Wednesday 13th of November 2019

കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് മെയ് 16 ന്

Category: Main News Published: Friday, 04 March 2016
 
ന്യൂ ഡെല്‍ഹി: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. കേരളത്തില്‍ മെയ് 16 നാണ് വോട്ടെടുപ്പ്.  കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ‍നസീം സെയ്ദി ന്യൂഡെല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. വോട്ടെണ്ണല്‍ 19 ന്. നാമനിര്‍ദേശപത്രിക സമര്‍പ്പണം ഏപ്രില്‍ 22 മുതല്‍ 29 വരെ. സൂക്ഷ്മപരിശോധന ഏപ്രില്‍ 30 ഉം പിന്‍വലിക്കാനുള്ള അവസാന തീയതി മേയ് രണ്ടും ആണ്.
 
കേരളത്തില്‍ കൂടാതെ അസം, പുതുചേരി, തമിഴ് നാട്, പശ്ചിമ ബംഗാള്‍ എന്നിവടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഒറ്റ ഘട്ടമായി മേയ് 16നും അസമില്‍ രണ്ട് ഘട്ടങ്ങളായും (ഏപ്രില്‍ 4, ഏപ്രില്‍ 11), പശ്ചിമ ബംഗാളില്‍ ആറ് ഘട്ടങ്ങളായും (ഏപ്രില്‍ 4, ഏപ്രില്‍ 11, ഏപ്രില്‍ 17, ഏപ്രില്‍ 21, ഏപ്രില്‍ 30, മേയ് 5) വോട്ടെടുപ്പ് നടക്കും. അഞ്ചിടത്തെ വോട്ടെണ്ണല്‍ 19ന് ഒരുമിച്ച് നടക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍  അറിയിച്ചു.
 
കേരളത്തില്‍ 2.56 കോടി വോട്ടര്‍മാരുണ്ട്. അഞ്ച് സംസ്ഥാനങ്ങളിലായി ആകെ 17 കോടി വോട്ടര്‍മാര്‍. ഇത് ആദ്യമായി നിഷേധ വോട്ടിന് പ്രത്യേക ചിഹ്നവും സ്ഥാനാര്‍ഥികളുടെ ചിത്രവും വോട്ടിങ് മെഷീനില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വോട്ടര്‍മാരുടെ ചിത്രം പതിച്ച സ്ലിപ്പുകള്‍ ഇലക്ടോറല്‍ ഓഫീസര്‍മാര്‍ വീടുകളില്‍ വിതരണം ചെയ്യും. ഭിന്നശേഷിയുള്ളവര്‍ക്ക് വോട്ട് ചെയ്യാന്‍ പ്രത്യേക സൗകര്യം ലഭ്യമാക്കും.
 
ഇന്നു മുതല്‍ മാതൃകാ പെരുമാറ്റചട്ടം നിലവില്‍ വന്നതായും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അറിയിച്ചു.
 
 
 
Hits: 595