Sunday 17th of February 2019

കുടുംബശ്രീ പ്രവര്‍ത്തകര്‍ പൂര്‍ത്തിയാക്കിയ വീടിന്റെ താക്കോല്‍ കൈമാറ്റം പതിനഞ്ചിന്

Category: Palakkad Published: Thursday, 11 October 2018
പാലക്കാട്: കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകരായ 25 സ്ത്രീകള്‍ ചേര്‍ന്ന് ഹൃദയസംബന്ധമായ രോഗമുളള രാജേന്ദ്രനും മാനസിക വെല്ലുവിളി നേരിടുന്ന മകള്‍ ശരണ്യയ്ക്കുമായി സ്വന്തമായി വീട് നിര്‍മിച്ച് നല്‍കി. പൂര്‍ണമായും സ്ത്രീകളുടെ പങ്കാളിത്തത്തിലാണ് അകത്തേത്തറ, ധോണിക്ക് സമീപം പയറ്റാംകുന്നം ഗാന്ധിനഗര്‍ മന്നാട്ടില്‍ രാജേന്ദ്രനും കുടുംബത്തിനുമായി 400 ചതുരശ്രയടിയുള്ള വീട് പണിതത്. മണ്ണുനീക്കം ചെയ്ത് തറ കെട്ടുന്നത് മുതല്‍ പെയിന്റ് അടിച്ച് മനോഹരമാക്കുന്നതടക്കമുള്ള പണികള്‍ കുടുംബശ്രീ കൂട്ടായ്മയാണ് ചെയ്തത്. ഒക്ടോബര്‍ 15ന് ജില്ലാ കലക്ടര്‍ ഡി. ബാലമുരളിയുടെ സാന്നിധ്യത്തില്‍ നടക്കുന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി, രാജേന്ദ്രനും കുടുംബത്തിനും വീടിന്റെ താക്കോല്‍ കൈമാറും. കാന്‍സര്‍ രോഗം ബാധിച്ച്് ഭാര്യ മരണമടഞ്ഞതോടെ 21 വയസുള്ള മകളോടൊപ്പം എന്‍.എന്‍.എസ്. കരയോഗത്തിന്റെ കെട്ടിടത്തിലാണ് രാജേന്ദ്രന്‍ ഇപ്പോള്‍ താമസിക്കുന്നത്. 
   അധ്വാനമേറിയ ജോലികള്‍ ചെയ്ത് ഉപജീവനം നടത്താന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന രാജേന്ദ്രന് അകത്തേത്തറ ഗ്രാമപഞ്ചായത്ത് ലൈഫ് മിഷനില്‍ വീട് അനുവദിച്ചെങ്കിലും മറ്റുള്ളവരുടെ സഹായമില്ലാതെ വീട് പണി നടത്താന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. ഈ സാഹചര്യത്തിലാണ് പഞ്ചായത്തിന്റെ നിര്‍ദേശപ്രകാരം കുടുംബശ്രീ ഈ ദൗത്യം ഏറ്റെടുക്കുന്നത്. കുടുംബശ്രീ കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പുകള്‍ അകത്തേത്തറ പഞ്ചായത്തില്‍ രണ്ടും ശ്രീകൃഷ്ണപുരത്ത് ഒന്നും വീതം വീടുകളാണ് ജില്ലാ മിഷന്റെ നേതൃത്വത്തില്‍ നിര്‍മിക്കുന്നത്. കനത്ത മഴയെയും പരിചയ കുറവിനെയും കഠിനാധ്വാനത്തിലൂടെ അതിജീവിച്ചാണ് കുടുംബശ്രി അംഗങ്ങള്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നത്. സന്നദ്ധ സംഘടനയായ 'നന്മ'യുടെ പ്രവര്‍ത്തകനായ സുനില്‍ മാത്യുവാണ് നിര്‍മാണ സാമഗ്രികള്‍ എത്തിച്ചുകൊടുത്തത്്.
   കെട്ടിട നിര്‍മ്മാണമേഖലയില്‍ മികച്ച പരിശീലനം നല്‍കി കുടുംബശ്രീ വനിതകളെ മൈക്രോ കോണ്‍ട്രാക്റ്റര്‍മാരാക്കി മാറ്റി മികച്ച വരുമാനം ഉറപ്പുവരുത്തുകയാണ് കുടുംബശ്രീ മിഷന്‍ കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പുകള്‍ പദ്ധതി ലക്ഷ്യമിടുന്നത്. എല്ലാ ബ്ലോക്കിലും രണ്ട് കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പുകള്‍, രണ്ട് ഹോളോബ്രിക്ക് യൂണിറ്റുകള്‍ എന്ന ലക്ഷ്യം കൈവരിക്കാനുള്ള തീവ്രശ്രമത്തിലാണ് കുടുംബശ്രീ പാലക്കാട് ജില്ലാ മിഷന്‍. കട്ടവയ്ക്കല്‍, സിമന്റ് തേയക്കല്‍, പെയിന്റിങ്, പ്ലംബിങ്, വയറിങ് പണികളെല്ലാം പ്രഗല്‍ഭരായ മേസ്തിരിമാരുടെ മേല്‍നോട്ടത്തില്‍ ചെയ്തത് സ്ത്രീകള്‍ തന്നെയാണ്.
 കെട്ടിട നിര്‍മ്മാണ രംഗത്ത് തൊഴില്‍ വൈദഗ്ദ്ധ്യ പരിശീലനത്തില്‍ ദീര്‍ഘകാലത്തെ പരിചയമുള്ള തിരഞ്ഞെടുത്ത ഏജന്‍സികള്‍ വഴിയാണ് കുടുംബശ്രീ അംഗങ്ങള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കിയത്. പ്രഗല്‍ഭരായ മേസ്തിരിമാരുടെ സഹായത്തോടെ വീട് പണിയുന്നതോടെയാണ് ഇവരുടെ പരിശീലനം പൂര്‍ത്തിയാവുക. ലൈഫ് മിഷന്റെ ഭാഗമായി വീട് അനുവദിക്കപ്പെട്ട സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെയും അഗതികളായവരുടെയും വീടുകളാണ് പരിശീലനത്തിന്റെ ഭാഗമായി നിര്‍മ്മിച്ച് നല്‍കുന്നത്.