Wednesday 13th of November 2019

എല്ലാ കുടുംബങ്ങളിലേക്കും കുടിവെള്ളം പൈപ്പ് ലൈനിലൂടെ എത്തിക്കും

Category: Malappuram Published: Tuesday, 15 October 2019
 
 
 
മലപ്പുറം:  കേരളത്തിലെ എല്ലാ കുടുംബങ്ങളിലേക്കും കുടിവെള്ളം പൈപ്പ് ലൈന്‍ വഴി എത്തിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. ആനപ്പാറ പൊറ്റമ്മല്‍ കടവില്‍ തടയണയുടെ നിര്‍മ്മാണോദ്ഘാടനം തിരുത്ത് പറമ്പ് മേതൃക്കോവില്‍ കീഴ്തൃക്കോവില്‍ ക്ഷേത്ര പരിസരത്ത് നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
 
ആറു ലക്ഷം കുടുംബങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുക എന്നതായിരുന്നു സര്‍ക്കാര്‍ ലക്ഷ്യം. എന്നാല്‍ കാര്യക്ഷമമായ പ്രവര്‍ത്തനം കൊണ്ട് ഈ വര്‍ഷം പത്ത് ലക്ഷം കുടുംബങ്ങള്‍ക്ക് പൈപ്പ് ലൈന്‍ വഴി കുടിവെള്ളം എത്തിക്കാന്‍ കഴിയുമെന്നാണ് കണക്കിലാക്കുന്നത്. ജില്ലയിലെ ശാസ്ത്രീയ കൃഷി രീതി വീപുലീകരിക്കണമെന്നും അമൂല്യസ്വത്തായ ജലം ജീവനും, കൃഷിക്കും ഉപയുക്തമാക്കുന്ന തരത്തില്‍ വിതരണം ചെയ്യണമെന്നും മന്ത്രി പറഞ്ഞു. ശുദ്ധജല ക്ഷാമത്തിന് ശാശ്വത പരിഹാരത്തിനായി കക്ഷി രാഷ്ട്രീയ ഭേദമന്യേ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ശ്രമിച്ചാല്‍ കേരളത്തില്‍ വലിയ മാറ്റം ഉണ്ടാക്കാന്‍ സാധിക്കും. കൂടാതെ ജലലഭ്യതയുടെ സാധ്യതകള്‍ മനസിലാക്കി പ്രവര്‍ത്തിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
 
കൂട്ടിലങ്ങാടി ഗ്രാമ പഞ്ചായത്തിലെ കടലുണ്ടിപ്പുഴയ്ക്ക് കുറുകെയുള്ള ആനപ്പാറപൊറ്റമ്മല്‍ കടവിലാണ് തടയണ  നിര്‍മിക്കുന്നത്. ആറുകോടി രൂപ ചെലവിലാണ് തടയണയുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുക. ആനക്കയം, കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് പ്രയോജനകരമാകുന്നതാണ് പദ്ധതി. കടലുണ്ടി പുഴയില്‍ എഴുപത് മീറ്റര്‍ നീളത്തിലും രണ്ടര മീറ്റര്‍ ഉയരത്തിലുമുള്ള കോണ്‍ക്രീറ്റ് തടയണ നിര്‍മിച്ച് ജലം സംഭരിക്കുന്നതിനാണ് പ്രവൃത്തി  വിഭവനം ചെയ്തിരിക്കുന്നത്.
 
തടയണയുടെ ഇരു കരകളിലും മുകള്‍ ഭാഗത്തേക്ക് 50 മീറ്റര്‍ നീളത്തിലും താഴ്ഭാഗത്ത് 40മീറ്റര്‍ നീളത്തിലും ആറു മീറ്റര്‍ ഉയരത്തിലും കോ ണ്‍ക്രീറ്റ് പാര്‍ശ്വഭിത്തി നിര്‍മിക്കും. തടയണയുടെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി 1.2 ണ്മ 2.5 മീറ്റര്‍ അളവിലുള്ള അഞ്ചു വെന്റുകള്‍ നല്‍കിയിട്ടുണ്ട്. തടയണയുടെ ഷട്ടര്‍ അടക്കുമ്പോള്‍ കടലുണ്ടിപുഴയുടെ ഇരു കരകളിലെയും, കൂട്ടിലങ്ങാടി, ആനക്കയം ഗ്രാമപഞ്ചായത്തുകളിലെ ഏകദേശം മൂന്ന് കി.മീ നീളത്തില്‍ ഭൂഗര്‍ഭ ജലവിധാനം ഉയര്‍ത്തുന്നതിനും അതുവഴി 700ഓളം ഹെക്ടര്‍ കൃഷി സ്ഥലത്തിന് ഇതിന്റെ പ്രയോജനം ലഭ്യമാകും.
 
ചടങ്ങില്‍ മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സഫീദ എലിക്കോട്ടില്‍, ആനക്കയം പഞ്ചായത്ത് പ്രസിഡന്റ് പി.ടി സുനീറ, കൂട്ടിലങ്ങാടി  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി സുഹറാബി, വൈസ് പ്രസിഡന്റ് ഇ.സി ഹംസ, ജില്ലാ പഞ്ചായത്ത് അംഗം സലീന ടീച്ചര്‍, മങ്കട ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അസ്‌ക്കര്‍ അലി, വിവിധ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ സി.എച്ച് സലീം, ടി.ടി അലി, ജലസേചനം ഭരണം ചീഫ് എഞ്ചിനീയര്‍ കെ.എച്ച് ഷംസുദ്ധീന്‍,വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രധിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.