Thursday 16th of August 2018

മലമ്പുഴ മണ്ഡലത്തിലെ മൂന്ന് പദ്ധതികള്‍ക്ക് ഭരണാനുമതി

Category: Palakkad Published: Friday, 11 May 2018
പാലക്കാട്:  മലമ്പുഴ നിയോജക മണ്ഡലത്തിലെ മൂന്ന് പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ചതായി ജില്ലാ കളക്ടര്‍ ഡോ.പി.സുരേഷ്ബാബു അറിയിച്ചു. അകത്തേത്തറ പഞ്ചായത്തിലെ ഏഴാം വാര്‍ഡ് കോരത്തൊടി അങ്കണവാടി കെട്ടിട നിര്‍മാണം, പുതുശ്ശേരി ഗ്രാമപഞ്ചായത്തിലെ കഞ്ചിക്കോട് റൂറല്‍ ഡിസ്‌പെന്‍സറി അടിസ്ഥാന വികസനം, എലപ്പുള്ളി ഗവ.എ.പി ഹയര്‍സെക്കന്ററി സ്‌കൂളിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റല്‍ എന്നിവയ്ക്കാണ് ഭരണാനുമതി ലഭിച്ചത്. ഭരണപരിഷ്‌ക്കരണ കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദന്‍ എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് പദ്ധതിക്കുള്ള തുക അനുവദിച്ചു. 135 കോടിയുടെ പദ്ധതികള്‍ക്കാണ് ഭരണാനുമതി ലഭിച്ചത്. 
10 ലക്ഷം രൂപയാണ് കോരത്തൊടി അങ്കണവാടി കെട്ടിടത്തിനായി അനുവദിച്ചത്. മലമ്പുഴ ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസര്‍ക്കാണ് കെട്ടിടത്തിന്റെ നിര്‍മാണ ചുമതല. പുതുശ്ശേരി ഗ്രാമപഞ്ചായത്തിലെ കഞ്ചിക്കോട് റൂറല്‍ ഡിസ്‌പെന്‍സറി അടിസ്ഥാന വികസനത്തിനായി 25 ലക്ഷം അനുവദിച്ചു. ജില്ലാ പഞ്ചായത്ത് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ക്കാണ് പദ്ധതിയുടെ ചുമതല. ഭരണാനുമതി ലഭിച്ച് ആറ് മാസത്തിനകം പദ്ധതി പൂര്‍ത്തിയാക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. വിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിന്റെ ഭാഗമായി എലപ്പുള്ളി ഗവ.എ.പി ഹയര്‍സെക്കന്‍ഡറി സ്‌കൂളിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്ന പ്രവൃത്തിക്ക് ഒരു കോടി അനുവദിച്ചു. കിറ്റ്‌കോ ലിമിറ്റഡ് ജോയിന്റ് ജനറല്‍ മാനേജരാണ് പദ്ധതിയുടെ നിര്‍വഹണോദ്യോഗസ്ഥന്‍.