Sunday 24th of February 2019

ദേശീയ അംഗീകാര തിളക്കത്തില്‍ പെരിന്തല്‍മണ്ണ നഗരസഭ

Category: Malappuram Published: Monday, 11 February 2019
 
മലപ്പുറം: നഗരസഭയുടെ ശുചിത്വ പദ്ധതിയായ ജീവനം പദ്ധതിക്ക് 2018-19 വര്‍ഷത്തെ സ്വച്ഛദാ എക്സലന്‍സ് അവാര്‍ഡ് പെരിന്തല്‍മണ്ണ നഗരസഭയുടെ ശുചിത്വ മാലിന്യ സംസ്‌കരണ പദ്ധതിയായ ജീവനത്തിന് ദേശീയ അംഗീകാരത്തിന്റെ തിളക്കം. കേന്ദ്ര ഗവണ്‍മെന്റിന്റെ  2018-19 വര്‍ഷത്തെ സ്വച്ഛദാ എക്സലന്‍സ് അവാര്‍ഡിനാണ് നഗരസഭയുടെ ജീവനം പദ്ധതി  അര്‍ഹത നേടിയത്. 
 
കേന്ദ്ര ഭവന- നഗരകാര്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള ദേശീയ നഗര ഉപജീവന മിഷന്‍ , ഇന്ത്യയിലെ നഗര പ്രദേശങ്ങളിലെ ശുചിത്വ പരിപാലനത്തില്‍ നഗരസഭയും സ്വയം തൊഴില്‍ ഏജന്‍സിയായ കുടുംബശ്രീയും നടത്തുന്ന സംയോജിത പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് ഈ അവാര്‍ഡ് നല്‍കുന്നത്. വാര്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച് മികച്ച പ്രവര്‍ത്തനം നടത്തുന്ന പതിനൊന്നാം വാര്‍ഡായ കണക്കഞ്ചേരിയിലെ പഞ്ചമ  ജീവനം കുടുംബശ്രീ യൂണിറ്റിനാണ് അവാര്‍ഡ് ലഭിച്ചത്. നഗരസഭ ചെയര്‍മാര്‍ എം.മുഹമ്മദ് സലീമിന്റെ വാര്‍ഡാണിത്.  ജീവനം പദ്ധതി ആദ്യമായി തുടങ്ങി ഒരു വര്‍ഷം കൊണ്ട് തന്നെ ഈ വാര്‍ഡ് സീറോ വേസ്റ്റായും പ്രഖ്യാപിക്കപ്പെട്ടിരുന്നു.
 
2018 ഒക്ടോബര്‍ മാസത്തില്‍ കേന്ദ്ര ഗവണ്‍മെന്റില്‍ നിന്നും അയച്ചു കിട്ടിയ ഡോക്യുമെന്റേഷന്‍ ലിസ്റ്റ് പ്രകാരമുള്ള വിവരങ്ങള്‍ പൂര്‍ണ്ണമായും നഗരസഭ പൂരിപ്പിച്ച് സമര്‍പ്പിച്ചു. വെളിയിട വിസര്‍ജനമുക്ത പ്രവര്‍ത്തനം, വീടുകളും പൊതു സ്ഥലങ്ങളും കേന്ദ്രീകരിച്ചുള്ള ശാസ്ത്രീയവും സമയ ബന്ധിതവുമായ ഖരമാലിന്യ നിര്‍മാര്‍ജ്ജന പ്രവര്‍ത്തനം, മാലിന്യം റീസൈക്കിള്‍ ചെയ്യ്ത് വളം, ഗ്രാനൂള്‍സ്, ഷ്ട്രെഡഡ് പ്ലാസ്റ്റിക് എന്നിവയായി പരിവര്‍ത്തനം ചെയ്യല്‍, ഇവയുടെ വില്‍പനയും മാലിന്യശേഖരണ ഫീസും വഴി വരുമാനം ഉറപ്പാക്കി തൊഴിലും, ഉപജീവനവും സൃഷ്ടിക്കല്‍, വരുന്ന വരുമാനത്തിന്റെ കാര്യക്ഷമമായ വിനിയോഗം, മാലിന്യം സ്ഥിരമായി തള്ളുന്ന മേഖലകള്‍ ശുചിത്വ ഇടങ്ങളാക്കി പരിവര്‍ത്തനപ്പെടുത്തി അവിടെ തുടര്‍ച്ചയായ പരിപാലനം ഉറപ്പാക്കല്‍, പദ്ധതിയുടെ നൂതന ആശയം, പദ്ധതിക്കായി ഉപയോഗിക്കുന്ന ആധുനിക സാങ്കേതിക വിദ്യ, അത്യാധുനിക ഓഫീസ് സംവിധാനം തുടങ്ങി 100 ഓളം ഘടകങ്ങള്‍ പരിശോധിച്ചായിരുന്നു അവാര്‍ഡ് നിര്‍ണയം.
 
കേന്ദ്ര ഗവണ്‍മെന്റിനു സമര്‍പ്പിച്ച ഈ ഡോക്യൂമെന്റുകളുടെ അടിസ്ഥാനത്തില്‍ ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അഞ്ചോളം ഫീല്‍ഡ് ഇന്‍സ്പെക്ടര്‍മാര്‍ 2018 ഡിസംബറില്‍  നഗരസഭയും സംസ്‌കരണ പ്ലാന്റും, പതിനൊന്നാം വാര്‍ഡിലെ വീടുകളും പൊതു ഇടങ്ങളും നേരിട്ട് സന്ദര്‍ശിക്കുകയും സമര്‍പ്പിച്ച രേഖകളുടെ സാധുത പരിശോധിക്കുകയും ചെയ്തിരുന്നു. സംഘം എത്തുന്നതു മുതല്‍ പരിശോധന കഴിയുന്നതുവരെയുള്ള കാര്യങ്ങള്‍ പ്രത്യേക സോഫ്റ്റ് വെയര്‍ വഴി ഡല്‍ഹി സെന്ററിലേക്ക് തത്സമയം കൈമാറുകയും, സ്വച്ഛ് സര്‍വേക്ഷന്റെ സര്‍വ്വറില്‍ അപ് ലോഡാവുകയും ചെയ്തു. സുതാര്യമായ ഈ വിവര കൈമാറ്റത്തില്‍ ഡല്‍ഹി കേന്ദ്രത്തിലെ കംമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ വഴിയാണ്  മൂല്യനിര്‍ണ്ണയം നടത്തിയത്.
 
2 ലക്ഷം രൂപയും ഷീല്‍ഡുമടങ്ങുന്ന അവാര്‍ഡ്, ഫെബ്രുവരി 15ന് ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് കേന്ദ്ര നഗരകാര്യ വകുപ്പ് മന്ത്രിയില്‍ നിന്നും നഗരസഭ ചെയര്‍മാന്‍ എം.മുഹമ്മദ് സലീമിന്റെ നേതൃത്വത്തിലുള്ള നഗരസഭ സംഘം ഏറ്റുവാങ്ങും.