Saturday 24th of August 2019

ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷാഫലങ്ങള്‍ പ്രഖ്യാപിച്ചു

Category: Main News Published: Wednesday, 08 May 2019
 
തിരുവനന്തപുരം: ഈ വര്‍ഷത്തെ ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷാഫലങ്ങള്‍ പ്രഖ്യാപിച്ചു. ആകെ 2047 പരീക്ഷാകേന്ദ്രങ്ങളിലായി സ്‌കൂള്‍ ഗോയിങ് റെഗുലര്‍ വിഭാഗത്തില്‍ 3,69,238 പേര്‍ പരീക്ഷ എഴുതിയതില്‍ 3,11,375 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. വിജയശതമാനം 84.33 ശതമാനം. കഴിഞ്ഞവര്‍ഷത്തെ വിജയശതമാനം 83.75 ആയിരുന്നു.
 
14,244 പേര്‍ എല്ലാ വിഷയത്തിനും എ പഌ് ഗ്രേഡിനര്‍ഹത നേടി. 25,581 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിനും എ ഗ്രേഡോ അതിനു മുകളിലോ നേടി. പരീക്ഷ എഴുതിയ 1,95,577 പെണ്‍കുട്ടികളില്‍ 1,78,264 പേരും (91.15 ശതമാനം) 1,75,159 ആണ്‍കുട്ടികളില്‍ 1.34.174 പേരും (76.60 ശതമാനം) ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. 
 
1,79,114 സയന്‍സ് വിദ്യാര്‍ഥികളില്‍ 1,54,112 പേരും (86.04 ശതമാനം), 76,022 ഹ്യുമാനിറ്റീസ് വിദ്യാര്‍ഥികളില്‍ 60.681 പേരും (79.82 ശതമാനം), 1,14,102 കോമേഴ്‌സ് വിദ്യാര്‍ഥികളില്‍ 96,582 പേരും (84.65 ശതമാനം) ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യതനേടി. സര്‍ക്കാര്‍ മേഖലയിലെ സ്‌കൂളുകളില്‍നിന്ന് പരീക്ഷ എഴുതിയ 1,55,487ല്‍ 1,29,118 പേരും (83.04 ശതമാനം), എയ്ഡഡ് മേഖലയിലെ 1,87,296ല്‍ 1,61,751 പേരും (86.36) അണ്‍ എയ്ഡഡ് മേഖലയിലെ 26,235ല്‍ 20,289 പേരും (77.34 ശതമാനം) ഉന്നതപഠനത്തിന് അര്‍ഹത നേടി.
 
കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിജയശതമാനം. 87.44. ഏറ്റവും കുറവ് പത്തനംതിട്ട ജില്ലയിലാണ്. 78 ശതമാനം. പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ച 79 സ്‌കൂളുകളാണുള്ളത്. മുപ്പതില്‍താഴെ വിജയശതമാനമുള്ള സ്‌കൂളുകള്‍ 27. 183 വിദ്യാര്‍ഥികള്‍ 1200ല്‍ 1200 സ്‌കോറും കരസ്ഥമാക്കി.
 
ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ  സജ്ജരാക്കിയത്  തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളാണ്. 802 വിദ്യാര്‍ഥികള്‍. വിജയശതമാനം 94.91 ശതമാനം.സ്‌കോള്‍ കേരള മുഖാന്തരം രജിസ്റ്റര്‍ ചെയ്ത് പരീക്ഷ എഴുതിയ 58,895 വിദ്യാര്‍ഥികളില്‍ 25,610 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. വിജയശതമാനം 43.48 ശതമാനം.
 
ഹയര്‍സെക്കന്‍ഡറി സിലബസ് പിന്തുടരുന്ന 15 ടെക്‌നിക്കല്‍ സ്‌കൂളുകളില്‍നിന്നായി 1420 പേര്‍ പരീക്ഷയ്ക്കിരുന്നതില്‍ 990 പേര്‍ ഉന്നതപഠനത്തിന് യോഗ്യത നേടി. 69.72 ശതമാനം. കലാമണ്ഡലം ആര്‍ട്ട് സ്‌കൂളില്‍ 78 വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്കിരുന്നതില്‍ 73 പേര്‍ വിജയിച്ചു. വിജയശതമാനം 93.59 ശതമാനം.
 
വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയില്‍ 389 സ്‌കൂളുകളിലായി പരീക്ഷ എഴുതിയ 28,571 വിദ്യാര്‍ഥികളില്‍ 22,878 പേര്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. വിജയശതമാനം 80.07. ഏറ്റവും ഉയര്‍ന്ന വിജയശതമാനം വയനാട് ജില്ലയിലാണ്. 85.57 ശതമാനം. കുറഞ്ഞ വിജയശതമാനം പത്തനംതിട്ട ജില്ലയിലാണ്. 67.79. എല്ലാ വിഷയങ്ങള്‍ക്കും എ പഌ് നേടിയത് 63 പേരാണ്. 18 സര്‍ക്കാര്‍ സ്‌കൂളുകളും അഞ്ച് എയ്ഡഡ് സ്‌കൂളുകളും നൂറ് ശതമാനം വിജയം കൈവരിച്ചു. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാനാണ് ഫലപ്രഖ്യാപനം നടത്തിയത്.
 
Hits: 115