സ്‌കൂളുകളെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളുമായി കൈറ്റിന്റെ 'സമേതം' പോര്‍ട്ടല്‍

Category: Main News Published: Monday, 04 February 2019
തിരുവനന്തപുരം : സംസ്ഥാനത്തെ ഒന്നു മുതല്‍ പന്ത്രണ്ടുവരെയുള്ള സര്‍ക്കാര്‍, എയിഡഡ്, അണ്‍എയിഡഡ് സ്‌കൂളുകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പൊതുജനങ്ങള്‍ക്കും ദൃശ്യമാവുന്ന വിധത്തില്‍ 'സമേതം'  ഓണ്‍ലൈന്‍ സ്‌കൂള്‍ ഡേറ്റാ ബാങ്ക് തയ്യാറായി.  കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍  (കൈറ്റ്) തയ്യാറാക്കിയ പോര്‍ട്ടലില്‍ സ്‌കൂളുകളെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍, ഭൗതിക സൗകര്യങ്ങള്‍, അധ്യാപകരുടേയും ജീവനക്കാരുടേയും വിശദാംശങ്ങള്‍, കുട്ടികളുടെ എണ്ണം,  സ്‌കൂള്‍ വിക്കിയിലുള്ള താള്‍, ലൊക്കേഷന്‍ തുടങ്ങിയ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. www.sametham.kite.kerala.gov.in എന്ന വിലാസത്തില്‍ സ്‌കൂളുകള്‍ക്കം പൊതുജനങ്ങള്‍ക്കും ഇന്ന് മുതല്‍ പോര്‍ട്ടലിലെ വിവരങ്ങള്‍ പരിശോധിക്കാമെന്ന് കൈറ്റ് വൈസ് ചെയര്‍മാന്‍ കെ.അന്‍വര്‍ സാദത്ത് അറിയിച്ചു.  ഫീല്‍ഡില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ കൂടി ലഭിച്ച് ഫെബ്രുവരി 20 ഓടെ പോര്‍ട്ടല്‍ പൂര്‍ണമായും ഔദ്യോഗികമാവും.
          വിവിധ വിഭാഗത്തിലുള്ള സ്‌കൂളുകളെ (പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി) ഒരു ക്യാമ്പസ് എന്ന രൂപത്തിലാണ് 'സമേത'ത്തില്‍ നല്‍കിയിട്ടുള്ളത്.  അടിസ്ഥാന വിവരങ്ങള്‍, ഭൗതിക സൗകര്യങ്ങള്‍ എന്നീ വിഭാഗങ്ങളിലായി സ്‌കൂളിനെക്കുറിച്ച് യഥാക്രമം 23 ഉം 51 ഉം വിവരങ്ങള്‍ ഉണ്ട്.  സര്‍ക്കാര്‍എയിഡഡ് സ്‌കൂളുകളിലെ വിവിധ വിഭാഗങ്ങളിലെ എല്ലാ അധ്യാപകരുടേയും ജീവനക്കാരുടേയും തസ്തികകളും പേരും പ്രത്യേകം നല്‍കിയിട്ടുണ്ട്.  ഓരോ ക്ലാസിലെയും വിവിധ മീഡിയം തിരിച്ച് കുട്ടികളുടെ എണ്ണം നല്‍കിയിട്ടുണ്ട്.  സ്‌കൂളിന്റെ ചരിത്രം, വിവിധ ക്ലബ്ബുകള്‍, പ്രവര്‍ത്തനങ്ങള്‍ പ്രശസ്തരായ പൂര്‍വ വിദ്യാര്‍ത്ഥികള്‍, ദിനാചരണങ്ങള്‍ തുടങ്ങിയവ ചിത്രസഹിതം വിവരിക്കുന്ന സ്‌കൂളിന്റെ 'സ്‌കൂള്‍ വിക്കി' പേജിലേക്കും സമേതത്തില്‍ നിന്നും നേരിട്ട് പ്രവേശിക്കാം.
           'സമേതം' ഹോം പേജില്‍ത്തന്നെ കേരളത്തിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് മേഖലകളിലെ 5 വിഭാഗം സ്‌കൂളുകളുടെയും തരംതിരിച്ചിട്ടുള്ള എണ്ണം, കുട്ടികളുടെ എണ്ണം സര്‍ക്കാര്‍എയ്ഡഡ് മേഖലയിലെ അധ്യാപകരുടെയും അനധ്യാപകരുടെയും എണ്ണം എന്നിങ്ങനെ തരംതിരിച്ച് നല്‍കിയിട്ടുണ്ട്.  ഉപയോക്താക്കള്‍ക്ക് സഹായകമാകുന്നവിധം യൂസര്‍ഗൈഡും, വീഡിയോ ട്യൂട്ടോറിയലും ഈ പേജില്‍ത്തന്നെയുണ്ട്.
                പ്രത്യേകം ലോഗിന്‍ ചെയ്യാതെ തന്നെ വിഭാഗങ്ങള്‍ തിരിച്ചും ജില്ല തിരിച്ചും സ്‌കൂളുകളുടെ പേജിലേക്കെത്താം. ഇനി അല്ലാതെ ഒരു സ്‌കൂളിന്റെ പേരോ, സ്‌കൂള്‍ കോഡോ, സ്ഥലത്തിന്റെ പേരോ 'സേര്‍ച്ച്' ഭാഗത്ത് നല്‍കിയും സ്‌കൂളുകളിലെത്താം.  ജില്ല, പാര്‍ലമെന്റ്അസംബ്ലി മണ്ഡലങ്ങള്‍, ത്രിതല പഞ്ചായത്തുകള്‍, വിദ്യാഭ്യാസ ജില്ല, ഉപജില്ല എന്നിങ്ങനെ തരംതിരിച്ച് ആ പരിധിയില്‍ വരുന്ന സ്‌കൂളുകളെ മുഴുവനായും അഡ്വാന്‍സ്ഡ് സേര്‍ച്ചിലൂടെ കണ്ടെത്താം. സ്‌കൂളുകള്‍ക്കും രക്ഷകര്‍ക്കാക്കള്‍ക്കും മാത്രമല്ല എല്ലാ വിഭാഗം ജനപ്രതിനിധികള്‍ക്കും വിദ്യാഭ്യാസ വകുപ്പുദ്യോഗസ്ഥര്‍ക്കും, ഗവേഷകര്‍ക്കുമെല്ലാം ഒരുപോലെ പ്രയോജനപ്പെടുന്ന വിധമാണ് സുരക്ഷയും സ്വകാര്യതയും ഉറപ്പുവരുത്തി 'സമേത'ത്തില്‍ വിവരങ്ങള്‍ നല്‍കിയിട്ടുള്ളത്.  ഡാറ്റ ലഭിക്കുന്നതിനായി വിവിധ ഓഫീസുകള്‍ കയറിയിറങ്ങേണ്ട സാഹചര്യം ഇതുവഴി ഇല്ലാതാകും എന്ന് മാത്രമല്ല വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കാനും 'സമേതം' വഴി സാധിക്കും. കേരളത്തില്‍ പൊതുഡൊമൈനില്‍ ലഭ്യമാകുന്ന ഏറ്റവും ബൃഹത്തായ ഡാറ്റാ ബാങ്കാണ് 'സമേതം'
            'സമേതം' പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി.  'സമേത'ത്തിനായി സ്‌കൂളുകള്‍ പ്രത്യേക വിവരം നല്‍കേണ്ടതില്ല.  ഹൈസ്‌കൂള്‍ വരെയുള്ള വിവരങ്ങള്‍ 'സമ്പൂര്‍ണ' സോഫ്റ്റ്‌വെയറില്‍ നിന്നും, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗങ്ങളുടെ വിവരങ്ങള്‍ അവരുടെ അഡ്മിഷന്‍ പോര്‍ട്ടലില്‍ നിന്നുമാണ്  സമേതത്തില്‍ എടുക്കുന്നത്.  അധ്യാപകരുടേയും ജീവനക്കാരുടേയും വിവരങ്ങള്‍ പൂര്‍ണമായും ധനവകുപ്പിന്റെ 'സ്പാര്‍ക്ക്' പോര്‍ട്ടലില്‍ നിന്നാണ്.  അതിനാല്‍ 'സമേതം' പരിശോധിച്ച് ആവശ്യമായ തിരുത്തലുകള്‍ സമ്പൂര്‍ണ, സ്പാര്‍ക്, അഡ്മിഷന്‍ പോര്‍ട്ടല്‍ എന്നിവിടങ്ങളില്‍ സ്‌കൂളുകള്‍ നടത്തണമെന്നും ഇത് വകുപ്പുദ്യോഗസ്ഥര്‍ പ്രത്യേകം പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും സര്‍ക്കാര്‍ ഉത്തരവ് നിഷ്‌ക്കര്‍ഷിക്കുന്നുണ്ട്.
 
Hits: 418