Tuesday 27th of June 2017

ഗദ്ദികയില്‍ പ്രാക്തന ഗോത്രങ്ങളുടെ തനത് കലകളും ഉത്പന്നങ്ങളും

Category: Palakkad Published: Tuesday, 20 December 2016
 
പാലക്കാട്: ഗോത്രവര്‍ഗ പൈതൃകത്തിന്റേയും തനത്കലകളുടേയും സംരക്ഷണവും പരിപോഷണവുമാണ് മേളയിലൂടെ ലക്ഷ്യമിടുന്നത്. പരമ്പരാഗത തൊഴില്‍ ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പനയും മേളയോടനുബന്ധിച്ച് നടക്കും.തനത് ഗോത്ര കലാരൂപങ്ങള്‍, ആദിവാസി ഗോത്ര സമൂഹങ്ങളുടെ പാരമ്പര്യ രുചിക്കുട്ടുകളും, മുളയരി, റാഗി, കാട്ടുതേന്‍ തുടങ്ങിയ വനവിഭവങ്ങളും പൈതൃകമായ വൈദ്യചികിത്സാ രീതികളും മേളയില്‍ കാണാന്‍ കഴിയും. പട്ടികജാതി വിഭാഗക്കാരുടെ 60ഉം പട്ടികവര്‍ഗക്കാരുടെ 20ഉം സ്റ്റാളുകളിലുമായി 80 സ്റ്റാളുകളിലാണ് ഉത്പന്ന പ്രദര്‍ശനവിപണനം നടക്കുന്നത്. ആദിവാസി ഊരിന്റെ മാതൃകയിലുള്ള ആറ് സ്റ്റാളുകളാണ് കിര്‍ത്താഡ്‌സ് നിര്‍മിച്ചിരിക്കുന്നത്. പ്രദര്‍ശനത്തിനും വില്‍പനക്കുമായി കേരളത്തിന്റെ വിവിധയിടങ്ങളില്‍ നിന്നായി 200ല്‍ അധികം പേരാണ് എത്തിയിരിക്കുന്നത്. ഇവര്‍ക്കുള്ള യാത്രഭക്ഷണതാമസസൗകര്യങ്ങള്‍ പട്ടികജാതിവര്‍ഗ വികസന വകുപ്പ് ഒരുക്കിയിട്ടുണ്ട്. രാവിലെ 10 മുതല്‍ വൈകീട്ട് എട്ടുവരെ നടക്കുന്ന പ്രദര്‍ശനത്തില്‍ ആദിവാസി ഒറ്റമൂലികള്‍, കരകൗശല വസ്തുക്കള്‍, അട്ടപ്പാടിയിലെ ഫാമിങ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ സുഗന്ധദ്രവ്യങ്ങള്‍, ചെരിപ്പുകള്‍,ബാഗുകള്‍,വസ്ത്രങ്ങള്‍, പ്രകൃതി വിഭവങ്ങള്‍, കുടുംബശ്രീ നിര്‍മിക്കുന്ന ഭക്ഷണങ്ങള്‍ എന്നിവ പരിചയപ്പെടുത്തും.ഹരിതകേരളം മിഷന്റെ ഭാഗമായി സ്റ്റാളുകള്‍ പൂര്‍ണമായും പരിസ്ഥിതി സൗഹൃദമായാണ് നിര്‍മിച്ചിരിക്കുന്നത്. ശുചിത്വത്തിന് പ്രാധാന്യം നല്‍കിയാണ് പ്രദര്‍ശനവിപണനമേള സംഘടിപ്പിച്ചിരിക്കുന്നത്.