Thursday 22nd of August 2019

സ്‌കൂള്‍ കലോല്‍സവം : ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍

Category: Main News Published: Monday, 03 December 2018
ആലപ്പുഴ: 59ാമത് സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന് നാലുനാള്‍ ശേഷിക്കേ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലെന്ന് വിലയിരുത്തല്‍. അവസാനവട്ട പ്രവര്‍ത്തനങ്ങള്‍ സ്വാഗതസംഘം അധ്യക്ഷനായ പൊതുമരാമത്തുമന്ത്രി ജി.സുധാകരന്‍ വിലയിരുത്തി. ആലപ്പുഴയുടെ തനിമയ്ക്കും സര്‍ക്കാരിന്റെ ഔന്നത്യത്തിനും യോജിക്കും വിധം പരമാവധി പരാതി രഹിതമായി മേള സംഘടിപ്പിക്കാന്‍ ഏവരുടെയും സഹായ സഹകരണം അദ്ദേഹം അഭ്യര്‍ഥിച്ചു. മറ്റു ജില്ലകളില്‍ നിന്ന് മേളയ്ക്കായി എത്തുന്ന വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്നും താമസസ്ഥലങ്ങളില്‍ ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. 
 
പ്രളയം സാമ്പത്തികമായി ആലപ്പുഴയെ വല്ലാതെ ബാധിച്ചിട്ടുണ്ട്. ഈ പരാധീനത ഏറ്റെടുപ്പിക്കാതെ തന്നെ വിദ്യാഭ്യാസ വകുപ്പ് ആവശ്യമായ സജ്ജീകരണം ഇവിടെ ഒരുക്കുന്നുണ്ട്. സ്വാഭാവികമായും പരാതികള്‍ ഉണ്ടാകുമെങ്കിലും പരിഹരിക്കപ്പെടാത്ത ഒരു പരാതിയും ഉണ്ടാകാതിരിക്കാന്‍ വിവിധ സമിതികള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണം. കലോല്‍സവത്തിന്റെ നിയമാവലി പാലിച്ച് മാതൃകാപരമായി ഈ മേള നടത്താന്‍ ആലപ്പുഴയ്ക്കു കഴിയട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ചടങ്ങില്‍ മല്‍സരയിനങ്ങളും വേദികളും പരാമര്‍ശിക്കുന്ന കലോല്‍സവ കലണ്ടറും അദ്ദേഹം പ്രകാശനം ചെയ്തു. 
 
 
 
29 വേദികള്‍ 12000 മല്‍സരാര്‍ഥികള്‍
 
29 വേദികളിലായി പരമാവധി ചെലവു കുറഞ്ഞ രീതിയില്‍ മികച്ച നിലയിലാണ് കലോല്‍സവം സംഘാടനം ചെയ്തിട്ടുള്ളതെന്ന് മേളയുടെ കോചെയര്‍മാനായ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. 12000 വിദ്യാര്‍ഥികളും രക്ഷിതാക്കളുമാണ് മേളയ്ക്ക് എത്തുകയെന്നാണ് പ്രതീക്ഷ. ഇവര്‍ക്കാവശ്യമായ അത്യാവശ്യം സൗകര്യങ്ങളെല്ലാം ഒരുക്കി വരികയാണെന്നും ഇക്കാര്യത്തില്‍ പരാതിക്കിട നല്‍കാത്ത വിധം പ്രവര്‍ത്തനം ഏകോപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 
വേദികള്‍ സജ്ജമാകുന്നു
 
29 വേദികളുടെയും പെയിന്റിങ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് പ്രോഗ്രാം കമ്മറ്റി അധ്യക്ഷനായ നഗരസഭ ചെയര്‍മാന്‍ തോമസ് ജോസഫ് പറഞ്ഞു. വിവിധ വേദികളുടെ അറ്റകുറ്റപ്പണിക്കായി 25 ലക്ഷം രൂപയാണ് നരസഭ ചെലവഴിക്കുന്നത്. കലോല്‍സവമാകെ ഹരിതചട്ടം പാലിക്കുന്നുവെന്നുറപ്പാക്കാന്‍ നഗരസഭയുടെ മുഴുവന്‍ സംവിധാനവും ഉപയോഗിക്കും. നെഹ്‌റുട്രോഫി വള്ളംകളി കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ നഗരം മുഴുവന്‍ വൃത്തിയാക്കിയ മാതൃകയില്‍ കലോല്‍സവ നാളുകളിലും നഗരസഭ ജീവനക്കാരും സന്നദ്ധപ്രവവര്‍ത്തകരും ഒത്തൊരുമിച്ചു പ്രവവര്‍ത്തിക്കും.
 
രജിസ്‌ട്രേഷന്‍ ആറിന് തുടങ്ങും
 
മേളയിലേക്കുള്ള വിദ്യാര്‍ഥികള്‍ ഈ മാസം അഞ്ചോടെ ഇവിടെ എത്തിത്തുടങ്ങുമെന്നാണ് പ്രതീക്ഷ. ആറിന് രാവിലെ രജിസ്‌ട്രേഷന്‍ നടപടികള്‍ തുടങ്ങും. ഇവര്‍ക്കും അധ്യാപകര്‍ക്കും സംഘാടകര്‍ക്കും ഉള്‍പ്പടെയുള്ളവര്‍ക്ക് നല്‍കാനുള്ള ബാഡ്ജുകള്‍ അഞ്ചിന് തയ്യാറാകും. 14 കേന്ദ്രങ്ങളിലായി 60 അധ്യാപകരാണ് രജിസ്‌ട്രേഷന്‍ കൗണ്ടറിലുണ്ടാവുക. 
 
12 സ്‌കൂളുകളില്‍ താമസസൗകര്യം
 
കലോല്‍സവം നഗരത്തിലെ തന്നെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചായതിനാല്‍ അറവുകാട് മുതല്‍ തുമ്പോളി വരെയുള്ള ഭാഗങ്ങളിലെ 12 സ്‌കൂളുകളിലാണ് വിദ്യാര്‍ഥികള്‍ക്കുള്ള താമസ സൗകര്യം ഒരുക്കുന്നത്. ഇവിടങ്ങളില്‍ സഹായത്തിനായി പ്രാദേശികമായി ജനകീയ സമതികളും 20 വിദ്യാര്‍ഥികള്‍ വീതമടങ്ങിയ സൗഹൃദ സേനകളും ഉണ്ടാകും. താമസകേന്ദ്രങ്ങളില്‍ സുരക്ഷയ്ക്കായി പൊലീസ് സേവനവും ലഭ്യമാക്കും.
 
ഭക്ഷണവിതരണം നാലുകേന്ദ്രങ്ങളില്‍
 
മല്‍സരാര്‍ഥികള്‍ക്കുള്ള ഭക്ഷണം തയ്യാറാക്കുക ഇ.എം.എസ്. സ്‌റ്റേഡിയത്തില്‍ ഒരുക്കുന്ന പ്രധാന കലവറയിലാകുമെങ്കിലും മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി നാലു കേന്ദ്രങ്ങള്‍ വഴിയാകും വിതരണം. ചെലവുചുരുക്കലിന്റെ ഭാഗമായാണിത്. പ്രത്യേക വാഹനങ്ങല്‍ ഭക്ഷണവും കുടിവെള്ളവും ഇവിടെ നിന്ന് നേരത്തെ എത്തിക്കുമെന്ന് ഭക്ഷണസമതി അധ്യക്ഷനായ മല്‍സ്യഫെഡ് ചെയര്‍മാന്‍ പി.പി.ചിത്തരഞ്ജന്‍ പറഞ്ഞു. അഞ്ചുതരം കറിയും ചോറും പായസവും ഉള്‍പ്പെടുന്നതാകും ഉച്ചഭക്ഷണം. രാവിലെ ഇഡലി, ഉപ്പുമാവ് എന്നിവ മാറിമാറി നല്‍കും. സ്റ്റേഡിയത്തില്‍ 10000 ചതുരശ്രയടി വിസ്തീര്‍ണമുള്ള പ്രധാന പന്തല്‍ ഇതിനായി സജ്ജമാക്കും. 
 
എല്ലാകേന്ദ്രങ്ങളിലും ബുഫെ മാതൃകയിലാകും ഭക്ഷണവിതരണം. ആവശ്യത്തിന് സ്റ്റീല്‍ പാത്രങ്ങള്‍ ഇതിനായി സ്വരൂപിച്ചിട്ടുണ്ട്. കലോല്‍സവ ഭക്ഷണം തയ്യാറാക്കുന്ന പഴയിടം മോഹനന്‍ നമ്പൂതിരി ഇതിനകം രണ്ടു തവണയെത്തി ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ആറിനെത്തുന്ന കുട്ടികള്‍ക്കു കൂടി ഭക്ഷണം കരുതണമെന്ന മന്ത്രിയുടെ നിര്‍ദേശം നടപ്പാക്കുമെന്നും ചിത്തരഞ്ജന്‍ പറഞ്ഞു. മേളയില്‍ പങ്കെടുക്കുന്നവര്‍ക്കായി പ്രതിദിനം 30000 ലിറ്റര്‍ കുടിവെള്ളം വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. ജല അതോറിട്ടി, ജില്ല ഭരണകൂടം എന്നിവയുടെ നേതൃത്വത്തില്‍ എത്തിക്കും. 
 
വിദ്യാര്‍ഥികളെ സ്വീകരിക്കാന്‍ പ്രത്യേക സംവിധാനം
 
ആറിന് മേളയിലേക്കെത്തുന്ന വിദ്യാര്‍ഥികളെ സ്വീകരിച്ച് താമസകേന്ദ്രങ്ങളിലെത്തിക്കാന്‍ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുക. 18 സ്‌കൂള്‍ ബസുകള്‍ ഇതിനായി ക്രമീകരിക്കും. കെ.എസ്.ആര്‍.ടി.സി. സ്റ്റാന്റ്, റയില്‍വേ സ്റ്റേഷന്‍ എന്നിവടങ്ങളില്‍ പ്രത്യേക സഹായകേന്ദ്രങ്ങളും യാത്രാസൗകര്യവും ഏര്‍പ്പെടുത്തും. കലോല്‍സവ വേദികളെ ബന്ധിപ്പിച്ച് ഓട്ടോറിക്ഷകള്‍ സൗഹൃദയാത്രകള്‍ സംഘടിപ്പിക്കും. വേദികളെല്ലാം നഗരത്തിലാകയാല്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ കൂടുതല്‍ പൊലീസ് സേനയുടെ സഹായവും ലഭ്യമാക്കും. 
 
സംസ്‌കൃതോല്‍സവവും അറബിക് കലോല്‍സവവും
 
ഇതോടൊപ്പം നടക്കുന്ന സംസ്‌കൃതോല്‍സവത്തിനും , അറബിക് കലോല്‍സവത്തിനും ആയിരത്തോളം വിദ്യാര്‍ഥികളെത്തുമെന്നാണ് പ്രതീക്ഷ. സംസ്‌കൃതോല്‍സവം നാലുവേദികളിലായി 14 ഇനങ്ങളിലാണ് മല്‍സരം. 300 വിദ്യാര്‍ഥികള്‍ പങ്കെടുക്കും. 19 ഇനങ്ങളില്‍ നടക്കുന്ന അറബിക് കലോല്‍സവത്തില്‍ 500 വിദ്യാര്‍ഥികളെത്തും. ഇവയ്ക്കായി രണ്ടു വേദികളാണ സജ്ജമാക്കുക. 
 
സഹായകേന്ദ്രങ്ങള്‍ തുറക്കണമെന്ന് മന്ത്രി
 
 
 കലോല്‍സവത്തിനായി നഗരത്തില്‍ എത്തിച്ചേരുന്ന ഒരു വിദ്യാര്‍ഥിയും രക്ഷിതാവും വേദികളറിയാതെയും വേണ്ട സഹായം കിട്ടാതെയും അലഞ്ഞുതിരിയുന്ന സാഹചര്യം ഉണ്ടാകരുതെന്നും ചെലവു കുറയ്ക്കലിന്റെ ഭാഗമായി സ്വീകരണ സമതികള്‍ രൂപീകരിച്ചിട്ടില്ലെങ്കിലും അതിനായി പ്രത്യേകം സൗകര്യം ഒരുക്കണമെന്നും സംഘാടക സമതി അധ്യക്ഷനായ പൊതുമരാമത്തുമന്ത്രി ജി.സുധാകരന്‍ നിര്‍ദേശിച്ചു. മൂന്നു ദിവസവും ഭക്ഷണത്തോടൊപ്പം പായസം ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും സമാപന ദിനത്തില്‍ അമ്പലപ്പുഴ പായസം നല്‍കാനും മന്ത്രി നിര്‍ദേശിച്ചു.
 
ഒരു സമയം 12000 പേര്‍ക്കുള്ള ഭക്ഷണം വിതരണം ചെയ്യുമ്പോള്‍ അത്രയും മാലിന്യവും ഉണ്ടാകുമെന്നതിനാല്‍ നഗരസഭയുടെ നേതൃത്വത്തില്‍ മാലിന്യനിര്‍മാര്‍ജന സംവിധാനം ഈ ദിവസങ്ങളില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുവെന്നുറപ്പാക്കണം. വിദ്യാര്‍ഥികള്‍ വരുമ്പോഴും പോകുമ്പോഴും വാഹനസൗകര്യം സംബന്ധിച്ച കൃത്യമായ വിവരങ്ങളും ആവശ്യമായ സഹായവും നല്‍കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. 
 
കലോല്‍സവം ആസ്വദിക്കാന്‍ എത്തുന്നവര്‍ ഉള്‍പ്പടെയുള്ള ജനങ്ങളെ നിയന്ത്രിക്കുന്നതിനും മറ്റുമായി ജില്ല പൊലീസ് മേധാവിയുടെ അധ്യക്ഷതയില്‍ പ്രത്യേക സമതി രൂപീകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഇതനനുസരിച്ച് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍, നഗരസഭാധ്യക്ഷന്‍ തോമസ് ജോസഫ്, മല്‍സ്യഫെഡ് ചെയര്‍മാന്‍ പി.പി.ചിത്തരഞ്ജന്‍ എന്നിവരടങ്ങിയ പ്രത്യേക സമതിക്കും യോഗം രൂപം നല്‍കി. ജില്ല കളക്ടര്‍ ഉള്‍പ്പടെയുള്ള ജില്ല ഭരണകൂടത്തിന്റെ മുഴുവന്‍ സഹായവും സാന്നിധ്യവും കലോല്‍സവത്തിലുണ്ടാകണമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ നിര്‍ദേശിച്ചു. 
 
യോഗത്തില്‍ പ്രതിഭ ഹരി എം.എല്‍.എ., ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍, നഗരസഭാധ്യക്ഷന്‍ തോമസ് ജോസഫ്, മല്‍സ്യഫെഡ് ചെയര്‍മാന്‍ പി.പി.ചിത്തരഞ്ജന്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.മോഹന്‍കുമാര്‍, സബ് കളക്ടര്‍ വി.ആര്‍.കൃഷ്ണതേജ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ, ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമതി അധ്യക്ഷന്‍ കെ.ടി.മാത്യു, നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമതി അധ്യക്ഷന്‍ ജി.മനോജ്കുമാര്‍, അഡീഷണല്‍ ഡി.പി.ഐ.മാരായ ജെസി, ജിമ്മി കെ.ജോസ്, വിവിധ സമതി ചെയര്‍മാന്മാര്‍, കണ്‍വീനര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 
 
 
Hits: 219