Tuesday 18th of June 2019

പെണ്‍ശക്തി വിളിച്ചോതി വനിതാമതില്‍

Category: Main News Published: Thursday, 03 January 2019
തിരുവനന്തപുരം: കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലേക്ക് ഒരു കൊടുങ്കാറ്റായി വില്ലുവണ്ടി ഓടിച്ചു കയറിയ അയ്യന്‍കാളിയുടെ പ്രതിമയെ സാക്ഷിയാക്കി പുതിയൊരു നവോത്ഥാനത്തിന് തുടക്കം കുറിച്ച് തലസ്ഥാനത്തെ വീരാംഗനകള്‍ വന്‍മതില്‍ തീര്‍ത്തു. നാടിനെ ഇരുട്ടിലേക്ക് വലിച്ചിടാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്ക് കടുത്ത താക്കീതായി മൂന്നു ലക്ഷത്തിലധികം വനിതകളാണ് തലസ്ഥാനത്ത് അണിനിരന്നത്. 
 
കടമ്പാട്ടുകോണം മുതല്‍ വെള്ളയമ്പലം വരെ 43.5 കിലോമീറ്ററാണ് വനിതാ മതില്‍ തീര്‍ത്തത്. പ്രധാനയിടങ്ങളിലെല്ലാം രണ്ടും മൂന്നും വരികളായി വനിതകള്‍ മതിലില്‍ അണിനിരന്നു. 
 
വൈകിട്ട് മൂന്നു മണിയോടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ മതിലില്‍ അണിനിരക്കാനായി നിശ്ചയിച്ചു നല്‍കിയ സ്ഥലങ്ങളിലെത്തിയിരുന്നു. 3.45ന് ട്രയല്‍ റണ്‍ നടന്നു. കൃത്യം നാലു മണിക്ക് വനിതകള്‍ റോഡിന്റെ ഇടതു വശത്തായി മതില്‍ തീര്‍ത്തു. വനിതാ മതിലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റോഡിന്റെ മറുവശത്ത് പുരുഷന്‍മാരും മതില്‍ സൃഷ്ടിച്ചു. തുടര്‍ന്ന് ഡോ.ടി. എന്‍. സീമ പതിജ്ഞ ചൊല്ലിക്കൊടുത്തു. 
 
വെള്ളയമ്പലത്ത് നടന്ന പൊതുസമ്മേളനം സി. പി. എം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് ഉദ്ഘാടനം ചെയ്തു. വനിതാ മതിലിന്റെ അവസാന കണ്ണിയും ബൃന്ദാകാരാട്ടായിരുന്നു. 
 
പതിനായിരങ്ങളാണ് പൊതുസമ്മേളന വേദിയിലെത്തിയത്. വെള്ളയമ്പലം അയ്യങ്കാളി പ്രതിമയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുഷ്പഹാരം അണിയിച്ചു. ബൃന്ദാ കാരാട്ട്, ആനി രാജ എന്നിവര്‍ പുഷ്പാര്‍ച്ചന നടത്തി. മന്ത്രിമാരായ ഡോ. ടി. എം. തോമസ് ഐസക്ക്, കടകംപള്ളി സുരേന്ദ്രന്‍, ഇ. പി. ജയരാജന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. മുഖ്യമന്ത്രി, ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി. എസ്. അച്യുതാനന്ദന്‍, ആനിരാജ, നവോത്ഥാന മൂല്യ സംരക്ഷണ  സമിതി കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍ എന്നിവര്‍ പൊതുയോഗത്തില്‍ സംബന്ധിച്ചു.
 
ഭാര്‍ഗവി തങ്കപ്പന്‍, ബീനാപോള്‍, വി. എസ്. അച്യുതാനന്ദന്റെ ഭാര്യ വസുമതി, മുഖ്യമന്ത്രിയുടെ ഭാര്യ കമല, സി. പി. എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി, മറ്റു കുടുംബാംഗങ്ങള്‍, മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഭാര്യ സുലേഖ, അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആഷാ തോമസ്, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസ്, ജില്ലാ കളക്ടര്‍ കെ. വാസുകി, ഐ.പി. എസ് ഉദ്യോഗസ്ഥ നിശാന്തിനി, വനിതാശിശുവികസന വകുപ്പ് ഡയറക്ടര്‍ ഷീബാ ജോര്‍ജ്, ഷീലാ തോമസ്, ഭാഗ്യലക്ഷ്മി, വിധു വിന്‍സെന്റ്, പുന്നല ശ്രീകുമാറിന്റെ ഭാര്യ ബീന, മകള്‍ ഗൗരിനന്ദന, സുജസൂസന്‍ ജോര്‍ജ്, രാധികാ രാജശേഖരന്‍, ലക്ഷ്മിനായര്‍, ലക്ഷ്മി രാജീവ്, പി. എസ്. ശ്രീകല, ഡോ. മൃദുല്‍ ഈപ്പന്‍, ധന്യാ രാമന്‍, ക്യൂബയില്‍ നിന്നുള്ള മിഷേല്‍ എന്നിവര്‍ വനിതാ മതിലിന്റെ ഭാഗമായി. ധനമന്ത്രി തോമസ് ഐസക്കിന്റെ മക്കളായ സാറ, ഡോറ എന്നിവരും മതിലില്‍ അണിനിരന്നു. 
 
കോടിയേരി ബാലകൃഷ്ണന്‍, കാനം രാജേന്ദ്രന്‍, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം. വി. ജയരാജന്‍, സോമപ്രസാദ് എം. പി, സി. ദിവാകരന്‍ എം. എല്‍. എ, മേയര്‍ വി. കെ. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, പന്ന്യന്‍ രവീന്ദ്രന്‍, ആനാവൂര്‍ നാഗപ്പന്‍, വി. ശിവന്‍കുട്ടി, ജി. ആര്‍. അനില്‍, കുമാര്‍ സാഹ്‌നി എന്നിവരും ഐക്യദാര്‍ഢ്യം അറിയിച്ചെത്തിയിരുന്നു. 
 
വനിതാ മതിലില്‍ ആറ്റിങ്ങല്‍ മേഖലയില്‍ പങ്കെടുത്തത് പതിനായിരങ്ങള്‍. ആറ്റിങ്ങല്‍ എഞ്ചിനീയറിംഗ് കോളേജ് മുതല്‍ മംഗലപുരം ജംഗ്ഷന്‍ വരെയുള്ള ഭാഗത്ത് ആയിരക്കണക്കിനു സ്ത്രീകളാണ് അണിനിരന്നത്. അഡ്വ. എ. സമ്പത്ത് എം.പി പിന്തുണയുമായെത്തി.
 
ആറ്റിങ്ങല്‍ മുതല്‍ കോരാണി വരെ പതിനായിരങ്ങള്‍ മതില്‍ തീര്‍ത്തു. ചിറയിന്‍കീഴ് മുന്‍ ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് ഒ.എസ് അംബിക പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കോരാണി മുതല്‍ ചെമ്പകമംഗലം വരെ കോവളം മണ്ഡലത്തില്‍ നിന്നുള്ളവര്‍ അണി നിരന്നു. ഏഴ് മേഖലകളിലായി മതില്‍ തീര്‍ത്ത വനിതകള്‍ക്ക് ജനപ്രതിനിധികള്‍ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ചെമ്പകമംഗലം മുതല്‍ മംഗലപുരം വരെ നേമം മണ്ഡലത്തില്‍ നിന്നുള്ള 8,000  സ്ത്രീകള്‍ മതില്‍ തീര്‍ത്തു. മംഗലപുരത്ത് നളന്ദ വായ്‌മൊഴിക്കൂട്ടം അവതരിപ്പിച്ച കലാപരിപാടികള്‍ വ്യത്യസ്തമായി.
 
വര്‍ക്കല മണ്ഡലത്തില്‍ 20,000 സ്ത്രീകളാണ് വനിതാ മതിലില്‍ അണിനിരന്നത്. കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജു ദേവ് തിരുവനന്തപുരം ജില്ലയുടെ തുടക്ക കേന്ദ്രമായ കടമ്പാട്ടുകോണത്ത് മതിലിന്റെ ആദ്യകണ്ണിയായി. കടമ്പാട്ടുകൊണം മുതല്‍ തട്ടുപാലം വരെ വര്‍ക്കല മണ്ഡലത്തില്‍ നിന്നുള്ളവര്‍ അണിനിരന്നു. 28ാം കല്ലില്‍ വര്‍ക്കല നഗരസഭാ ചെയര്‍പേര്‍സന്‍ ബിന്ദു ഹരിദാസും കടമ്പാട്ടുകോണത്ത് ഇലകമണ്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി. സുമംഗലയും പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പൊതുസമ്മേളനം വി ജോയ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു ഹരിദാസ്, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബി.പി. മുരളി, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആയിരക്കണക്കിന്  വനിതകളാണ് കല്ലമ്പലത്ത് മതിലില്‍ അണിനിരന്നത്. ആനാട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീജ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പൊതുയോഗം ഡി.കെ. മുരളി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. 
 
പെരിങ്ങമ്മല പഞ്ചായത്ത് പ്രസിഡന്റ് ചിത്രകുമാരി, നന്ദിയോട് പഞ്ചായത്ത് പ്രസിഡന്റ് ദീപ സുരേഷ്, പുല്ലമ്പാറ പഞ്ചായത്ത് പ്രസിഡന്റ് ഹസീന, ജനാധിപത്യ മഹിളാ അസോസിയേഷന്‍ മണ്ഡലം സെക്രട്ടറി ചന്ദ്രിക രഘു, ആദിവാസി ക്ഷേമ സമിതി ജില്ലാ വൈസ് പ്രസിഡന്റ് ചിത്രകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.
 
കേശവദാസപുരംഉള്ളൂര്‍ മേഖലകളില്‍ മതിലിന്റെ ഭാഗമായത് പതിനായിരങ്ങളാണ്. കേശവദാസപുരം ജംഗ്ഷനില്‍ ബി. ഇന്ദിരാദേവി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുട്ടട വാര്‍ഡ് കൗണ്‍സിലര്‍ ആര്‍.ഗീതാ ഗോപാല്‍ അധ്യക്ഷത വഹിച്ച യോഗം മഹിളാ സംഘം സംസ്ഥാന കമ്മിറ്റി അംഗം ഡി.വസന്തകുമാരി ഉദ്ഘാടനം ചെയ്തു. മുന്‍ മേയര്‍ ജെ. ചന്ദ്രിക പങ്കാളിയായി. 
 
ഉള്ളൂരില്‍ നടന്ന പൊതു സമ്മേളനത്തില്‍  കൊല്ലം മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കേരളാ മഹിളാ സംഘം നേതാവുമായ കെ.ദേവകി അധ്യക്ഷയായി. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റി അംഗമായ എം. ജി. മീനാംബിക സമ്മേളനം ഉദഘാടനം ചെയ്തു. കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ മുന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ സോനാ റാണി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സാമൂഹ്യസാംസ്‌കാരിക പ്രവര്‍ത്തകര്‍, വിവിധ മഹിളാ സംഘടനാ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്നിവര്‍ ചരിത്ര മതിലിന്റെ ഭാഗമായി. 
 
വനിതാ മതിലില്‍ പള്ളിപ്പുറം സി.ആര്‍.പി.എഫ് ജംഗ്ഷന്‍ മുതല്‍ വെട്ടു റോഡ് വരെ ചരിത്ര മതിലിന്റെ ഭാഗമായത് പതിനായിരത്തോളം വനിതകള്‍. വിതുര പഞ്ചായത്ത് പ്രസിഡന്റ് എസ്.എല്‍. കൃഷ്ണകുമാരിയും ജില്ലാ മഹിളാ അസോസിയേഷന്‍ പ്രസിഡന്റ് സബിത ഷൗക്കത്തലിയും പ്രതിജ്ഞ ചൊല്ലി കൊടുത്തു. വിവിധ കേന്ദ്രങ്ങളില്‍ ജനപ്രതിനിധികള്‍ സി.ഡി.എസ്. ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ല പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ്.കെ. പ്രീജ, നേമം ബ്ലോക്ക് പ്രസിഡന്റ് എല്‍. ശകുന്തളകുമാരി, കാട്ടാക്കട പഞ്ചായത്ത് പ്രസിഡന്റ് അജിത, പഞ്ചായത്ത് മെമ്പര്‍ ശോഭന തുടങ്ങിയവര്‍ പ്രതിജ്ഞ ചൊല്ലി കൊടുത്തു. പാറശ്ശാല, കഴക്കൂട്ടം മണ്ഡലങ്ങളില്‍ നിന്നും എത്തിയവര്‍ക്ക് വിവിധ ജനപ്രതിനിധികള്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
 
 
Hits: 168