Saturday 24th of August 2019

ഇന്ന് മുതല്‍ ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട്; കനത്ത മഴക്ക് സാധ്യത

Category: Malappuram Published: Saturday, 20 July 2019
മലപ്പുറം: ജൂലൈ 20, 21, 22, തീയതികളില്‍ ജില്ലയില്‍ ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചു. 23ന് മഞ്ഞ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ (115 എം.എം. വരെ മഴ) അതിശക്തമായതോ (115 എം.എം. മുതല്‍ 204.5 എം.എം.  വരെ മഴ) ആയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ജാഗ്രത പുലര്‍ത്താന്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ക്കും തഹസില്‍മാര്‍ക്കും ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് നിര്‍ദ്ദേശം നല്‍കി. ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകള്‍ നടത്തുന്നതിനും താലൂക്ക് തലത്തില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിക്കുവാനുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട്. 
 
മല്‍സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം
കേരള തീരത്തേക്ക് വടക്കുപടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആയതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. ജൂലൈ 23 വരെ തെക്ക് പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാനിടയുള്ള തെക്ക്പടിഞ്ഞാറന്‍ അറബിക്കടല്‍ ചേര്‍ന്നുള്ള മധ്യ അറബിക്കടല്‍, തെക്ക് പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വേഗതയില്‍ ശക്തമായ കാറ്റ് വീശാനിടയുള്ള മാലിദ്വീപ്, കോമോറിന്‍ തീരങ്ങള്‍, ഗള്‍ഫ് ഓഫ് മാന്നാര്‍ ജൂലൈ 20ന് വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാനിടയുള്ള കേരള, ലക്ഷദ്വീപ് തീരങ്ങള്‍ എന്നിവിടങ്ങളിലാണ് മത്സ്യബന്ധനം നിരോധിച്ചിരിക്കുന്നത്. 
 
കേരള തീരത്ത് ഉയര്‍ന്ന തിരമാലക്ക് സാധ്യത 
ജൂലെ 20 രാത്രി 11:30 വരെ പൊഴിയൂര്‍ മുതല്‍ കാസര്‍ഗോഡ്  വരെയുള്ള കേരള തീരത്ത് 2.9 മുതല്‍ 3.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം അറിയിച്ചു.