Saturday 19th of January 2019

നാടിന്റെ മതനിരപേക്ഷതയ്ക്ക് പിന്നില്‍ നവോത്ഥാന പ്രസ്ഥാനങ്ങള്‍

Category: Main News Published: Tuesday, 01 January 2019
തിരുവനന്തപുരം: പ്രളയകാലത്ത് ഒരേമനസ്സോടെ, ഒറ്റക്കെട്ടോടെ നാട് പ്രവര്‍ത്തിച്ചതിന് പ്രധാനകാരണം നാട് ഉയര്‍ത്തിപ്പിടിച്ച മതനിരപേക്ഷതയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നവോത്ഥാന പ്രസ്ഥാനങ്ങളുടെ ഇടപെടലാണ് ഇത്തരമൊരു പാരമ്പര്യം രൂപപ്പെട്ടതിന് പിന്നിലെന്നും മുഖ്യമന്ത്രി പറഞ്ഞു. സമസ്ത ജനവിഭാഗങ്ങളെയും മാറ്റിമറിച്ച കേരളീയ നവോത്ഥാനത്തിന്റെ ശക്തിസ്രോതസ്സായിരുന്നു ശ്രീനാരായണ ഗുരുവെന്നും അദ്ദേഹം പറഞ്ഞു. ശിവഗിരി തീര്‍ഥാടനത്തോടനുബന്ധിച്ച് കേരളത്തിന്റെ പുനര്‍നിര്‍മാണം ഗുരുദര്‍ശനത്തിലൂടെ എങ്ങനെ സാധ്യമാക്കാം എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
ആധുനിക കേരളം കെട്ടിപ്പടുക്കുന്നതില്‍ സുപ്രധാനപങ്കാണ് ഗുരു വഹിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മതസൗഹാര്‍ദപരമായ സമൂഹം സൃഷ്ടിക്കുന്നതിന് ഗുരു സ്വീകരിച്ച വഴി കേരളത്തിന്റെ യോജിപ്പിന് അടിത്തറയായി.നാടിന്റെ വികസനവും നവോത്ഥാന ചിന്താഗതിയും കൂട്ടിയോജിപ്പിച്ചു മുന്നോട്ടുപോകാനായി എന്നതാണ് ഗുരുവിന്റെ പ്രത്യേകത. കേരളത്തിന്റെ പുനര്‍നിര്‍മാണം എന്നത് ഓരോ കേരളീയന്റെയും പുനര്‍നിര്‍മാണമാണ്. കൂടുതല്‍ മെച്ചപ്പെട്ട അവസ്ഥയിലേക്ക് ഓരോരുത്തരെയും വളര്‍ത്തിയെടുക്കുന്ന പ്രക്രിയയാണ്. 
പ്രളയ സമൂഹത്തുണ്ടായപോലെ ജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളുടെയും കൂട്ടായ്മയാണ് ആവശ്യമെന്നും അതിന് കേരളീയ സമൂഹം തയ്യാറാവണമെന്നനും മുഖ്യമന്ത്രി പറഞ്ഞു. പുനര്‍നിര്‍മാണം സമയബന്ധിതമായി നടപ്പാക്കാനാണ് ഉദ്ദേശ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അധ്യക്ഷനായിരുന്നു. ജലവിഭവമന്ത്രി കെ. കൃഷ്ണന്‍കുട്ടി, ഗതാഗതമന്ത്രി എ. കെ. ശശീന്ദ്രന്‍, എ.സമ്പത്ത് എം.പി., വി. ജോയ് എം.എല്‍എ., ആസൂത്രണ ബോര്‍ഡ് അംഗം കെ. രവിരാമന്‍, സ്വാമി സാന്ദ്രാനന്ദ, സ്വാമി അമേയാനന്ദ തുടങ്ങിയവര്‍ സംസാരിച്ചു.
 
Hits: 38