Thursday 21st of March 2019

സാഹിത്യ വിവര്‍ത്തനങ്ങള്‍ സാസ്‌കാരിക സമന്വയം സാധ്യമാക്കും

Category: Malappuram Published: Thursday, 09 August 2018
മലപ്പുറം: സാഹിത്യ വിവര്‍ത്തനത്തിലൂടെ സംസ്‌കാരങ്ങള്‍ തമ്മില്‍ പരസ്പര വിനിമയത്തിനും ഇതിലൂടെ മാനവികതയുടെ വികാസവും പുരോഗമനവും സാധ്യമാകുമെന്നും എഴുത്തുകാരനും വിവര്‍ത്തകനുമായ എസ്. എ. ഖുദ്‌സി അഭിപ്രായപ്പെട്ടു. സംസ്‌കൃതസര്‍വ്വകലാശാല രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തിരുന്നാവായയില്‍ പ്രവര്‍ത്തിക്കുന്ന സര്‍വ്വകലാശാലയുടെ പ്രാദേശിക കേന്ദ്രത്തിലെ അറബി പഠന വിഭാഗം ഒരുക്കിയ അറബി സാഹിത്യോത്സവം ദേശീയസെമിനാര്‍ എന്നിവ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദഹം. കഴിഞ്ഞ അറുപത് വര്‍ഷങ്ങള്‍ക്കുള്ളില്‍ അറബി സാഹിത്യത്തില്‍ വലിയതോതില്‍ മുന്നേറ്റമുണ്ടായതായും ലോകത്തിലെ വിവിധ ഭാഷകളിലേക്ക് അറബി കൃതികള്‍ വിവര്‍ത്തനം ചെയ്യപ്പെടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
        സംസ്ഥാന സര്‍ക്കാറിന്റെ സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക മാപ്പിള കലാ അക്കാദമിയുടെ സഹകരണത്തോടെയുള്ള ദ്വിദിന പരിപാടിയില്‍ അറബി ഭാഷയുടെ വൈവിധ്യങ്ങള്‍ തേടിയുള്ള ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും പുറമെ മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക മാപ്പിള കലാ അക്കാദമിയുടെ കലാപരിപാടിളും ഒരുക്കിയിട്ടുണ്ട്. സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗം പ്രൊഫ. എസ്. മോഹന്‍ദാസ് അദ്ധ്യക്ഷനായിരുന്നു. സാസ്‌കാരിക കൈമാറ്റവും വിവര്‍ത്തനവും എന്ന വിഷയത്തില്‍ ഡബ്ലു.എം.ഒ. മുന്‍ പ്രിന്‍സിപ്പാള്‍ ഡോ. ജമാലുദ്ദീന്‍ ഫാറൂഖിയും, അറബി മലയാള സാഹിത്യ വിവര്‍ത്തനം എന്ന വിഷയത്തില്‍ പെരിന്തല്‍മണ്ണ പി.ടി.എം. കോളേജ് അദ്ധ്യാപകന്‍ ഡോ. കെ. ജാബിര്‍ എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു. സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. ബാബു ജോസഫ്, പ്രൊഫ. രാമദാസ് എന്നിവരെക്കൂടാതെ ഡോ. എല്‍. സുഷമ, ഡോ. സി. കെ. ജയന്തി, സൂര്യ, കോഴ്സ് കോര്‍ഡിനേറ്റര്‍ പ്രൊഫ. കുഞ്ഞിമൊയ്തീന്‍ കുട്ടി, അബ്ദുല്ല നുഅ്മാന്‍ എന്നിവരും സംസാരിച്ചു.
       രണ്ടാം ദിനമായ ഓഗസ്റ്റ് 9ന് മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി ചെയര്‍മാന്‍ ടി. കെ. ഹംസ രാവിലെ 10 മണിക്ക് പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. ഡോ. എല്‍. സുഷമ അദ്ധ്യക്ഷത വഹിക്കും. മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി സെക്രട്ടറി റസാഖ് പായമ്പ്രോട്ട ആമുഖ പ്രസംഗം നടത്തും. ഇന്ത്യന്‍ മഹാസമുദ്ര തീരങ്ങളുടെ അറബിക് കോസ്മോപോളിസ് എന്ന വിഷയത്തില്‍ നെതര്‍ലാന്റ്സിലെ ലെയ്ഡന്‍ സര്‍വ്വകലാശാലയിലെ ഡോ. മഹ്മൂദ് കൂരിയ, അറബി മലയാള സാഹിത്യത്തിന്റെ ചരിത്ര പശ്ചാത്തലം എന്ന വിഷയത്തില്‍ കാലിക്കറ്റ് സര്‍വ്വകലാശാല ഇംഗ്ലീഷ് വിഭാഗത്തിലെ ഡോ. കെ. എം. ഷരീഫ്, പേര്‍ഷ്യന്‍ സ്വാധീനം മോയിന്‍കുട്ടി വൈദ്യര്‍ കൃതികളില്‍ എന്ന വിഷയത്തില്‍ ഡോ. അനീസ് ആലങ്ങാടന്‍, അല്‍ ഖുതുബത്തുല്‍ ജിഹാദിയ്യ പരിഭാഷയും തുടര്‍ പഠനവും എന്ന വിഷയത്തില്‍ ഗവ. തുഞ്ചന്‍ കോളേജിലെ ഡോ. ജാഫര്‍ സാദിഖ് പി. പി. എന്നിവര്‍ പ്രബന്ധം അവതരിപ്പിക്കും. സംസ്‌കൃത സര്‍വ്വകലാശാല ചരിത്ര വിഭാഗത്തിലെ ഡോ. കെ. രാജന്‍, ഷംസാദ് ഹുസൈന്‍ കെ. ടി., പ്രൊഫ. കുഞ്ഞിമൊയ്തീന്‍ കുട്ടി എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് മാപ്പിളപ്പാട്ടിന്റെ നാള്‍വഴികള്‍ എന്ന പേരില്‍ ഫൈസല്‍ എളേറ്റില്‍, ആര്യ മോഹന്‍ദാസ് എന്നിവര്‍ അവതരിപ്പിക്കുന്ന സംഗീത ശില്‍പ്പവും അരങ്ങേറും.