കായിക പരിശീലനം നല്‍കാനുള്ള എല്ലാ സാഹചര്യവും സര്‍ക്കാര്‍ ഉപയോഗപ്പെടുത്തും

Category: Main News Published: Tuesday, 05 February 2019
'സ്‌പോര്‍ട്‌സ് ലൈഫ്' ഫിറ്റ്‌നെസ് സെന്റര്‍ ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: കായിക പരിശീലനം നല്‍കാനുള്ള എല്ലാ സാഹചര്യവും സര്‍ക്കാര്‍ ഉപയോഗപ്പെടുത്തുകയാണെന്ന് കായിക വകുപ്പ് മന്ത്രി ഇ. പി. ജയരാജന്‍ പറഞ്ഞു. ആരോഗ്യമുള്ള തലമുറയെ വളര്‍ത്തിയെടുക്കാന്‍ യോഗ ഉള്‍പ്പെടെ എല്ലാ കായിക പരിശീലനങ്ങളും നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കായിക യുവജനകാര്യ വകുപ്പ് തിരുവനന്തപുരം ജിമ്മി ജോര്‍ജ് സ്‌പോര്‍ട്‌സ് ഹബ്ബില്‍ ഒരുക്കിയ 'സ്‌പോര്‍ട്‌സ് ലൈഫ്' ഫിറ്റ്‌നെസ് സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കായിക മേഖലയില്‍ സജീവത ഉയരുന്ന കാലഘട്ടമാണിത്. 14 ജില്ലകളിലും പരിശീലനത്തിന് സ്റ്റേഡിയങ്ങളുടെയും ഇന്‍ഡോര്‍ സ്റ്റേഡിയങ്ങളുടെയും നിര്‍മാണം പുരോഗമിക്കുകയാണ്. ഈ സര്‍ക്കാര്‍ 169 കായിക താരങ്ങള്‍ക്ക് ഇതുവരെ ജോലി നല്‍കി. 249 പേര്‍ക്ക് തൊഴില്‍ നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. സമൂഹത്തില്‍ കായിക മത്സരങ്ങള്‍ വ്യാപകമാകുന്നുണ്ടിപ്പോള്‍. വ്യായാമം ആവശ്യമാണ് എന്ന ചിന്ത ശക്തിപ്പെടുന്നുണ്ട്. ജീവിത രീതിയില്‍ വന്ന മാറ്റങ്ങളും കായിക രംഗത്തെ സാധ്യതകള്‍ ഉപയോഗപ്പെടുത്താത്തതുമാണ് ജീവിതശൈലീ രോഗങ്ങള്‍ സമൂഹത്തില്‍ കൂടാന്‍ കാരണം. പുതിയ ഫിറ്റ്‌നെസ് സെന്റര്‍ ശാസ്ത്രീയവും ആധുനികവുമായ ഉപകരണങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലാണ് ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ വി. എസ്. ശിവകുമാര്‍ അധ്യക്ഷത വഹിച്ചു. മിസ്റ്റര്‍ യൂണിവേഴ്‌സ്, മിസ്റ്റര്‍ വേള്‍ഡ്, മിസ്റ്റര്‍ ഏഷ്യ പട്ടങ്ങള്‍ നേടിയ ബോഡി ബില്‍ഡര്‍ സംഗ്രാം ചൗഗലേ മുഖ്യാതിഥിയായി. കായിക യുവജനകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. എ. ജയതിലക് സ്വാഗതവും ഡയറക്ടര്‍ സഞ്ജയന്‍ കുമാര്‍ നന്ദിയും പറഞ്ഞു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഡി. മോഹനന്‍, കായിക യുവജന കാര്യ കായിക എഞ്ചിനീയറിംഗ് വിഭാഗം ചീഫ് എഞ്ചിനീയര്‍ എന്‍. മോഹന്‍കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ചടങ്ങിനോടനുബന്ധിച്ച് ബോഡി ബില്‍ഡിംഗ് താരങ്ങളുടെ ബോഡി ബില്‍ഡിംഗ് ഷോയും ഒരുക്കിയിരുന്നു.
ജിമ്മി ജോര്‍ജ് സ്‌പോര്‍ട്‌സ് ഹബ്ബില്‍ 50 ലക്ഷം രൂപയുടെ അന്താരാഷ്ട്ര നിലവാരമുള്ള ഉത്പന്നങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 50 പേര്‍ക്ക് ഒരേസമയം പരിശീലനത്തിന് അവസരമുണ്ട്. വിവിധ ജില്ലകളിലായി ഒന്‍പത് സ്‌പോര്‍ട്‌സ് ലൈഫ് ഫിറ്റ്‌നെസ് സെന്ററുകളാണ് നിര്‍മിക്കുന്നത്. ഇതില്‍ ആദ്യത്തേതാണ് തിരുവനന്തപുരത്തേത്.
 
Hits: 213