Saturday 24th of August 2019

നാളേക്കായി നന്മയുള്ള നാടിനായി; പച്ചത്തുരുത്തും നന്മമരവും മന്ത്രി ഉദ്ഘാടനം ചെയ്തു

Category: Malappuram Published: Saturday, 20 July 2019
മലപ്പുറം: എടപ്പാള്‍ ഗ്രാമ പഞ്ചായത്തില്‍ ഹരിത കേരള മിഷന്‍ സംഘടിപ്പിക്കുന്ന പച്ചത്തുരുത്ത് പദ്ധതിയും പഞ്ചായത്ത് നടപ്പിലാക്കുന്ന മഹാത്മ നന്മ മരം പദ്ധതിയും എടപ്പാള്‍ പൊറൂക്കരയില്‍ ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ. ടി. ജലീല്‍ ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെയും നാടിന്റെയും ആവശ്യമാണ് പച്ചത്തുരുത്തുകള്‍ എന്നും പച്ചത്തുരുത്ത് തയ്യാറാക്കുന്നത് മഹത്തരമാണെന്നും അദ്ദേഹം പറഞ്ഞു. ഓരോ വീട്ടിലും  ഒഴിഞ്ഞുകിടക്കുന്ന ഇടങ്ങളില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 
ഹരിത കേരളം മിഷന്റെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്നതാണ് പരിസ്ഥിതി സംരക്ഷണവും പ്രാദേശിക പ്രവര്‍ത്തനങ്ങളും. ഇതിന്റെ ഭാഗമായാണ് ഒഴിഞ്ഞുകിടക്കുന്നയിടങ്ങില്‍ മരങ്ങളും ചെടികളും വെച്ചുപിടിപ്പിച്ച് ജൈവ വൈവിധ്യത്തിന്റെ കലവറ സൃഷ്ടിക്കുന്ന പച്ചത്തുരുത്ത് പദ്ധതി നടപ്പാക്കുന്നത്.
എടപ്പാള്‍ ഗ്രാമ പഞ്ചായത്തിലെ കുട്ടികളടക്കമുള്ള ജനസംഖ്യയോളം മരങ്ങള്‍ പഞ്ചായത്തില്‍ വെച്ച് പിടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരാള്‍ക്ക് ഒരു മരം എന്ന രീതിയിലാണ് നന്മ മരം പദ്ധതി പഞ്ചായത്തില്‍ നടപ്പാക്കുന്നത്. മഹാഗണി, വുഡ് ആപ്പിള്‍, സീതപ്പഴം, നെല്ലി, നീര്‍മരുത്, ലക്ഷ്മി തരു, മന്ദാരം, മാവ് തുടങ്ങിയ അമ്പതിനായിരം മരതൈകളാണ് പദ്ധതിയിലൂടെ വിതരണം ചെയ്തത്. 
എടപ്പാള്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. പി. ബിജോയ് അധ്യക്ഷനായ ചടങ്ങില്‍ എടപ്പാള്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എം. പി. വേണു ഗോപാലന്‍, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. പി. മോഹന്‍ദാസ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ. ദേവിക്കുട്ടി, എടപ്പാള്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. വി. സുബൈദ മെമ്പര്‍മാരായ കെ. കൃഷ്ണദാസ്, ഇ. പി. നവാസ്, പി. വി. നളിനി, സി. രവീന്ദ്രന്‍, വി. കെ. എ. മജീദ്, കെ. പി. സുബ്രഹ്മണ്യന്‍, കെ. ശ്രീജേഷ് എന്നിവര്‍ സംസാരിച്ചു. ഹരിത കേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ കെ. പി. രാജന്‍ പദ്ധതി വിശദീകരിച്ചു.