Thursday 21st of November 2019

വോട്ടിംഗ് മെഷീനുകള്‍ കൈമാറി

Category: Main News Published: Monday, 14 October 2019
 
 
 
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പിന് ഓരോ ബൂത്തിലും ഉപയോഗിക്കേണ്ട മെഷീനുകളെ ഓണ്‍ലൈനായി തിരഞ്ഞെടുക്കുന്ന പ്രക്രിയ പൂര്‍ത്തിയായി. തുടര്‍ന്ന് മെഷീനുകള്‍ ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ റിട്ടേണിംഗ് ഓഫീസര്‍ ജിയോ.ടി. മനോജിന് കൈമാറി. 168 ബൂത്തുകളില്‍ ഉപയോഗിക്കാനുള്ള മെഷീനുകളാണ് കൈമാറിയത്. 
 
ഇവ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ പട്ടം സെന്റ് മേരീസ് സ്‌കൂളിലെ സ്ട്രോംഗ് റൂമിലേക്ക് മാറ്റി. 202 കണ്‍ട്രോള്‍ യൂണിറ്റുകള്‍, 202 ബാലറ്റ് യൂണിറ്റുകള്‍, 219 വിവി പാറ്റ് എന്നിവയാണ് കൈമാറിയത്. മെഷീനുകളുടെ വിതരണവും വോട്ടെണ്ണലും നടക്കുന്ന പട്ടം സെന്റ്മേരീസില്‍ സുശക്തമായ സുരക്ഷാ സംവിധാനം പോലീസ് ഒരുക്കിയിട്ടുണ്ട്. കേന്ദ്രപോലീസ്, ആംഡ് ബറ്റാലിയന്‍, കേരളപോലീസ് എന്നിവയുടെ ത്രിതല സുരക്ഷാ സംവിധാനമാണ് ഇവിടെയുള്ളത്.
 
14ന് രാവിലെ മെഷീനുകളില്‍ ബാലറ്റ് പതിക്കുന്ന പ്രക്രിയ നടക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് ഒരുക്കങ്ങളും പൂര്‍ണമാകുകയാണ്. മണ്ഡലത്തിലെ 48 സെന്‍സിറ്റീവ് ബൂത്തുകളില്‍ 37 എണ്ണത്തില്‍ വെബ്കാസ്റ്റിംഗ് നടത്തും. 11 എണ്ണത്തില്‍ മൈക്രോ ഒബ്സര്‍വര്‍മാരെ നിയോഗിക്കും. പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള രണ്ടാംഘട്ട പരിശീലനം 16,17,18 തീയതികളില്‍ നടക്കും. 
 
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാള്‍, വെള്ളയമ്പലത്തെ പഞ്ചായത്ത് അസോസിയേഷന്‍ ഹാള്‍, ഫോറസ്റ്റ് ഹെഡ്ക്വോര്‍ട്ടേഴ്സിലെ വനശ്രീ ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് പരിശീലനം. പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ കണ്ടെത്തുന്നതിനുള്ള സ്‌ക്വാഡുകള്‍, പൊതുസ്ഥലത്തെ നിയമവിരുദ്ധ പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതിനുള്ള ആന്റി ഡീഫെയ്സ്മെന്റ് ടീം, പണം, മയക്കുമരുന്ന് എന്നിവയുടെ കൈമാറ്റം നിരീക്ഷിക്കുന്ന സര്‍വയലന്‍സ് ടീം എന്നിവ മണ്ഡലത്തില്‍ മുഴുവന്‍സമയ നിരീക്ഷണം നടത്തുന്നുണ്ട്.
 
Hits: 32