Saturday 20th of October 2018

ലോക മാനസിക ദിനാചരണത്തില്‍ ശ്രദ്ധ നേടി 'മാര്‍ത്താണ്ഡന്റെ സ്വപ്നങ്ങള്‍'

Category: Malappuram Published: Thursday, 11 October 2018
മലപ്പുറം : ലോക മാനസിക ദിനാചരണത്തിന്റെ ഭാഗമായി മാനസിക രോഗ ബോധവത്കരണം  കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കോട്ടക്കല്‍ സര്‍ക്കാര്‍ ആയുര്‍വേദ മനോരോഗ ഗവേഷണ ആശുപത്രിയുടെ നേതൃത്വത്തില്‍ കലക്ട്രേറ്റ് വളപ്പില്‍ 'മാര്‍ത്താണ്ഡന്റെ സ്വപ്നങ്ങള്‍' എന്ന തെരുവ് നാടകം അവതരിപ്പിച്ചു. ജീവനക്കാരും നാട്ടുകാരും  ആയുര്‍വേദ കോളേജ് വിദ്യാര്‍ത്ഥികളുമടക്കം നിരവധിയാളുകളാണ് നാടകം കാണാനെത്തിയത്. കൂടാതെ കോട്ടക്കല്‍ സര്‍ക്കാര്‍ ആയുര്‍വേദ മനോരോഗ ഗവേഷണ കേന്ദ്രത്തില്‍ ലോക മാനസിക ദിനാചരണം നടത്തി. '' മാറുന്ന ലോകത്തില്‍  യുവജനങ്ങളുടെ മാനസികാരോഗ്യം ''   എന്ന വിഷയത്തില്‍ അഡ്വ.  കെ.പി ഷരീഫ് ബോധവത്കരണ ക്ലാസ്സെടുത്തു.  മാനസിക ദിനാചരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന കര്‍മ്മ പദ്ധതികളാണ് നടപ്പിലാക്കുന്നത്.  പരിപാടിയില്‍ സൂപ്രണ്ട്  ഡോ. പാര്‍വ്വതി ദേവി, ഡോ. ഫ്രാന്‍സിസ്  തുടങ്ങിയവര്‍ സംസാരിച്ചു.
 
മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമിയുടെ സഹകരണത്തോടെ നാഷണല്‍ ഹെല്‍ത്ത് മിഷന്‍, എന്‍ എസ് എസ്, ജെ ആര്‍ സി, എസ് ഐ പി, ഹോസ്സ്‌പൈസ് ഫൌണ്ടേഷന്‍ കൊണ്ടോട്ടി എന്നിവയുടെ ആഭിമുഖ്യത്തില്‍  ലോക മാനസികാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു.  അക്കാദമി ചെയര്‍മാന്‍ ടി കെ ഹംസ ഉത്ഘാടനം ചെയ്തു, ഡോ. സിദ്ധീഖ് അധ്യക്ഷത വഹിച്ചു, വിവിധ വിഷയങ്ങളില്‍ ഡോ. എ.ഷിബുലാല്‍, ഡോ പര്‍വേഷ് എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു,  അക്കാദമി സെക്രട്ടറി റസാഖ് പയ്യമ്പറോട്ട്,  ലത്തീഫ് മച്ചിങ്ങല്‍, വാണി ടീച്ചര്‍, സംഗീത ടീച്ചര്‍, അബ്ദുല്‍ കരീം മാസ്റ്റര്‍, ഹബീബുള്ള, കാപ്പാടന്‍ അഷ്‌റഫ്, ഹംസ,  ഫായിസ്, ഹെന്ന മറിയം, ശ്രീരാഗ് എന്നിവര്‍ സംസാരിച്ചു.  ചലച്ചിത്ര മേള, ഓപ്പണ്‍ ഫോറം, 'അനുയാത്ര  ' ജില്ലാ തല സംഗമം എന്നിവയും സംഘടിപ്പിച്ചു.