Thursday 23rd of May 2019

വോട്ടിംഗ് യന്ത്രങ്ങളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

Category: Malappuram Published: Tuesday, 16 April 2019
 
 
മലപ്പുറം:  ലോക്സഭാ തെരഞ്ഞെടുപ്പിന് ജില്ലയിലെ ഓരോ പോളിംഗ് സ്റ്റേഷനുകളിലും ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളും വിവിപാറ്റ് യന്ത്രങ്ങളും നിശ്ചയിക്കുന്നതിനുള്ള രണ്ടാം ഘട്ട റാന്‍ഡമൈസഷന്‍ പൂര്‍ത്തിയായി. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും പൊതുനിരീക്ഷകരുമായ പത്മ ജൈസ്വാള്‍, ചന്ദ്രകാന്ത് ഉയിക എന്നിവരുടെയും സാന്നിദ്ധ്യത്തില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ അമിത് മീണയാണ് റാന്‍ഡമൈസേഷന്‍ നടത്തിയത്. 
 
നിയമസഭാ മണ്ഡലടിസ്ഥാനത്തിലാണ് റാന്‍ഡമൈസേഷന്‍ നടത്തിയത്. 2750 ബൂത്തുകളാണ് ജില്ലയിലുള്ളത്. 5230 വോട്ടിങ് മെഷിനുകള്‍ ജില്ലയിലേക്ക് അനുവദിച്ചിട്ടുണ്ട്. 3905 കണ്‍ട്രോള്‍ യൂണിറ്റും 3781 വി.വി പാറ്റുകളുമാണ് ജില്ലയ്ക്ക് അനുവദിച്ചിട്ടുള്ളത്. ഇവയില്‍ നിന്നാണ് പോളിംഗ് സ്റ്റേഷനുകള്‍ക്ക്  റാന്‍ഡമൈസ് ചെയ്ത് നല്‍കിയത്. 
 
വോട്ടുയന്ത്രങ്ങളുടെ നമ്പറുകള്‍ ഇ.വി.എം മാനേജ്മന്റെ് സിസ്റ്റം എന്ന സോഫ്റ്റ് വെയറിന്റെ സഹായത്തോടെ കൂട്ടിക്കലര്‍ത്തി ഓരോ പോളിങ് ബൂത്തിലേക്കും നല്‍കേണ്ട വോട്ടുയന്ത്രവും വിവിപാറ്റ് സംവിധാനവും നിശ്ചയിക്കുകയാണ് റാന്‍ഡമൈസേഷനിലൂടെ ചെയ്യുന്നത്. പൊന്നാനി, മലപ്പുറം ലോക്സഭാ മണ്ഡലങ്ങളിലെ പോളിംഗ് സ്റ്റേഷനുകളിലേക്കുള്ള റാന്‍ഡമൈസേഷനാണ് നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ നടന്നത്. വയനാട് ലോക്സഭാ മണ്ഡലത്തില്‍ പെട്ട നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട് നിയമസഭാ മണ്ഡലങ്ങളില്‍ ഉപയാഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളുടെ റാന്‍ഡമൈസേഷന്‍ വയനാട്ടില്‍ വെച്ചാണ് നടക്കുക. 
 
ജില്ലയ്ക്ക് അനുവദിച്ച വോട്ടിംഗ് യന്ത്രങ്ങള്‍ പരിശോധനയ്ക്ക് ശേഷം ഓരോ നിയമസഭാ മണ്ഡലങ്ങള്‍ക്കായി അനുവദിക്കുന്ന ആദ്യഘട്ട റാന്‍ഡമൈസേഷന്‍ മാര്‍ച്ച് 25ന് നടന്നിരുന്നു. അസി. കലക്ടര്‍ വികല്‍പ് ഭരദ്വാജ്, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ വികെ അനില്‍കുമാര്‍, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍, നോഡല്‍ ഓഫീസര്‍മാര്‍, ഇലക്ടറല്‍ രജിസട്രേഷന്‍ ഓഫീസര്‍മാര്‍ പങ്കെടുത്തു.