പുനെ ഫിലിം ആര്‍ക്കൈവ്സ് പ്രഥമ ചെയര്‍മാന്‍ പി കെ നായര്‍ അന്തരിച്ചു

Category: Main News Published: Friday, 04 March 2016

മുംബൈ: നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യയുടെ മുന്‍ ഡയറക്ടറും സ്ഥാപകനുമായ പി.കെ.നായര്‍ (82) അന്തരിച്ചു. ഇന്ന് രാവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവനന്തപുരം സ്വദേശിയാണ്. മൃതദേഹം നാളെ രാവിലെ 8 മുതല്‍ 11 മണി വരെ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

 

വിസ്മൃതിയിലാകുമായിരുന്ന ആയിരക്കണക്കിന് സിനിമകളുടെ നെഗറ്റീവ് കണ്ടെത്തി വരും തലമുറകള്‍ക്ക് പ്രയോജനപ്പെടുന്ന വിധം ഫിലിം ആര്‍ക്കൈവ്‌സില്‍ ശേഖരിച്ചയാളാണ് പി.കെ.നായര്‍. ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടും സൗത്ത് ഏഷ്യന്‍ സിനിമാ ഫൗണ്ടേഷനും ചേര്‍ന്ന് നല്‍കുന്ന ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ഇന്‍ ദി ഫീല്‍ഡ് ഓഫ് ഫിലിം പ്രിസര്‍വേഷന്‍, സത്യജിത് റേ സ്മാരക പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. പി.കെ.നായരെക്കുറിച്ച് 'സെല്ലുലോയ്ഡ് മാന്‍' എന്ന പേരില്‍ ശിവേന്ദ്രസിങ് ദുന്‍ഗാര്‍പുര്‍ സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. ദാദാസാഹേബ് ഫാല്‍ക്കെയുടെ രാജാ ഹരിശ്ചന്ദ്ര, കാളിയ മര്‍ദ്ദന്‍, എസ്.എസ്.വാസന്റെ ചന്ദ്രലേഖ, ഉദയ് ശങ്കറുടെ കല്‍പന തുടങ്ങിയ ചിത്രങ്ങള്‍ വീണ്ടെടുത്ത് സംരക്ഷിച്ചത് പി.കെ.നായരായിരുന്നു.

 

 

Hits: 399