സംസ്ഥാന ശാസ്ത്ര കോണ്‍ഗ്രസ് തുടങ്ങി

Category: Main News Published: Monday, 04 February 2019
തിരുവനന്തപുരം : നമ്മുടെ സംസ്ഥാനത്തെ ശാസ്ത്ര സമൂഹത്തിന്റെ ഒരു പരിഛേദം തന്നെ പങ്കെടുക്കുന്ന  ശാസ്ത്ര കോണ്‍ഗ്രസ് രാജ്യത്തെ മികച്ചത് എന്ന ഖ്യാതി നേടിക്കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഫാത്തിമ മാതാ നാഷണല്‍ കോളജില്‍ മുപ്പത്തിയൊന്നാം ശാസ്ത്രകോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അക്ഷയതൃതീയയും മാന്ത്രിക ഏലസും ബാധ ഒഴിപ്പിക്കലും കമ്പ്യൂട്ടര്‍ ജാതകവും ഓജാ ബോര്‍ഡും ഫെങ്ഷൂയിയുമൊക്കെ  പടര്‍ന്നുപിടിക്കുന്ന് സാഹചര്യമാണ് കേരളത്തിലും. പരീക്ഷയ്ക്ക് ഉയര്‍ന്ന റാങ്ക് ലഭിക്കുമെന്നു പറഞ്ഞ് മാന്ത്രികമോതിരം വരെ നമ്മുടെ നാട്ടില്‍ വ്യാപകമായി വില്‍ക്കപ്പെടുന്നു. 
           ഒരു കാലത്ത് നമ്മുടെ നാട് പുലര്‍ത്തിവന്നിരുന്ന യുക്തിബോധവും ശാസ്ത്രചിന്തയും എവിടെയോവെച്ച് നമുക്ക് നഷ്ടമായിരിക്കുന്നു. ഏത് പുതിയ ആശയത്തിനുനേര്‍ക്കും മനസ്സു തുറന്നുവയ്ക്കുകയും, അവ പരീക്ഷണവിധേയമാക്കി മാത്രം സ്വീകരിക്കുകയും ചെയ്യുന്ന പതിവ് നല്ലൊരു വിഭാഗം മലയാളികളും പുലര്‍ത്തിവന്നിരുന്നു. അതിന്റെ ഫലമായാണ് കേരളത്തിലെ പല വികസന സൂചികകളും ദേശീയ ശരാശരിയെക്കാള്‍ മുകളിലെത്തിയത്.  എന്നാല്‍ മലയാളിയുടെ അന്ധമായി വിശ്വസിക്കാനുള്ള വിസമ്മതം, തെളിവ് ആവശ്യപ്പെടാനുള്ള ദൃഢനിശ്ചയം, പരീക്ഷണ      വ്യഗ്രത എന്നിവയൊക്കെ ഇന്ന് പഴംകഥയായി മാറിയിരിക്കുന്നു. ഇത്  അനുവദിക്കാന്‍ പാടില്ല. ഈ വലിയ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട ചുമതല       നമ്മുടെ ശാസ്ത്ര സമൂഹത്തിനുണ്ട്.
          ശാസ്ത്രാവബോധമുള്ള തലമുറ ഏതൊരു നാടിന്റെയും സമ്പത്താണ്. അവര്‍ക്കു മാത്രമേ നാടിനെ പുരോഗതിയിലേക്ക് നയിക്കാനാവു. ഈ തിരച്ചറിവാണ്       ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് മെച്ചപ്പെട്ട നിലയില്‍ സംഘടിപ്പിക്കാന്‍ നെഹ്രുവിന് പ്രേരണയായത്. തുടര്‍ന്നുവന്ന ഇന്ദിരാഗാന്ധി ഭരണഘടനയുടെ നാല്‍പത്തിരണ്ടാം ഭേദഗതിയിലൂടെ ശാസ്ത്രബോധവും മാനവികതയും അന്വേഷണത്വരയും വളര്‍ത്തേണ്ടത് ഇന്ത്യന്‍ പൗരന്റെ ചുമതലയാക്കി മാറ്റി. അതോടെ ശാസ്ത്രാവബോധം പ്രചരിപ്പിക്കേണ്ടത്  ഭരണഘടനാപരമായ ചുമതലയായി മാറി. സി.വി. രാമന്‍, ജെ.സി. ബോസ്, പ്രഫുല്ല ചന്ദ്രറോയ്, ബിര്‍ബല്‍ സാഹ്നി, ലൂയി എല്‍ ഫെര്‍മര്‍ തുടങ്ങിയ പ്രഗല്‍ഭര്‍ ചുക്കാന്‍ പിടിച്ചിരുന്ന ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ് ലോകമാകെ ആദരവോടെ ഉറ്റുനോക്കിയ ശാസ്ത്രവേദിയായിരുന്നു. എന്നാല്‍, ഇന്ന് അവിടെ നിന്നും പ്രബന്ധാവതരണ രൂപത്തിലും ഉദ്ഘാടന പ്രസംഗങ്ങളുടെ രൂപത്തിലും പുറത്തുവരുന്ന മണ്ടത്തരങ്ങള്‍ക്ക് കയ്യുംകണക്കുമില്ല.
        രാമായണത്തിലെയും മഹാഭാരതത്തിലെയും കഥാപാത്രങ്ങള്‍ക്കും സംഭവങ്ങള്‍ക്കും ശാസ്ത്രീയ തെളിവുകളുണ്ടെന്ന് പ്രചരിപ്പിച്ച് രാജ്യത്തിന്റെ പാരമ്പര്യം ഉറപ്പിച്ചെടുക്കാനാണ് അക്കാദമീഷ്യ•ാര്‍ എന്നു പറയുന്ന ഒരു വിഭാഗം മത്സരിക്കുന്നത്. കൗരവര്‍ ജനിച്ചത് ടെസ്റ്റ് ട്യൂബ് സാങ്കേതികവിദ്യയിലൂടെയാണ്, കര്‍ണ്ണന്റെ ജനനം ജനിതകശാസ്ത്രത്തിന് ഉദാഹണമാണ്, പ്ലാസ്റ്റിക് സര്‍ജറി പണ്ടുണ്ടായിരുന്നു എന്നതിന്റെ തെളിവാണ് ഗണപതി, ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തേക്കാള്‍ മികച്ചതാണ് മഹാവിഷ്ണുവിന്റെ ദശാവതാരം, റൈറ്റ് സഹോദര•ാര്‍ക്കു മുമ്പേ ഭാരതം വിമാനം കണ്ടുപിടിച്ചിരുന്നു, ഓക്‌സിജന്‍ ശ്വസിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന വിശുദ്ധ മൃഗമാണ് പശു, ശത്രുനിഗ്രഹം സാധിച്ചു മടങ്ങിവരുന്ന മിസൈലാണ് പഴയ സുദര്‍ശനചക്രം തുടങ്ങി അബദ്ധജടിലങ്ങളായ പ്രസ്താവനകള്‍ നിറഞ്ഞതാണ് ഇന്നത്തെ ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ്സുകള്‍. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ തന്നെയാണ് ഇതൊക്കെ പറയുന്നതെന്നു  തിരിച്ചറിയേണ്ടതുണ്ട്. 
ഐതിഹ്യങ്ങളിലെ കഥാപാത്രങ്ങളെ ആധുനികശാസ്ത്രവുമായി കൂട്ടിക്കലര്‍ത്തി, വളര്‍ന്നുവരുന്ന തലമുറയുടെ ശാസ്ത്രബോധത്തെ യുക്തിരഹിതമാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം തന്നെയാണിത്. ശാസ്ത്രത്തെ കൂടി ഹൈന്ദവവത്ല്‍ക്കരിക്കുക എന്ന ഹീനശ്രമവും ഇതിനു പിന്നിലുണ്ട്.
         പുനരുത്ഥാന ചിന്ത സമൂഹത്തില്‍ ഉറപ്പിക്കുന്നതിനു തടസ്സമായി നില്‍ക്കുന്നത് ശാസ്ത്രബോധമാണ്. അതുകൊണ്ടുതന്നെ ശാസ്ത്രബോധമനുസരിച്ച് സമൂഹത്തെ പരിഷ്‌കരിക്കുന്നതിനുള്ള ഏത് ശ്രമവും വര്‍ഗീയശക്തികള്‍ ചെറുക്കും. പകരം കുട്ടിച്ചാത്തന്‍സേവയും ഭാഗ്യമന്ത്രങ്ങളും ഏലസ്സുകളും പ്രത്യേക ശംഖുകളും മുന്‍നിര്‍ത്തിയുള്ള ഭാഗ്യാന്വേഷണങ്ങള്‍ അവര്‍ പ്രോത്സാഹിപ്പിക്കും. ജ്യോതിശാസ്ത്രത്തെ എതിര്‍ക്കുന്ന അവര്‍ ജ്യോതിഷത്തിനു എല്ലാ പ്രോത്സാഹനവും നല്‍കും. ഇന്റര്‍നെറ്റ് അടക്കമുള്ള ആധുനിക സാങ്കേതികവിദ്യകള്‍ പോലും ഇതിനായി അവര്‍ ഉപയോഗപ്പെടുത്തുന്നു എന്നതാണ് കൗതുകകരമായ വസ്തുത. ഇത്തരം പ്രവണതകള്‍ക്കെതിരെ ശാസ്ത്രലോകത്തില്‍ നിന്നും വേണ്ട നിലയിലുള്ള പ്രതിഷേധമുയരുന്നില്ല . 
          നമ്മുടെ പരിസ്ഥിതി, നമ്മുടെ ഭാവി: ശാസ്ത്രസാങ്കേതിക വിദ്യകള്‍ കേരളത്തിന്റെ പുനര്‍നിര്‍മിതിക്ക്'എന്ന വിഷയത്തില്‍ ശാസ്ത്ര കോണ്‍ഗ്രസ്സ് സംഘടിപ്പിച്ചിട്ടുള്ളത് ഈ ഘട്ടത്തില്‍ തീര്‍ത്തും ഉചിതമായി. അതിഭീകരമായ പ്രകൃതിദുരന്തത്തെയും പകര്‍ച്ചവ്യാധി ഭീഷണിയെയും അതിജീവിച്ച് ഒരു നവകേരള സൃഷ്ടിയുമായി നാം മുന്നേറുന്ന ഈ സമത്ത് ഇവിടെ ഉരുത്തിരിയുന്ന ആശയങ്ങള്‍ പുനര്‍നിര്‍മാണ പ്രവര്‍ത്തനത്തിന് ഗുണകരമാകും എന്ന് ഉറപ്പാണ്. 
          അനിയന്ത്രിതമായ പ്രകൃതിചൂഷണമാണ് പ്രകൃതിദുരന്തത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്. അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ തുടര്‍ദുരന്തങ്ങളെ പ്രതിരോധിക്കാനുള്ള കര്‍മ്മപദ്ധതി സര്‍ക്കാര്‍ തയ്യാറാക്കിവരികയാണ്. ശാസ്ത്രീയമായി നടത്തുന്നപുനര്‍നിര്‍മ്മാണ പ്രക്രിയയില്‍ മുഖ്യ പങ്കുവഹിക്കാനാകുന്നത് ശാസ്ത്ര ലോകത്തിനു തന്നെയാണ്. പ്രളയത്തെ തുടര്‍ന്ന് നഷ്ടമായ ജൈവസമ്പത്ത് തിരിച്ചുപിടിക്കാന്‍ എന്തൊക്കെ ചെയ്യാമെന്ന് ഗൗരവമായി ചര്‍ച്ച ചെയ്യണം.  പൊതുസമൂഹത്തെ മുന്നില്‍കണ്ടുള്ള പ്രവര്‍ത്തനരീതി ഉറപ്പാക്കാന്‍ നിത്യജീവിതവുമായും രാഷ്ട്രീയവുമായും വികസനവുമായുമൊക്കെ ശാസ്ത്രത്തെ ബന്ധപ്പെടുത്തി അവതരിപ്പിക്കണം. 
       ബാല്യത്തില്‍ കുഞ്ഞുമനസ്സുകളിലേക്ക് അയുക്തികമായ കഥകള്‍ പകര്‍ന്നുകൊടുക്കുന്നതിന് പകരം യുക്തിപൂര്‍ണമായവ പറഞ്ഞു കൊടുക്കണം. ശാസ്ത്രയുക്തി  ചെറുപ്രായത്തില്‍ തന്നെ ആര്‍ജിച്ചു തുടങ്ങുന്നതിന് വേണ്ടി ചോദ്യം ഉന്നയിക്കാനുള്ള കഴിവും ജിജ്ഞാസ വളര്‍ത്തണം എന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം. സി. ദത്തന്‍ അധ്യക്ഷനായി. മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ, മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു, എന്‍. കെ. പ്രേമചന്ദ്രന്‍ എം. പി., എം. എല്‍. എ മാരായ എം. മുകേഷ്, എം. നൗഷാദ്, കോളജ് പ്രിന്‍സിപ്പല്‍ വിന്‍സന്റ് നെറ്റോ തുടങ്ങിയവര്‍ പങ്കെടുത്തു. 
 
 
Hits: 209