Friday 18th of October 2019

പ്രതിദിനം പ്രതിരോധമാകണം നമ്മുടെ മുദ്രാവാക്യം

Category: Main News Published: Tuesday, 05 February 2019
തിരുവനന്തപുരം : പകര്‍ച്ചവ്യാധികളെ നേരിടുന്നതില്‍ പ്രതിദിനം പ്രതിരോധം എന്നതാകണം നമ്മുടെ മുദ്രാവാക്യം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രോഗം വന്നാല്‍ നേരിടുന്നതിനുപകരം രോഗത്തെ മുന്‍കൂറായി പ്രതിരോധിക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. അതിനുതകുന്നതാണ് സര്‍ക്കാരിന്റെ ആരോഗ്യനയം. ഈ മുദ്രാവാക്യം പ്രാവര്‍ത്തികമാക്കുന്നതിനായി ഒന്നിച്ചുനീങ്ങണം. എന്നും മുഖ്യമന്ത്രി പറഞ്ഞു. പകര്‍ച്ചവ്യാധി നിയന്ത്രണം ലക്ഷ്യമിട്ട് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലുള്ള ആരോഗ്യബോധവത്കരണ പരിപാടി ആരോഗ്യജാഗ്രത ഉദ്ഘാടനം തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
           ആരോഗ്യരംഗത്ത് വളരെയേറെ വെല്ലുവിളികള്‍ നേരിട്ടതിന്റെ അനുഭവപാഠങ്ങളുമായാണ് പുതുവര്‍ഷത്തിലേക്ക് നാം കടന്നിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിപയും പ്രളയവും ഉള്‍പ്പെടെ ഒട്ടേറെ വെല്ലുവിളികള്‍ നേരിടേണ്ടിവന്നെങ്കിലും ചിട്ടയായ പ്രതിരോധപ്രവര്‍ത്തനം അതിനെ മറികടക്കാന്‍ സഹായകമായി. തദ്ദേശസ്ഥാപനങ്ങള്‍ക്കും മറ്റു വകുപ്പുകള്‍ക്കും നല്ല പ്രവര്‍ത്തനം നടത്താനായി. ഫലപ്രദമായി ഇടപെടാന്‍ എല്ലാ ജനപ്രതിനിധികള്‍ക്കും കഴിഞ്ഞു.
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കി സജ്ജമാക്കാനായതും നല്ല ഇടപെടലുകള്‍ക്ക് വഴിവെച്ചു. പാരിസ്ഥിതിക, സാമൂഹികരംഗത്തും നല്ല ശ്രദ്ധ ചെലുത്തേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു. കുടിവെള്ളം ശുദ്ധമാക്കല്‍, മാലിന്യസംസ്‌കരണം, പരിസരം വൃത്തിയാക്കല്‍ തുടങ്ങിയവയില്‍ കുറവുകളുണ്ടെങ്കില്‍ അത് പരിഹരിച്ചാകണം ഓരോ പ്രദേശത്തും പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്. ഉറവിട മാലിന്യസംസ്‌കരണം സാധിക്കാത്തിടത്ത് കേന്ദ്രീകൃത മാലിന്യസംസ്‌കരണം നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആരോഗ്യമന്ത്രി കെ.കെ.ശൈലജടീച്ചര്‍ അധ്യക്ഷത വഹിച്ചു. പകര്‍ച്ചവ്യാധി മരണങ്ങള്‍ ഇല്ലാതാവുംവരെ നമ്മുടെ പ്രവര്‍ത്തനങ്ങള്‍, മുന്നോട്ടുകൊണ്ടുപോവാനാവണം എന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷം നടപ്പാക്കിയ പ്രവര്‍ത്തനങ്ങളുടെ ഗുണഫലങ്ങളാണ് നാം അനുഭവിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പകര്‍ച്ചവ്യാധികളെ ചെറുക്കുന്നതിനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും വിവിധ വകുപ്പുകളുടെ നേതൃത്വത്തിലുണ്ടാവുമെന്ന് ആശംസാ പ്രസംഗത്തില്‍ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു.
   പ്രളയാനന്തരമുള്ള പകര്‍ച്ചവ്യാധികളെ ചെറുക്കാനാവശ്യമായ ഒത്തുചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചതായും മന്ത്രി പറഞ്ഞു. ജലമലിനീകരണത്തിനെതിരെ ആരോഗ്യപ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് ജലവിഭവമന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. എല്ലാ വകുപ്പുകളും ചേര്‍ന്നുള്ള മഹിതമായ ഒരു യുദ്ധമാണ് നാം നടപ്പാക്കുന്നതെന്ന് തുറമുഖ, പുരാരേഖ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. തദ്ദേശസ്വയംഭരണമന്ത്രി എ.സി.മൊയ്തീന്‍ സ്വാഗതം ആശംസിച്ചു. രോഗപ്രതിരോധപദ്ധതികള്‍ ഈ വര്‍ഷവും കൂടുതല്‍ കാര്യക്ഷമമായും സമയബന്ധിതമായും നടപ്പാക്കേണ്ടതുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. എ.സമ്പത്ത് എം.പി, വി.എസ്.ശിവകുമാര്‍ എം.എല്‍.എ, മേയര്‍ വി.കെ. പ്രശാന്ത്, ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍.സരിത നന്ദി പറഞ്ഞു.
 
Hits: 230