Thursday 21st of March 2019

പ്രളയബാധിതര്‍ക്ക് പരമാവധി സഹായം ലഭ്യമാക്കും ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍

Category: Malappuram Published: Friday, 10 August 2018
 
 
ജില്ലയില്‍ മഴക്കെടുതി മൂലം ദുരിതം അനുഭവിക്കുന്ന മുഴുവന്‍ പേര്‍ക്കും പരമാവധി സഹായം ലഭ്യമാക്കുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. കളക്ടറേറ്റില്‍ നടന്ന അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ദുരിതമനുഭവിക്കുന്നത് നിലമ്പൂര്‍ മേഖലയിലാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തുന്നതിന് സര്‍ക്കാര്‍ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.  
 
18 ദുരിതാശ്വാസ ക്യാംപുകളിലായി 1114 പേരാണ് കഴിയുന്നത്. ഇവര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ക്യാംപുകളോട് ചേര്‍ന്ന് പ്രാഥമിക ചികിത്സ നല്‍കാന്‍ ഡോക്ടര്‍മാരുടെ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ആംബുലന്‍സുകളുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. ക്യാംപുകളില്‍ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഉറപ്പാക്കും. തിളപ്പിച്ചാറിയ വെള്ളം മാത്രമാണ് വിതരണം ചെയ്യുന്നത്. ജല അതോറിറ്റിയെ ഇതിനായി പ്രത്യേകം ചുമതല പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ ചികിത്സ ആവശ്യമുള്ളവര്‍ക്കായി സമീപത്തെ ആശുപത്രികളിലും സൗകര്യം ഒരുക്കിയിട്ടുണ്ട്. 
 
ജില്ലയില്‍ 43 കോടിയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കിയിട്ടുള്ളത്. സൈന്യത്തിന്റെ സേവനം ഇതിനകം തന്നെ ലഭ്യമായിട്ടുണ്ട്. വണ്ടൂര്‍ നടുവത്ത് തകര്‍ന്ന റോഡ് സൈന്യത്തിന്റെ സഹായത്തോടെ പുനര്‍നിര്‍മിക്കും. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുമായി സൈന്യം സ്ഥലം സന്ദര്‍ശിക്കുകയും ആവശ്യമായ നടപടി സ്വീകരിക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെയും മറ്റു വകുപ്പുകളുടെയും നിലവിലുള്ള പ്രവര്‍ത്തനത്തില്‍ മന്ത്രി സംതൃപ്തി രേഖപ്പെടുത്തി. 
 
കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ അമിത് മീണ, ജില്ലാ പൊലീസ് സൂപ്രണ്ട് പ്രതീഷ് കുമാര്‍, എ.ഡി.എം. വി രാമചന്ദ്രന്‍, ആര്‍ഡിഒ കെ അജേഷ്, ഡെപ്യൂട്ടി കലക്ടര്‍ സി അബ്ദുല്‍ റഷീദ്, ഡിഎംഒ ഡോ. കെ സക്കീന, ഡിവൈഎസ്പി മോഹനചന്ദ്രന്‍, ബംഗളൂരു മിലിട്ടറി എഞ്ചിനിയറിങ് ഗ്രൂപ് ക്യാപ്റ്റന്‍ ഗുല്‍ദീപ് സിങ് റാവത്ത്, കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ സമീര്‍ അറോറ, ജില്ലാ തല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.