Sunday 17th of February 2019

സംസ്ഥാനതല കര്‍ഷക ദിനാഘോഷം എടപ്പാളില്‍: മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും

Category: Malappuram Published: Friday, 10 August 2018
 
മലപ്പുറം: സംസ്ഥാനതല കര്‍ഷക ദിനാഘോഷം ആഗസ്റ്റ് 16ന് എടപ്പാളിലെ സഫാരി ഗ്രൗണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഇതിന്റെ ഭാഗമായി ആഗസ്റ്റ് 12 മുതല്‍ 16 വരെ വിപുലമായ കാര്‍ഷിക പ്രദര്‍ശന-വിപണന മേള സഫാരി ഗ്രൗണ്ടില്‍ മൈതാനത്ത് നടക്കും.
 
ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് 16ന് വൈകീട്ട് നാലിന് നടക്കുന്ന ചടങ്ങില്‍ കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ അധ്യക്ഷനാകും. തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി കെ ടി ജലീല്‍ കര്‍ഷകദിന സന്ദേശം നല്‍കും. ജലവിഭവ വകുപ്പ് മന്ത്രി മാത്യു.ടി.തോമസ്, ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍, തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, മൃഗസംരക്ഷണ- ക്ഷീര വികസന വകുപ്പ് മന്ത്രി അഡ്വ കെ.രാജു എന്നിവര്‍ മികച്ച കര്‍ഷകരെയും ഉദ്യോഗസ്ഥരെയും ആദരിക്കും.  കാര്‍ഷികോത്പാദന കമ്മീഷണര്‍  സുബ്രത ബിശ്വാസ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. കൃഷി വകുപ്പ് സെക്രട്ടറി അനില്‍  എക്‌സ്,  ജില്ലയിലെ എം.പിമാര്‍, എം.എല്‍.എമാര്‍, ജില്ലാ കലക്ടര്‍, കൃഷി ഡയറക്ടര്‍ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ സംസാരിക്കും. 
 
136 ലധികം സ്റ്റാളുകളാണ് മേളയില്‍ ഉണ്ടാകുക. അതോടൊപ്പം കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴിലെ കാര്‍ഷിക അനുബന്ധ സ്ഥാപനങ്ങളുടെ പ്രദര്‍ശനങ്ങള്‍, കാര്‍ഷിക സാങ്കേതിക സര്‍വ്വകലാശാലയുടെ പ്രദര്‍ശനം,  കാര്‍ഷിക സെമിനാറുകള്‍, കര്‍ഷകരെ ആദരിക്കല്‍, കാര്‍ഷിക ക്വിസ് മത്സരം,  സാംസ്‌കാരിക സമ്മേളനങ്ങള്‍, പ്രതിഭാസംഗമം, കലാസംഗമം, രുചി വൈവിധ്യങ്ങളുമായി സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ നിന്നുള്ള കുടുംബശ്രീ ഫുഡ് കോര്‍ട്ടുകള്‍ മേളയില്‍ ഉണ്ടാകും. നൂതന സാങ്കേതിക കാര്‍ഷികോപരണങ്ങളുടെ പ്രദര്‍ശനവും വിപണനവും മേളയിലുണ്ടാകും. 
 
ആഗസ്റ്റ് 12ന് രാവിലെ സഫാരി ഗ്രൗണ്ടില്‍ കൃഷി വകുപ്പ് മന്ത്രി അഡ്വ.വി.എസ് സുനില്‍കുമാര്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരി കര്‍ഷക ദിനാഘോഷ ത്തിന്റെ കൊടിയേറ്റം നിര്‍വഹിക്കും. വൈകീട്ട് നാലിന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ കാര്‍ഷിക പ്രദര്‍ശന മേള ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ പൊന്നാനി എം.പി ഇ.ടി മുഹമ്മദ് ബഷീര്‍ മുഖ്യാതിഥിയാവും. എം.എല്‍.എ എ.പി അനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എന്‍.യു സദാനന്ദന്‍, ആത്മ പ്രൊജക്ട് ഡയറക്ടര്‍ എം.സത്യദേവന്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ കെ.രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിക്കും. വൈകീട്ട് അഞ്ച് മുതല്‍ ഫഹദ് യാസിന്റെ നേതൃത്വത്തില്‍ ഗസല്‍ അവതരിപ്പിക്കും.
 
13ന് രാവിലെ് നടക്കുന്ന കാര്‍ഷിക സെമിനാര്‍ പ്രൊഫ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ആലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഹസ്സന്‍ അധ്യക്ഷനാവും. ശാസ്ത്രീയ പച്ചക്കറി കൃഷിയിലെ നൂതന രീതികള്‍ എന്ന വിഷയത്തില്‍ ഡോ.സി നാരായണന്‍കുട്ടി സെമിനാര്‍ അവതരിപ്പിക്കും. റിട്ട. കൃഷി ജോയിന്റ് ഡയറക്ടര്‍ പി.ജയന്തകുമാര്‍ മോഡേ റേറ്റേറാകും. കാര്‍ഷിക വിജ്ഞാന കേന്ദ്രം മേധാവി ഡോ. ഹബീബ് റഹ്മാന്‍ ചടങ്ങില്‍ സംസാരിക്കും. അതേ ദിവസം മൂന്ന് മുതല്‍ അഞ്ച് മണി വരെ കര്‍ഷകര്‍ക്കുള്ള സംസ്ഥാന തല ക്വിസ് മത്സരവും സുരേഷ് തിരുവാലി നയിക്കുന്ന നാടന്‍ പാട്ടും കൃഷി വകുപ്പ് ജീവനക്കാരുടെ വിവിധ കലാപരിപാടികളും നടക്കും.
 
14ന് നടക്കുന്ന കാര്‍ഷിക സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ഇ.സിന്ധു അധ്യക്ഷയാവും. വിവിധ കാര്‍ഷിക കാലാവസ്ഥാ മേഖലകളും വിള പരിപാലന തന്ത്രങ്ങളും എന്ന വിഷയത്തില്‍ ഡോ.പി. ജയരാജ് സെമിനാര്‍ അവതരിപ്പിക്കും. റിട്ട. അഡീഷണല്‍ കൃഷി ഡയറക്ടര്‍ ജി. സുദര്‍ശനന്‍ മോഡറേറ്ററാകും.  ഉച്ചയ്ക്ക് രണ്ടിന് നെല്‍കൃഷിയിലെ സംയോജിത കീട നിയന്ത്രണം എന്ന വിഷയത്തില്‍ ഡോ.ബെറിന്‍ പത്രോസ് സെമിനാര്‍ അവതരിപ്പിക്കും. റിട്ട. കൃഷി അഡീഷണല്‍ ഡയറക്ടര്‍ ആമിന വെങ്കിട്ട മോഡറേറ്ററാകും. ഉച്ചയ്ക്ക് രണ്ടിന് പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ജില്ലാതല കാര്‍ഷിക ക്വിസ് മത്സരം സംഘടിപ്പിക്കും. വൈകീട്ട് ആറ് മണിക്ക് പ്രസിദ്ധ നാടകം 'പാട്ടബാക്കി ' അവതരിപ്പിക്കും.
 
15ന് 'ജൈവകൃഷിയിലെ നവകിരണങ്ങള്‍' എന്ന വിഷയത്തിലെ സെമിനാര്‍ എം.എല്‍.എ അഡ്വ.കെ.എന്‍.എ ഖാദര്‍ ഉദ്ഘാടനം ചെയ്യും. നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. സത്യന്‍ അധ്യക്ഷനാകും. വി.എസ് റോയ് അവതരിപ്പിക്കുന്ന സെമിനാറില്‍ റിട്ട. കൃഷി ജോയിന്റ് ഡയറക്ടര്‍  എ. ജമീല മോഡറേറ്ററാകും. തുടര്‍ന്ന് നടക്കുന്ന സാംസ്‌കാകാരിക സമ്മേളനത്തില്‍ സി.രാധാകൃഷ്ണന്‍. പി.സുരേന്ദ്രന്‍, ആലങ്കോട് ലീലാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും. ചടങ്ങില്‍ തവനൂര്‍ മണ്ഡലത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും ക്വിസ് മത്സര വിജയികളെയും മന്ത്രി കെ.ടി ജലീല്‍ ആദരിക്കും. വൈകീട്ട് അഞ്ച് മുതല്‍ 'ചക്ക' എന്ന നാടകവും തുടര്‍ന്ന് കോമഡി ഷോയും നടക്കും. 16ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഘോഷയാത്ര സംഘടിപ്പിക്കും. കണ്ണൂര്‍ ശെരീഫ് നയിക്കുന്ന ഗാനമേളയോട് കൂടി ഈ വര്‍ഷത്തെ സംസ്ഥാന കാര്‍ഷിക ദിനാഘോഷം അവസാനിക്കും.