Tuesday 17th of July 2018

സ്റ്റുഡന്‍സ് ഹെല്‍ത്ത് കാര്‍ഡ് പദ്ധതിക്ക് കോട്ടയ്ക്കലില്‍ തുടക്കമായി

Category: Malappuram Published: Wednesday, 11 July 2018
മലപ്പുറം : ചെറുപ്പം മുതലേ ആരോഗ്യം സംരക്ഷിക്കുകയെന്ന ലക്ഷ്യവുമായി കോട്ടയ്ക്കല്‍ നഗരസഭ നടപ്പാക്കുന്ന 'സ്റ്റുഡന്‍സ് ഹെല്‍ത്ത് കാര്‍ഡ്' പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ചങ്കുവെട്ടി പി.എം.എസ്.എ.പി.ടി.എം സ്‌കൂളില്‍ ജില്ലാ കളക്ടര്‍ അമിത് മീണ നിര്‍വഹിച്ചു. സംസ്ഥാനത്തെ എല്ലാ നഗരസഭകള്‍ക്കും മാതൃകയാക്കാവുന്ന പ്രവര്‍ത്തനങ്ങളാണ് കോട്ടയ്ക്കല്‍ നഗരസഭ കാഴ്ച വെക്കുന്നതെന്ന് കളക്ടര്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. വൃത്തി, ശിശു സൗഹൃദം തുടങ്ങിയ മേഖലകളില്‍ സംസ്ഥാനത്ത് കോട്ടയ്ക്കല്‍ ശ്രദ്ധിക്കപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
 
'സ്റ്റുഡന്‍സ് ഹെല്‍ത്ത് കാര്‍ഡ്' പദ്ധതിയുടെ ഭാഗമായി നഗസഭാ പരിധിയിലെ പൊതുവിദ്യാലയങ്ങളിലെ എല്‍.കെ.ജി മുതല്‍ നാലാംതരം വരെയുള്ള കുട്ടികളെ വിദഗ്ധ ഡോക്ടര്‍മാരുടെയും ടെക്‌നോളജിസ്റ്റുകളുടെയും നേതൃത്വത്തിലുള്ള സംഘം സാങ്കേതിക ഉപകരണങ്ങളുടെ സഹായത്തോടെ പരിശോധിക്കും. തുടര്‍ന്ന് ഇവരുടെ ആരോഗ്യവിവരങ്ങള്‍ രേഖപ്പെടുത്തി സൂക്ഷിക്കുന്ന ഹെല്‍ത്ത് കാര്‍ഡ് നല്‍കും. ഈ കാര്‍ഡുകള്‍ തുടര്‍ചികിത്സകള്‍ക്കും പരിശോധനകള്‍ക്കും ഉപയോഗപ്പെടുത്താം. നഗരസഭാ പരിധിയിലെ വിവിധ വിദ്യാലയങ്ങളില്‍ പഠിക്കുന്ന 3500-ഓളം കുട്ടികള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ചങ്കുവെട്ടിയിലെ അല്‍മാസ് ഹോസ്പിറ്റലുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
 
ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ കെ.കെ നാസര്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയ്ക്കല്‍ സി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഫസല്‍ പൂക്കോയ തങ്ങള്‍ പദ്ധതി വിശദീകരിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ നിര്‍മ്മലാദേവി, അല്‍മാസ് ഹോസ്പിറ്റല്‍ എം.ഡി ഡോ. പി.എ കബീര്‍, നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അലവി തൈക്കാട്ട്, പി. ഉസ്മാന്‍ കുട്ടി, ടി.വി സുലൈഖാബി, നഗരസഭാ കൗണ്‍സിലര്‍മാരായ യൂസുഫ് എടക്കണ്ടന്‍, രാജ സുലോചന, മലപ്പുറം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍  മുഹമ്മദ് ഇഖ്ബാല്‍ കരുവള്ളി, മലപ്പുറം ബി.പി.ഒ ടോമി മാത്യു, കെ.എം റഷീദ്, ടി.ഇ മൂസക്കുട്ടി മാസ്റ്റര്‍, പി.ടി.എ പ്രസിഡന്റ് സുലൈമാന്‍ പാറമ്മല്‍ എന്നിവര്‍ സംസാരിച്ചു.