Saturday 24th of August 2019

കാലവര്‍ഷക്കെടുതി സ്പീക്കറുടെ നേതൃത്വത്തില്‍ അവലോകനം നടത്തി

Category: Malappuram Published: Sunday, 11 August 2019
മലപ്പുറം : കാലവര്‍ഷക്കെടുതി കുറിച്ചുള്ള തുടര്‍ന്നുളള ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ  നേതൃത്വത്തില്‍ അവലോകന യോഗം നടത്തി. ഇന്നലെ മലപ്പുറം കളക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമില്‍ എത്തിയ സ്പീക്കര്‍ക്ക് മുമ്പില്‍ ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍, ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനം തുടങ്ങിയവ ചര്‍ച്ചചെയ്തു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന  പ്രവര്‍ത്തനങ്ങളില്‍  സ്പീക്കര്‍ സംതൃപ്തി രേഖപ്പെടുത്തി. ദുരിതാശ്വാസ ക്യാമ്പുകളിലെ മെഡിക്കല്‍ ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായി വിരമിച്ച ഡോക്ടര്‍മാര്‍, സ്വകാര്യമേഖലയിലെ  ഡോക്ടര്‍മാര്‍ എന്നിവരെ കൂടി ഏകോപിപ്പിക്കാനും തീരുമാനിച്ചു. ദുരന്ത മേഖലകളിലെ രക്ഷാപ്രവര്‍ത്തനം, ദുരിതാശ്വാസ ക്യാമ്പുകളിലെ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് മുന്‍വര്‍ഷങ്ങളിലെ പോലെ പൊതുജനങ്ങളുടെയും സന്നദ്ധ സംഘടനക ളുടെയും സേവനം കൂടുതല്‍ സജീവമായി ഉണ്ടാകണമെന്ന് സ്പീക്കര്‍  അഭ്യര്‍ത്ഥിച്ചു.
 
അസിസ്റ്റന്റ് കളക്ടര്‍ രാജീവ് കുമാര്‍ ചൗധരി, എഡിഎം എന്‍.എം. മെഹറലി, ഡെപ്യൂട്ടി കളക്ടര്‍ മാരായ ഡോ. ജെ. ഒ. അരുണ്‍, പി എ അബ്ദുല്‍ സമദ്, എന്‍എച്ച് ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എ. ഷിബു ലാല്‍  തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് മൂന്നു പേര്‍ മണ്ണിനടിയില്‍ അകപ്പെട്ട മലപ്പുറം കോട്ടക്കുന്നിലെ  ദുരന്ത സ്ഥലം സ്പീക്കര്‍ സന്ദര്‍ശിച്ചു. പിന്നീട് പൊന്നാനിയിലെ പ്രളയബാധിത പ്രദേശങ്ങളും ദുരിതാശ്വാസ  കേന്ദ്രങ്ങളും  സ്പീക്കര്‍ സന്ദര്‍ശിച്ചു.