Monday 22nd of April 2019

ജില്ലയില്‍ ലഹരിപരിശോധന ഊര്‍ജ്ജിതം

Category: Malappuram Published: Saturday, 13 April 2019
 
 
മലപ്പുറം: ലോകസഭ തെരഞ്ഞെടുപ്പോടനുബന്ധിച്ച് ജില്ലയിലെത്തുന്ന ലഹരിപദാര്‍ത്ഥങ്ങളുടെ വില്‍പ്പന തടയുന്നതിനായി എക്സൈസ് വകുപ്പ് ആരംഭിച്ച ജില്ലാ കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം ശക്തമാകുന്നു. മയക്കുമരുന്ന്, വിദേശമദ്യം, ചാരായം, വാറ്റ് എന്നിവയുമായി ബന്ധപ്പെട്ട് 106 പരാതികളാണ് കണ്‍ട്രോള്‍ റൂമില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 
 
ഇതില്‍ 96 പരാതികള്‍ക്ക് പരിഹാരം കണ്ടെത്തുകയും നിയമ നടപടിയെടുക്കുകയും ചെയ്തു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 25 കിലോ കഞ്ചാവ്, 163 ലിറ്റര്‍ വിദേശ മദ്യം, 30 ലിറ്റര്‍ വാറ്റ്, 10 ലിറ്റര്‍ ചാരായം, കൂടാതെ പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തു. 
 
തിരൂരങ്ങാടി ഭാഗത്ത് നിന്നാണ് ഏറ്റവും കൂടുതല്‍ കഞ്ചാവ് പിടിച്ചെടുത്തത്. ഇതിന് പുറമെ പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് കോട്പാ നിയമപ്രകാരം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് 498 പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യുകയും 99600 രൂപ പിഴ ഈടാക്കുകയും ചെയ്തു. ജില്ലയില്‍ ആറ് സര്‍ക്കിളുകളിലും ഒന്‍പത് റേഞ്ചുകളിലുമായി അഞ്ച് അംഗങ്ങള്‍ അടങ്ങുന്ന എക്സൈസ് സ്‌ക്വാഡ് ജില്ലാ എക്സൈസ് കമ്മീഷണര്‍ കെ.സലീമിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം പ്രവര്‍ത്തിക്കുന്നു. 
 
പൊതുജനങ്ങള്‍ക്ക് പരാതികളുമായി കണ്‍ട്രോള്‍ റൂമിന്റെ 0483-2734886 എന്ന നമ്പറുമായി ബന്ധപ്പെടാം. സ്പിരിറ്റ്, വിദേശമദ്യം എന്നിവയുടെ കള്ളക്കടത്ത്, വ്യാജമദ്യ നിര്‍മ്മാണം, സ്പിരിറ്റിന്റെ അനധികൃത വില്പന, മയക്കുമരുന്ന് തുടങ്ങിയ ലഹരി പദാര്‍ത്ഥങ്ങളുടെ വില്പന എന്നിവ തടയുന്നതിനായിട്ടാണ് എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചത്.