Saturday 15th of December 2018

ഗൃഹനാഥനായി കലക്ടര്‍: അശ്വമേധം പരിപാടിക്ക് ജില്ലയില്‍ തുടക്കമായി

Category: Malappuram Published: Thursday, 06 December 2018
മലപ്പുറം: ഒദ്യോഗിക വസതിയില്‍ ജില്ല കലക്ടര്‍ അമിത് മീണ ഗൃഹനാഥനായി കാത്തിരുന്നു. രാവിലെ പത്തിന് മലപ്പുറം താലൂക്ക് ആസ്ഥാന ആ ശുപത്രിയില്‍ നിന്നുള്ള 'അശ്വമേധം' സന്നദ്ധ പ്രവര്‍ത്തകരായ മിര്‍ഷാദ് കിളിയ മണ്ണില്‍, എം. ശോഭന എന്നിവര്‍ കലക്ടറുടെ വീട്ടിലെത്തി. ഇതിനിടെ ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന, ഡെപ്യൂട്ടി ഡി.എം.ഒ.യും ഡി.എല്‍.ഒ.യുമായ ഡോ. കെ. മുഹമ്മദ് ഇസ്മായില്‍, ഡി.പി.എം. ഡോ. എ. ഷിബുലാല്‍ അടക്കം ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ കലക്ടറുടെ വസതിയില്‍ എത്തിച്ചേര്‍ന്നു. കുഷ്ഠരോഗ നിര്‍ണ്ണയ പ്രചാരണ പരിപാടിയായ അശ്വമേധത്തിന്റെ ജില്ലാതല ഉദ്ഘാടനമാണ് ആദ്യ ഗൃഹനാഥനായി കലക്ടറെ തെരഞ്ഞെടുത്ത് സംഘടിപ്പിച്ചത്.
     കലക്ടറുടെ വീട് നില്‍ക്കുന്ന 14-ാം വാര്‍ഡ് കൗണ്‍സിലര്‍ കൂടിയായ മിര്‍ഷാദ് കലക്ടറോട് കുഷ്ഠരോഗ ലക്ഷണങ്ങള്‍ വിശദീകരിക്കുകയും തുടര്‍ന്ന് പരിശോധിക്കാന്‍ അനുവാദം നല്‍കുകയും ചെയ്തു. ആശ പ്രവര്‍ത്തകര്‍ കലക്ടറുടെ പത്‌നിയെയും പരിശോധിച്ചു. സംശയാസ്പദ ലക്ഷണങ്ങളൊന്നും ശ്രദ്ധയില്‍ പെടാതെ വീട്ടിലെ മുഴുവനാളുകളെയും പരിശോധിച്ചതായി രേഖപ്പെടുത്തി വീട്ടില്‍ നിര്‍ദിഷ്ട അടയാളമിട്ടു. അടുത്ത വീട്ടില്‍ താമസിക്കുന്ന ജീവനക്കാരെയും പരിശോധിച്ചു. ഗൃഹസന്ദര്‍ശനം കാര്യക്ഷമമാക്കാന്‍ കലക്ടര്‍ സന്നദ്ധ പ്രവര്‍ത്തകരെ ഉപദേശിക്കുകയും ചെയ്തു.
   ജില്ല ആരോഗ്യ വകുപ്പ്  നേതൃത്വത്തില്‍ നഗരത്തില്‍ ബാനറേന്തിയും ചെണ്ടകൊട്ടിയും വിളംബര ജാഥ നടത്തിയാണ് അശ്വമേധത്തിന്റെ ഉദ്ഘാടന പരിപാടി സംഘടിപ്പിച്ചത്. ഡി.എം.ഒ., ഡി.എല്‍.ഒ., ഡി.പി.എം., കൗണ്‍സിലര്‍ ഹാരിസ് ആമിയന്‍, മാസ് മീഡിയ ഓഫീസര്‍ ടി. എം. ഗോപാലന്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ്മാരായ എം. വേലായുധന്‍, യു. കെ. കൃഷ്ണന്‍, ഭാസ്‌കരന്‍ തൊടുമണ്ണില്‍, എ.എല്‍.ഒ. എം. അബ്ദുല്‍ ഹമീദ്, ഡി.എല്‍.ടി. എ. വാസുദേവന്‍, ബയോളജിസ്റ്റ് കൃഷ്ണകുമാര്‍, പി.എസ്.കെ. ടി. യു. മൂസക്കുട്ടി, എന്‍.എം.എസ്.മാരായ വി. കെ. അബ്ദുല്‍ സത്താര്‍, പി. പി. ഓമനക്കുട്ടന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജില്ല തലത്തില്‍ നടന്ന ചടങ്ങുകള്‍ക്ക് പുറമെ ബ്ലോക്ക്, മുനിസിപ്പല്‍ ഗ്രാമ പഞ്ചായത്ത്, വാര്‍ഡ് തലങ്ങളിലും ഉദ്ഘാടന പരിപാടികള്‍ നടന്നു. തുടര്‍ന്ന് പുരുഷവനിത സന്നദ്ധ പ്രവര്‍ത്തകര്‍ ശരാശരി 20 വീടുകള്‍ സന്ദര്‍ശിച്ച് കുടുംബാംഗങ്ങളെ പരിശോധന നടത്തി.