Friday 22nd of November 2019

ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പ്രഖ്യാപനം നടത്തും

Category: Main News Published: Thursday, 24 October 2019
കൊല്ലം: ജനസൗഹൃദ പ്രവര്‍ത്തനങ്ങള്‍ക്ക് മികവിന്റെ മുദ്ര ചാര്‍ത്തി ചിറ്റുമല ബ്ലോക്ക് പഞ്ചായത്തും ഐ.എസ്.ഒ നിറവിലേക്ക്. ഒക്ടോബര്‍ 26ന് ഉച്ചയ്ക്ക് രണ്ടിന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പ്രഖ്യാപനം നടത്തും. ബ്ലോക്ക് പഞ്ചായത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രസിഡന്റ് സി. സന്തോഷ് അധ്യക്ഷനാകും. കഴിഞ്ഞ നാല് വര്‍ഷങ്ങളിലായി നടത്തിവരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ആലേഖനം ചെയ്ത വികസനരേഖ 'സുദേശം' കയര്‍ഫെഡ് ഡയറക്ടര്‍ എസ്. എല്‍. സജികുമാര്‍ പ്രകാശനം ചെയ്യും.
 
ഇവിടെ പുതുതായി നിര്‍മ്മിച്ച തുറന്ന വായനശാലയുടെയും റീഡിങ് കോര്‍ണറിന്റെയും സമര്‍പ്പണം ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പി. കെ. ഗോപന്‍ നിര്‍വഹിക്കും. സി.സി.ടി.വിയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം ജില്ലാ ഗവണ്മെന്റ് പ്ലീഡര്‍ അഡ്വ. ആര്‍. സേതുനാഥ് നിര്‍വഹിക്കും. ബ്ലോക്ക് പരിധിയിലെ ക്ഷീരസംഘങ്ങളില്‍ ഉള്‍പ്പെട്ട  കര്‍ഷകര്‍ക്കുള്ള സബ്സിഡി മില്‍മ ചെയര്‍മാന്‍ കല്ലട രമേശ് വിതരണം ചെയ്യും.
 
ബീഫ് ക്ലസ്റ്റര്‍, ഗോട്ട് സാറ്റലൈറ്റ് യൂണിറ്റ്  എന്നീ പദ്ധതികളുടെ ഉദ്ഘാടനവും നടക്കും. സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങളായ പ്ലാവറ ജോണ്‍ ഫിലിപ്പ്, കെ തങ്കപ്പന്‍ ഉണ്ണിത്താന്‍, ബി.ഡി.ഒ. എം.എസ്. അനില്‍ കുമാര്‍, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ജീവനക്കാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
 
മുലയൂട്ടുന്ന അമ്മമാര്‍ക്ക് 'മദേര്‍സ് കോര്‍ണര്‍', മുതിര്‍ന്ന പൗരന്‍മാര്‍ക്കായി പ്രത്യേക ഇരിപ്പിടങ്ങള്‍ എന്നിവ സജ്ജമായിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് നല്‍കുന്ന സേവനങ്ങളും നടപ്പിലാക്കുന്ന നിര്‍വഹണ ഉദ്യോഗസ്ഥന്റെ പേര് മറ്റ് വിവരങ്ങള്‍ തുടങ്ങിയവ അടങ്ങുന്ന പ്രദര്‍ശന ബോര്‍ഡും സ്ഥാപിച്ചു. കാര്യക്ഷമവും സുതാര്യവുമായ  പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ബ്ലോക്ക്പഞ്ചായത്തിനു ലഭിച്ചിരിക്കുന്നതെന്ന് പ്രസിഡന്റ് സി. സന്തോഷ് പറഞ്ഞു.
 
Hits: 55