Thursday 21st of March 2019

കുഷ്ഠരോഗം ചികിത്സിച്ച് ഭേദമാക്കാം

Category: Palakkad Published: Thursday, 06 December 2018
പാലക്കാട്: രോഗ ലക്ഷണം കണ്ടെത്തി ഏതവസ്ഥയിലായാലും പരിപൂര്‍ണമായി ചികിത്സിച്ച് ഭേദമാക്കാവുന്നതാണ് കുഷ്ഠരോഗമെന്ന് ജില്ലാ കലക്ടര്‍ ഡി. ബാലമുരളി പറഞ്ഞു. ഗൃഹസന്ദര്‍ശനത്തിലൂടെ കുഷ്ഠരോഗ ബാധിതരെ കണ്ടെത്തി രോഗനിര്‍ണയം നടത്തുന്ന എല്‍.സി.ഡി.സി. (ലെപ്രസി കേസ് ഡിറ്റക്ഷന്‍ ക്യാമ്പയിന്‍) 'അശ്വമേധം' ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗത്തെക്കുറിച്ച് അറിവില്ലാത്തതിനാലാണ് രോഗികള്‍ ചികിത്സയ്ക്ക് തയ്യാറാവാത്തതെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. ജില്ലയില്‍ 8,000 വൊളന്റിയര്‍മാരാണ് വീടുകള്‍ തോറും സന്ദര്‍ശിച്ച് കുഷ്ഠരോഗ നിര്‍ണയ യജ്ഞത്തില്‍ പങ്കാളികളാക്കുന്നത്. പരമാവധി രോഗികളെ കണ്ടെത്താനുള്ള രോഗനിര്‍ണയ ക്യാമ്പയിനില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും സഹകരണം ഉറപ്പുവരുത്തണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു.
 ശരീരത്തില്‍ എന്തെങ്കിലും നിറവിത്യാസമോ പാടുകളോ ഉണ്ടെങ്കില്‍ പരിശോധനക്കെത്തുന്നവരെ കൃത്യമായി വിവരം അറിയിക്കണമെന്നും രോഗനിര്‍ണയത്തിനായി സ്ത്രീ - പുരുഷ വൊളന്റിയര്‍മാര്‍ അടങ്ങുന്ന സംഘമാണ് ഗൃഹസന്ദര്‍ശനം നടത്തുന്നതെന്നും മുഖ്യപ്രഭാഷണം നടത്തിയ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ. കെ. പി. റീത്ത പറഞ്ഞു. രണ്ട് വയസ്സിന് മുകളില്‍ പ്രായമുള്ളവരിലാണ് പരിശോധന നടത്തുന്നത്. രോഗലക്ഷണങ്ങളെക്കുറിച്ച് ചിത്രസഹിതം കാണിച്ചാണ് ജനങ്ങളെ ബോധവാന്മാരാക്കുന്നത്. ആറുമാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള ചികിത്സയിലൂടെ രോഗത്തെ കീഴടക്കാനാവുമെന്നും അവര്‍ അറിയിച്ചു. 
 രോഗത്തിന് പാര്‍ശ്വഫലങ്ങളില്ലാത്ത ഗുളികകളാണ് നല്‍കുന്നത്. ചികിത്സ വൈകുന്നതിനനുസരിച്ച് അംഗവൈകല്യങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണ്. ജില്ലയില്‍ 100ല്‍ അധികം പേരിലാണ് രോഗം കണ്ടെത്തിയത് ഇവരില്‍ 11 പേര്‍ കുട്ടികളാണ്. ഒരു കുട്ടിയില്‍ രോഗം സ്ഥിരീകരിച്ചാല്‍ സമീപത്തെ 300 വീടുകളില്‍ പരിശോധന ഉറപ്പാക്കണമെന്നും വരും തലമുറയിലേക്ക് രോഗം പകരാതെയുള്ള ചികിത്സ ഉറപ്പാക്കുകയാണ് ക്യാമ്പയിനിന്റെ ലക്ഷ്യമെന്നും ഡി.എം.ഒ. പറഞ്ഞു. 
    ജില്ലാ ആശുപത്രിയിലെ ത്വക്രോഗ വിഭാഗത്തിലെ ഡോ. ദീപ വിഷയാവതരണം നടത്തി. ആലത്തൂര്‍ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ആലത്തൂര്‍ ബ്ലോക്ക്് പഞ്ചായത്ത് പ്രസിഡന്റ് സി. കെ. ചാമുണ്ണി അധ്യക്ഷനായി. ഡെപ്യൂട്ടി ഡി.എം.ഒ.യും ജില്ലാ ലെപ്രസി ഓഫിസറുമായ ഡോ. ടി. കെ. അനൂപ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനെജര്‍ ഡോ. രചന ചിദംബരം, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. കെ. എ. നാസര്‍, ആലത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി. ജി. ഗംഗാധരന്‍, ആലത്തൂര്‍ ഗ്രാമപഞ്ചായത്ത് അംഗം ബുഷറ നൗഷാദ്, ഡോ. ടി. കെ. ജയന്തി, ഡോ. എം. രാമകൃഷ്ണന്‍, എം. കെ. രാമകൃഷ്ണന്‍, എന്‍. രവീന്ദ്രന്‍, എം. ജയപ്രസാദ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ബോധവത്ക്കരണത്തിന്റെ ഭാഗമായി ആലത്തൂര്‍ ടൗണില്‍ റാലിയും പഴമ്പാലക്കോട് പാരാമെഡിക്കല്‍ ഇന്‍സ്റ്റിട്ട്യൂട്ടിലെ ജെ.എച്ച്.ഐ. വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ കലാപരിപാടികളും അരങ്ങേറി.
 
കുഷ്ഠരോഗത്തെ പേടിക്കണ്ട; വേണ്ടത് കൃത്യമായ ചികിത്സ
കുഷ്ഠരോഗത്തെ പേടിക്കേണ്ടതില്ലെന്നും വേണ്ടത് കൃത്യമായ ചികിത്സയാണെന്നും രോഗത്തെക്കുറിച്ച് വിഷയാവതരണം നടത്തിയ ജില്ലാ ആശുപത്രി ത്വക്രോഗ വിഭാഗം വിദഗ്ധ ഡോ. ദീപ പറഞ്ഞു. മൈകോബാക്ടീരിയം ലെപ്രെയാണ് കുഷ്ഠരോഗം പരത്തുന്ന രോഗാണു. വായുവിലൂടെ പകരുന്നതിനാല്‍ രോഗം ആര്‍ക്കും വരാമെന്നും രോഗാണു ശരീരത്തിലെത്തിയാല്‍ അഞ്ച് ശതമാനമാണ് പ്രകടമാവുകയെന്നും അവര്‍ കൂട്ടിചേര്‍ത്തു. 
    ആദ്യം ത്വക്കിലും പിന്നീട് നാഡി ഞരമ്പുകളിലുമാണ് രോഗലക്ഷണങ്ങള്‍ പ്രത്യക്ഷമാവുക. നിറവ്യത്യാസമുള്ള പാടുകളും തടിപ്പുകളുമൊക്കെയാണ് ആദ്യഘട്ടത്തില്‍ ഉണ്ടാവുക. വ്രണങ്ങളില്‍ വേദന അറിയാതിരിക്കുക, സ്പര്‍ശന ശേഷി നഷ്ടപ്പെടുക തുടങ്ങിയ അവസ്ഥയിലെത്തും. ഇതിന് മുമ്പേ ചികിത്സ തേടാന്‍ രോഗികള്‍ ശ്രദ്ധിക്കണം. സ്വയം ശരീര പരിശോധനയിലൂടെ രോഗം കണ്ടെത്താവുന്നതാണ്. കൂടാതെ, ഉണങ്ങാത്ത മുറിവ് വേദനയറിയാത്ത മുറിവ് എന്നിവ പരിശോധിക്കണം. രോഗം പരത്തുന്ന അണുക്കളെ നശിപ്പിക്കാന്‍ ഒരു മണിക്കൂര്‍ മതിയാവും. എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും രോഗത്തിന് ചികിത്സ ലഭ്യമാണ്. രോഗികളോട് വിവേചനം കാണിക്കാതെ ചികിത്സിച്ച് ഭേദമാക്കാനായി സഹകരിക്കുകയാണ് വേണ്ടെതന്നും ഡോ. ദീപ പറഞ്ഞു.