Wednesday 21st of November 2018

തോലന്നൂര്‍ ഗവ. കോളെജ് ഉദ്ഘാടനം : സ്വാഗത സംഘം രൂപവത്കരിച്ചു

Category: Palakkad Published: Friday, 06 July 2018
പാലക്കാട്  : തോലന്നൂര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളെജ് ഉദ്ഘാടനത്തിന്റെ സ്വാഗത സംഘം രൂപവത്കരണ യോഗം പട്ടികജാതി-വര്‍ഗ-പിന്നാക്കക്ഷേമ-നിയമ-സാംസ്‌കാരിക-പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്തു. ഓഗസ്റ്റ് രണ്ടാം വാരത്തോടെ കോളെജിന്റെ പ്രവര്‍ത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് മന്ത്രി അറിയിച്ചു. കോളെജ് യാഥാര്‍ഥ്യമാവുന്നതോടെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ബുദ്ധിമുട്ട് നേരിടുന്ന  വിദ്യാര്‍ഥികള്‍ക്ക്  ഉപരിപഠനത്തിനുള്ള സാധ്യതയൊരുങ്ങുന്നതായി മന്ത്രി പറഞ്ഞു. കോളെജിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് 501 അംഗം സംഘാടക സമിതി രൂപവത്കരിച്ചു. കോളെജില്‍ ആദ്യ വര്‍ഷത്തില്‍ ബി.കോം, ബി.എ ഇംഗ്ലീഷ്, ബി.എസ്.സി ജിയോഗ്രഫി  കോഴ്സുകളില്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിന് പ്രിന്‍സിപ്പല്‍,  മൂന്ന് അസിസ്റ്റന്റ് പ്രൊഫസര്‍, ജൂനിയര്‍ സൂപ്രണ്ട്, ക്ലാര്‍ക്ക്, നൈറ്റ് വാച്ച്മാന്‍,  കാഷ്വല്‍ സ്വീപ്പര്‍, കാഷ്വല്‍ സാനിറ്ററി വര്‍ക്കര്‍ എന്നീ 10 തസ്തികള്‍ സര്‍ക്കാര്‍ അനുവദിച്ചതായി മന്ത്രി അറിയിച്ചു. 
 
സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റിലാണ് തരൂര്‍ മണ്ഡലത്തില്‍ സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളെജ് പ്രഖ്യാപിച്ചത്. മന്ത്രി  എ.കെ ബാലന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച ഒന്നര കോടി വിനിയോഗിച്ച് തോലന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിനോട് ചേര്‍ന്ന 10 ഏക്കര്‍ സ്ഥലത്താണ് കെട്ടിടം നിര്‍മിച്ചത്. ബി.കോം ന്  40 ഉം ഇംഗ്ലീഷ്-ജിയോഗ്രഫി കോഴ്‌സുകള്‍ക്ക്  30 സീറ്റുമാണുള്ളത്. കോളെജിന്റെ നടത്തിപ്പിനായി വിക്ടോറിയ കോളെജ് ഹിന്ദി വകുപ്പ് മേധാവിയായ ഡോ.പി. ബാലാസുബ്രഹ്മ്യത്തെ സ്‌പെഷല്‍ ഓഫീസറായി നിയമിച്ചു. കോളെജില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കുന്നതിന് കിഫ്ബിയില്‍ നിന്നു 10 കോടി  ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു.സ്വാഗത സംഘം രൂപവത്കരണ യോഗത്തില്‍ തരൂര്‍ മണ്ഡലത്തിലെ ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, പഞ്ചായത്ത് ജനപ്രതിനിധികള്‍, ഹൈസ്്കൂള്‍ പ്രധാനധ്യാപകര്‍, ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍, പിടിഎ അംഗങ്ങള്‍, അധ്യാപക സംഘടന പ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.