Friday 18th of October 2019

എലിപ്പനി പ്രതിരോധം; ഡോക്‌സി സെന്റര്‍ തുടങ്ങി

Category: Main News Published: Sunday, 11 August 2019
വയനാട് : എലിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാ കളക്ടറേറ്റില്‍ ഡോക്‌സി സെന്റര്‍ ആരംഭിച്ചു. പ്രളയകാല പകര്‍ച്ചവ്യാധികളില്‍ എറെ അപകടകാരിയായ എലിപ്പനി തടയാനാവശ്യമായ ഡോക്‌സിസൈക്ലിന്‍ മരുന്നുകള്‍ ഇവിടെ ലഭിക്കും. രക്ഷാപ്രവര്‍ത്തകര്‍, വൊളണ്ടിയര്‍മാര്‍ അടക്കം മലിനജലവുമായി സമ്പര്‍ക്കമുണ്ടാകുന്ന എല്ലാവരും മുന്‍കരുതലായി പ്രതിരോധ മരുന്ന് കഴിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്നു. ആഴ്ചയിലൊരിക്കല്‍ പരമാവധി ആറ് ആഴ്ചവരെയാണ് മരുന്ന് കഴിക്കേണ്ടത്.പ്രളയത്തിനു പിന്നാലേ എലിപ്പനി പടരാനിടയുള്ള സാഹചര്യത്തില്‍ ആശങ്കയല്ല, ജാഗ്രതയാണ് വേണ്ടതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. 
 
എലിപ്പനി പ്രതിരോധത്തിനായി ഡോക്‌സി സൈക്ലിന്‍ ഗുളിക കഴിക്കുന്നവര്‍  വെറും വയറ്റില്‍ ഗുളിക കഴിക്കാതെ ഭക്ഷണശേഷം മാത്രം കഴിയ്ക്കണം. ഗുളിക കഴിച്ച് കഴിഞ്ഞ് ചുരുങ്ങിയത് ഒരു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. ചിലര്‍ക്ക് ഉണ്ടായേക്കാവുന്ന വയര്‍ എരിച്ചില്‍ ഒഴിവാക്കാനാണിത്. ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന മുന്‍കരുതലുകള്‍ സ്വീകരിച്ചുവേണം രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താന്‍. പ്രതിരോധ മരുന്ന് കഴിക്കാന്‍ ആവശ്യപ്പെടുന്ന അവസരത്തില്‍ നിര്‍ദേശിക്കുന്ന അളവിലും രീതിയിലും കഴിക്കണമെന്നും സ്വയം ചികിത്സ പാടില്ലെന്നും ആരോഗ്യ വകുപ്പ് ഓര്‍മിപ്പിക്കുന്നു. കളക്ടറേറ്റിലെ ഡോക്‌സി സെന്ററിനു പുറമേ ആശുപത്രികള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, അംഗന്‍വാടികള്‍ എന്നിവിടങ്ങളിലും എലിപ്പനി പ്രതിരോധ മരുന്നുകള്‍ ലഭിക്കും.  
 
എലിയുടെയും മറ്റു മൃഗങ്ങളുടെയും മൂത്രത്തിലൂടെ പുറത്തുവരുന്ന പ്രത്യേക ബാക്ടീരിയ മനുഷ്യനില്‍ പ്രവേശിച്ചുണ്ടാക്കുന്ന രോഗമാണ് എലിപ്പനി. രോഗാണു അകത്തു കടന്നാല്‍ ഏകദേശം 5 മുതല്‍ 15 ദിവസത്തിനുള്ളില്‍ രോഗ ലക്ഷണങ്ങളുണ്ടാകും. കടുത്ത പനി, തലവേദന, മസിലുകളുടെ വേദന, വിറയല്‍, കടുത്ത ക്ഷീണം എന്നിവയാണ് ആദ്യ ലക്ഷണങ്ങള്‍. ഹൃദയത്തെ ബാധിച്ചാല്‍ നെഞ്ച് വേദന, ശ്വാസം മുട്ടല്‍, വൃക്കകളെ ബാധിച്ചാല്‍ മൂത്രത്തിന്റെ അളവ് കുറയുക, രക്തത്തിന്റെ നിറം വരിക, കാലിലും മുഖത്തും നീരുണ്ടാകുക, കരളിനെ ബാധിക്കുന്നവര്‍ക്ക് മഞ്ഞപിത്തം പോലെയുള്ള ലക്ഷണങ്ങളും കാണാം. സമയത്ത് കണ്ടെത്തുകയും ചികിത്സ നല്‍കുകയും ചെയ്തില്ലെങ്കില്‍ ഹൃദയം, കരള്‍, വൃക്കകള്‍ തുടങ്ങിയ അവയവങ്ങളെ സാരമായി ബാധിക്കാം. മരണം വരെ സംഭവിക്കാം.
 
 
Hits: 64