Tuesday 17th of July 2018

പഴമയുടെ പൈതൃകം തേടിയ ചരിത്ര രേഖകള്‍ നാടിനു സമര്‍പ്പിച്ചു

Category: Malappuram Published: Wednesday, 11 July 2018

 


മലപ്പുറം : പഴമയുടെ പൈതൃകം തേടി സാക്ഷരതാ മിഷനു കീഴില്‍ സംഘടിപ്പിച്ച ചരിത്ര രേഖാ സര്‍വ്വെയുടെ റിപ്പോര്‍ട്ട്  നാടിനു സമര്‍പ്പിച്ചു. സുവര്‍ണ്ണ ജൂബിലി വര്‍ഷത്തിലേക്ക് കടന്ന മലപ്പുറം ജില്ലയുടെ ചരിത്രവും സംസ്‌കാരവും സര്‍വ്വെയിലൂടെ കണ്ടെത്തിയ സര്‍വ്വെ റിപ്പോര്‍ട്ട് ജില്ലാ പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍ പ്രകാശനം ചെയ്തു. ചരിത്ര രേഖകളുടെ പ്രദര്‍ശനവും നടന്നു. വികസന സ്ഥിര സമിതി ചെയര്‍മാന്‍ ഉമ്മര്‍ അറക്കല്‍ അധ്യക്ഷത വഹിച്ചു. ചരിത്ര രേഖ റിപ്പോര്‍ട്ട് പ്രദര്‍ശനോദ്ഘാടനവും അക്ഷരസാഗരം പദ്ധതിയുടെ റിപ്പോര്‍ട്ടിന്റെ പ്രകാശനവും ചരിത്രരേഖ സര്‍വ്വെയില്‍ പങ്കെടുത്തവരെ ആദരിക്കലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്‍ നിര്‍വ്വഹിച്ചു.
 
കൂടുതല്‍ പത്താം തരം തുല്യതാ പഠിതാക്കളെ രജിസ്റ്റര്‍ ചെയ്ത പ്രേരക് ടി.സഫിയ, ഹയര്‍സെക്കന്ററി തുല്യതാ പഠിതാക്കളെ രജിസ്റ്റര്‍ ചെയ്ത പ്രേരക് ടി.ഷീജ എന്നിവര്‍ക്ക് ജില്ലാ പഞ്ചായത്ത് സ്ഥിര സമിതി ചെയര്‍പേഴ്‌സണ്‍ ഹാജറുമ്മ ടീച്ചര്‍ ഉപഹാരം നല്‍കി. അക്ഷര കൈരളിയ്ക്ക്
 കൂടുതല്‍ വരിക്കാരെ ചേര്‍ത്ത പ്രേരകിനുള്ള ഉപഹാരം ജില്ലാ പഞ്ചായത്ത് അംഗം ഹനീഫ പുതുപറമ്പ് നല്‍കി. അക്ഷരസാഗരം പദ്ധതിയില്‍ കൂടുതല്‍ പഠിതാക്കളെ പരീക്ഷയില്‍ പങ്കെടുപ്പിച്ച പ്രേരക്മാര്‍ക്കുള്ള ഉപഹാരം ജില്ലാ പഞ്ചായത്ത്  സെക്രട്ടറി പ്രീതി മേനോന്‍ നല്‍കി. സര്‍വ്വേയില്‍ പങ്കെടുത്ത മുതിര്‍ന്ന പഠിതാക്കളുടെ പ്രതിനിധി വി.സി. ഗോവിന്ദനെ ചടങ്ങില്‍ ആദരിച്ചു. അക്ഷരകൈരളി മാസികക്ക് കൂടുതല്‍ വരിക്കാരെ ചേര്‍ത്ത പ്രേരക് എം.സതീരത്‌നം, അക്ഷരസാഗരം പദ്ധതിക്ക് കൂടുതല്‍ പഠിതാക്കളെ രജിസ്റ്റര്‍ ചെയ്ത പ്രേരക്മാര്‍ എന്നിവര്‍ക്ക്  ഉപഹാരം നല്‍കി. പത്താം തരം തുല്യതയുടെ അടുത്ത ബാച്ചിലേക്കുള്ള രജിസ്‌ട്രേഷന്റെ ഉദ്ഘാടനവും നടന്നു. സാക്ഷരതാമിഷ
ന്‍ ജില്ലാ കോഓഡിനേറ്റര്‍ സജി തോമസ്, അസിസ്റ്റന്റ് കോഓഡിനേറ്റര്‍ ആര്‍. രമേഷ് കുമാര്‍, മുന്‍ കോഓഡിനേറ്റര്‍ വല്‍സല, കോഴ്‌സ് കണ്‍വീനര്‍മാരായ കെ.ടി.ഉണ്ണിമൊയ്തീന്‍ മാസ്റ്റര്‍, കെ.കെ. ഹംസ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
 
സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ പുരാരേഖ വകുപ്പുമായി സഹകരിച്ച് ജില്ലയിലെ തുല്യതാ പഠനക്ലാസുകളിലെ പത്താംതരം, ഹയര്‍
സെക്കന്ററി തുല്യതാ പഠിതാക്കളുടെ സഹായത്തോടെയാണ്് ചരിത്രരേഖ സര്‍വ്വെ സംഘടിപ്പിച്ചത്. ജില്ലയിലെ 151 തുല്യതാ പഠനക്ലാസുകളിലെ 6823 പഠിതാക്കളുടെ നേതൃത്വത്തില്‍ നടന്ന സര്‍വ്വെയിലൂടെ19458 ചരിത്രരേഖകള്‍ കെണ്ടത്തി. 1118 താളിയോലകള്‍, 1061 ജാതകങ്ങള്‍, 1382 ഗ്രന്ഥങ്ങള്‍, 162 വിഷചികിത്സ, 293 ആയുര്‍വ്വേദം, 562 മന്ത്രങ്ങള്‍, 530 മതഗ്രന്ഥങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. സര്‍വ്വെയിലൂടെ ലഭിച്ച രേഖകളുടെ വിവരണം, ഫോട്ടോ, ചരിത്രസ്മാരക കുറിപ്പുകള്‍ ജില്ലയിലെ സ്വാതന്ത്ര സമരങ്ങളില്‍ പങ്കെടുത്തവരുടെ വിവരങ്ങള്‍, മാപ്പിള കലാപത്തിന്റെ ചരിത്ര ഏടുകള്‍, അപൂര്‍വ്വ ഗ്രന്ഥങ്ങള്‍, ചരിത്ര പ്രധാന്യമുള്ള ന്യൂസ് പേപ്പറുകള്‍, പഴയകാല വീട്ടുപകരണങ്ങള്‍ എന്നിവ ഈ റിപ്പോര്‍ട്ടുകളില്‍ ഉള്ളടക്കം ചെയ്തിട്ടുണ്ട്. ഓരോ പഠനകേന്ദ്രത്തിനും ഒരു റിപ്പോര്‍ട്ട് പ്രകാരം 151 സര്‍വ്വെ റിപ്പോര്‍ട്ടുകളാണ് പ്രദര്‍ശിപ്പിച്ചത്. 2000 ലേറെ പേജുകളുള്ള റിപ്പോര്‍ട്ടുകള്‍ വരെ തയ്യാറാക്കിയ പഠനകേന്ദ്രങ്ങളുണ്ട്. മുതിര്‍ന്ന പഠിതാക്കള്‍ നടത്തിയ ഈ ചരിത്രരേഖ പഠനം ഗവേഷണാത്മക പഠനപ്രക്രിയയ്ക്ക് സഹായകരമായ വിധത്തില്‍ ഗവേഷണ പ്രബന്ധമാക്കാനുള്ള തയ്യാറെടുപ്പിലാണ് ജില്ലാ സാക്ഷരതാ മിഷന്‍.