ഗ- പിന്നാക്കക്ഷേമ- നിയമ -സാംസ്‌കാരിക- പാര്‍ലമെന്ററികാര്യ മന്ത്രി എ. കെ. ബാലന്‍ അധ്യക്ഷനായി. പ്രൊഫ. വി. മധുസൂദനന്‍ നായര്‍ രചിച്ച 'ഗാന്ധി' എന്ന കവിത ജ്യോതി ഭായ് പരിയാടത്ത് ആലപിച്ചു. സാംസ്‌കാരിക ഉന്നത സമിതി സെക്രട്ടറി ഡോ. പ്രഭാകരന്‍ പഴശ്ശി പരിപ്രേക്ഷ്യം അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി, ജില്ലാ കലക്ടര്‍ ഡി. ബാലമുരളി, കലാപരിപാടി ഉപസമിതി കണ്‍വീനര്‍ പി. എ. ഗോകുല്‍ദാസ്, ഹരിജന്‍ സേവക് സമാജ് കേരളഘടകം ചെയര്‍മാന്‍ ഡോ. എന്‍. ഗോപാലകൃഷ്ണന്‍ നായര്‍, സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ടി. ആര്‍. സദാശിവന്‍ നായര്‍, പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. പി. ബിന്ദു, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാഞ്ചന സുദേവന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഡി. സദാശിവന്‍, ഇന്ദിര രാമചന്ദ്രന്‍, സംഘാടകസമിതി കണ്‍വീനര്‍ ടി. ആര്‍. അജയന്‍, ശബരി ആശ്രമം സെക്രട്ടറി ടി. ദേവന്‍, ഐ.യു.എം.എല്‍. ജില്ലാ കമ്മിറ്റി പ്രസിഡന്റ് കളത്തില്‍ അബ്ദുള്ള എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് നടന്ന കലാപരിപാടികള്‍ സംഗീതനാടക അക്കാദമി സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ടി. ആര്‍. ശിവദാസന്‍ നായര്‍ അധ്യക്ഷനായി. പി. എ. ഗോകുല്‍ദാസ്, പ്രമോദ് പയ്യന്നൂര്‍, എ. കെ. ചന്ദ്രന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. പിന്നീട് രാജസ്ഥാന്‍, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള 48 നര്‍ത്തകര്‍ ഗ്രാമീണ നൃത്തരൂപങ്ങള്‍ അവതരിപ്പിച്ചു. ഭാരത് ഭവന്‍ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററിന്റെ നേതൃത്വത്തിലാണ് ഇന്ത്യന്‍ വില്ലേജ് നൃത്തോല്‍സവം അരങ്ങിലെത്തിയത്.