Thursday 21st of November 2019

പാഠ്യപദ്ധതി ലോക നിലവാരത്തിലേക്ക് ഉയര്‍ത്തും

Category: Main News Published: Tuesday, 12 February 2019
മലപ്പുറം: സംസ്ഥാനത്തെ സ്‌കൂളുകളിലെ പാഠ്യപദ്ധതി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. ഈ വര്‍ഷത്തോടെ പാഠ്യപദ്ധതി പരിഷ്‌കരണം പൂര്‍ത്തീകരിക്കും. ഇതോടെ വിദ്യാര്‍ത്ഥികളെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്താനാവുമെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി മഞ്ചേരി കാരക്കുന്ന് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെയും എ.ടി.എല്‍. ലാബിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 
എന്ത് പഠിപ്പിക്കുന്നു എന്നതിലല്ല, എങ്ങിനെ പഠിപ്പിക്കുന്നു എന്നതിനാണ് പ്രാധാന്യം. നല്ല പാഠ്യപദ്ധതി തയ്യാറാക്കിയാല്‍ മാത്രമേ നന്നായി പഠിപ്പിക്കാനാവൂ. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞമടക്കമുള്ള സര്‍ക്കാര്‍ പദ്ധതികള്‍ ഇതിനു വേണ്ടിയാണെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ അഡ്വ. എം. ഉമര്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആസ്യ ടീച്ചര്‍, തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. എം. കോയ മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് സ്ഥിര സമിതി ചെയര്‍മാന്‍ വി. സുധാകരന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ. വിമല, മലപ്പുറം ഡി.ഡി.ഇ. പി. കൃഷ്ണന്‍, വണ്ടൂര്‍ ഡി.ഇ.ഒ. കെ. ശശിപ്രഭ, തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് സ്ഥിരസമിതി ചെയര്‍മാന്‍ സി. ഭാസ്‌കരന്‍, വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ഷൈജല്‍ ആമയൂര്‍, തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് അംഗം പി. ആമിന, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എന്‍. സക്കീന, പി.ടി.എ. പ്രസിഡന്റ് എന്‍. പി. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.
 
അധ്യാപകരും പാഠ്യപദ്ധതിയും ഹൈടെക്കാകണം 
കേരളത്തിന്റെ വിദ്യാഭ്യാസം അന്താരാഷ്ട്ര നിലവാരത്തിലാക്കാന്‍ ക്ലാസ് മുറികള്‍ മാത്രമല്ല പൊതുവിദ്യാലയങ്ങളിലെ അധ്യാപകരും, പാഠ്യപദ്ധതിയും കൂടി ഹൈടെക്ക് ആകണമെന്ന് പ്രൊഫ. സി. രവീന്ദ്രനാഥ്. സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി പാതായ്ക്കര എ.യു.പി. സ്‌കൂള്‍ പുതിയ കെട്ടിട സമുച്ചയത്തിന്റെ പ്രഥമ ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ആരംഭിച്ചപ്പോള്‍ സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലാക്കാന്‍ സ്‌കൂളുകളില്‍ ആവശ്യമായ കെട്ടിടങ്ങള്‍ പുതുക്കി പണിയുകയും പുതുക്കി പണിത ക്ലാസ് മുറികളില്‍ ആധുനിക സൗകര്യങ്ങള്‍ ഒരുക്കുകയുമാണ് സര്‍ക്കാര്‍ ചെയ്തത്. അതുവഴി കേരളത്തിലെ ഏത് പാവപ്പെട്ടവന്റെ മക്കള്‍ക്കും ആധുനിക വിദ്യാഭ്യാസം ലഭിക്കുവാനുള്ള സാഹചര്യമുണ്ടായി. 141 സ്‌കൂളുകളാണ് ഇങ്ങനെ നിര്‍മ്മാണം ആരംഭിച്ചത്. ഇതില്‍ ഏഴെണ്ണം ഈ മാസം തന്നെ ജനങ്ങള്‍ക്കായി സമര്‍പ്പിക്കും. ബാക്കിയുള്ളവ ജൂണ്‍ ഒന്നിന് മുന്‍പ് തന്നെ സമര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു. അതു വഴി 45,000 ക്ലാസ് മുറികള്‍ ഹൈടെക്കാകും. ഇതിനായി നീക്കിവെച്ച 800 കോടി രൂപയില്‍ 470 കോടി രൂപയും എയ്ഡഡ് സ്‌കൂളുകളുടെ വികസനത്തിന് വേണ്ടിയാണ് ഉപയോഗിക്കുക. എല്‍.പി., യു.പി. ക്ലാസുകള്‍ കൂടി മാത്രമേ ഇനി ഹൈടെക് ആക്കാനുള്ളു. അത്തരത്തില്‍ പാതാക്കര എ.യു.പി. സ്‌കൂള്‍ യു.പി. സ്‌കൂളുകള്‍ക്ക് മാതൃകയായി മാറിയിരിക്കുകയാണ്. ജൂണ്‍ ഒന്നിന് മുന്‍പ് സര്‍ക്കാരിന്റെ വിഹിതം കൂടി ഈ സ്‌കൂളിന് നല്‍കുമെന്നും മന്ത്രി ഉറപ്പ് നല്‍കി. 
ചടങ്ങില്‍ മഞ്ഞളാംകുഴി അലി എം.എല്‍.എ. അധ്യക്ഷനായി. സ്‌കൂള്‍ മാനേജര്‍ സുനില്‍ ചെമ്പത്ത് വിഷന്‍ സ്റ്റേറ്റ്‌മെന്റ് അവതരിപ്പിച്ചു. മുന്‍ എം.എല്‍.എ. വി. ശശികുമാര്‍, നഗരസഭാ ചെയര്‍മാന്‍ എം. മുഹമ്മദ് സലീം, എ. കെ. നാസര്‍, കിഴിശ്ശേരി മുസ്തഫ, പി. ടി. ശോഭന, കെ. നിര്‍മ്മല, നിഷ സുബൈര്‍, കെ. സുന്ദരന്‍, കെ. ജെ. അജിത് മോന്‍, കെ. ടി. നാരായണന്‍, വി.രമേശന്‍, വി. ബാബുരാജ്, തച്ചീരി ഫാറൂക്ക്, എം. നിജീഷ്, കെ. മഞ്ജുള, സി. വി. ശശികുമാര്‍, കെ. ബദറുന്നീസ, പ്രധാനാധ്യാപിക പി. വിജയം, കെ. വി. അജിത തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാപരിപാടിയും അരങ്ങേറി.
 
Hits: 234