Friday 22nd of November 2019

മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്

Category: Main News Published: Monday, 21 October 2019
 
തിരുവനന്തപുരം: അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ സ്വാധീനം മൂലം സംസ്ഥാനത്ത് തുടരുന്ന മഴ കൂടുതല്‍ ശക്തിപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒക്ടോബര്‍ 22ന് എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അതീവ ഗൗരവമുള്ള അലര്‍ട്ട് ആണ് റെഡ്. 24 മണിക്കൂറില്‍ 205 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യതയാണ് (അതിതീവ്ര മഴ) പ്രവചിക്കപ്പെട്ടിരിക്കുന്നത്.
 
22ന് കൊല്ലം പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട്, വയനാട് കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലും 23ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
 
ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ (115 മില്ലീമീറ്റര്‍ വരെ മഴ) അതിശക്തമായതോ ആയ (115 മില്ലീമീറ്റര്‍ മുതല്‍ 204.5 മില്ലീമീറ്റര്‍ വരെ) മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
 
റെഡ്, ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകള്‍ നടത്താനും താലൂക്ക് തലത്തില്‍  കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിക്കാനും മുഴുവന്‍ സമയവും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കാനും നടപടികള്‍ യഥാസമയം കൈക്കൊള്ളാനുമുള്ള നിര്‍ദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നല്‍കിയിട്ടുണ്ട്.
 
22ന് തിരുവനന്തപുരം ജില്ലയിലും, 23ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ  എന്നീ ജില്ലകളിലും, 24ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലും, 25ന്  കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്,  കണ്ണൂര്‍, കാസര്‍ഗോഡ്  എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് (മഞ്ഞ അലര്‍ട്ട്) പ്രഖ്യാപിച്ചിട്ടുണ്ട്.
 
 
Hits: 58