Sunday 16th of December 2018

ഡാമുകളിലെ ജലനിരപ്പ് ഉയരുന്നു: ജനങ്ങള്‍ ജാഗ്രത പാലിക്കണം

Category: Palakkad Published: Thursday, 09 August 2018
 
പാലക്കാട്:  ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡി.ബാലമുരളി അറിയിച്ചു. പോത്തുണ്ടി ഡാം പരമാവധി സംഭരണശേഷിയിലെത്തിയ സാഹചര്യത്തില്‍ 18 സെന്റിമീറ്റര്‍ തുറന്നിട്ടുണ്ട്. പുതുശ്ശേരി, കഞ്ചിക്കോട് ഭാഗത്തുള്ള പുഴകളിലും തോടുകളിലും പാടങ്ങളും നിറഞ്ഞു. ഈ ഭാഗത്തെ വീടുകള്‍ വെള്ളത്തില്‍ മുങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചത്. വിവിധ പാലങ്ങളില്‍ വെള്ളത്തിന്റെ ഒഴുക്ക് കാണാന്‍ ജനങ്ങള്‍ തിങ്ങിനില്‍ക്കുന്നത് ഒഴിവാക്കണമെന്നും കളക്ടര്‍ കര്‍ശനമായി നിര്‍ദേശിച്ചു. 
 
ഡാമില്‍ നിന്നും തുറന്ന് വിടുന്ന വെള്ളത്തിന്റെ അളവില്‍ ഇന്ന് രാത്രി വരെ കുറവുണ്ടാക്കാനുള്ള സാഹചര്യമില്ലെന്നും അറിയിച്ചു. ശക്തമായ കാലവര്‍ഷം മൂലം ശിരുവാണി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാല്‍ അണക്കെട്ട് എത് നിമിഷവും നിറഞ്ഞൊഴുകാന്‍ സാധ്യതയുളളതിനാല്‍ ശിരുവാണിപ്പുഴയുടേയും ഭവാനിപ്പുഴയുടേയും തീരപ്രദേശങ്ങളില്‍ താമസിക്കുന്ന പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം.
മലമ്പുഴ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഡാമിന്റെ ഷട്ടര്‍ 1.5 മീറ്റര്‍ തുറന്നിട്ടുണ്ട്. കൂടാതെ കനാല്‍ ഷട്ടറുകളും തുറന്നിട്ടുണ്ട്. ഇതുവരെ ഒരു മീറ്ററില്‍ കൂടുതല്‍ തുറക്കേണ്ട സാഹചര്യമുണ്ടായിട്ടില്ല. കല്‍പ്പാത്തി, മുക്കൈ, ഭാരതപ്പുഴ, എന്നിവ കരകവിഞ്ഞ് ഒഴുകുകയാണ്. ഈ സാഹചര്യത്തില്‍ വെള്ളമൊഴുക്ക് കൂടുതലുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും പുഴകളില്‍ ഇറങ്ങരുതെന്നും മീന്‍ പിടിക്കാന്‍ പോവരുതെന്നും കളക്ടര്‍ അറിയിച്ചു. 
 
ഹെല്‍പ്പ്ലൈന്‍ നമ്പറുകള്‍
 
കലക്ടറേറ്റ്-0491 2505309, 0491 2505566, ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍-0491 2505209, ജില്ലാ കലക്ടര്‍- 0491-2505266, 9387288266, പൊലീസ്- 0491 2534011, 2533276, 9497996977, ഡിഎംഒ(ആരോഗ്യം)- 0491 2505264, 2505189, 9946105487.
 
താലൂക്കുകളായ പാലക്കാട് 0491 2505770, ആലത്തൂര്‍ 04922222324, ചിറ്റൂര്‍- 04923 224740, ഒറ്റപ്പാലം 0466 2244322, പട്ടാമ്പി 0466 2214300, മണ്ണാര്‍ക്കാട് 04924 222397.