Saturday 24th of August 2019

കേരളബാങ്ക് വരുന്നതോടെ ബാങ്കിംഗ് മേഖലയില്‍ വന്‍ കുതിച്ചുചാട്ടമുണ്ടാകും

Category: Main News Published: Saturday, 01 December 2018
 
അഗ്രികള്‍ചറല്‍ കോഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്  ഇനി സ്വയംഭരണസ്ഥാപനം
 
 
തിരുവനന്തപുരം : കേരളബാങ്ക് വരുന്നതോടെ ബാങ്കിംഗ് മേഖലയില്‍ വന്‍ കുതിച്ചുചാട്ടമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നമ്മുടെ സമൂഹത്തിന്റെ ആവശ്യങ്ങള്‍ കൃത്യമായി നിറവേറ്റാനാകുംവിധം കേരളബാങ്ക് വളരുമ്പോള്‍ മറ്റു ബാങ്കുകളും ആ വഴിക്ക് വരാന്‍ നിര്‍ബന്ധിതരാകുമെന്നും അദ്ദേഹം പറഞ്ഞു. മണ്‍വിള അഗ്രികള്‍ചറല്‍ കോ ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്വയംഭരണപദവി പ്രഖ്യാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
                                 
കേരളത്തിന്റെ ക്രെഡിറ്റ് മേഖലയില്‍ അത്ഭൂതാവഹമായ മാറ്റങ്ങളാകും കേരള ബാങ്കിന്റെ വരവോടെ ഉണ്ടാവുക. സംസ്ഥാന സഹകരണ ബാങ്കിന്റെ പതിന്മടങ്ങ് ശേഷിയുമായി ഏതു ഷെഡ്യൂള്‍ഡ് ബാങ്കിനോടും കിടപിടിക്കാവുന്ന ഒന്നാകുമത്. റിസര്‍വ് ബാങ്ക് അനുമതി ലഭിക്കുകയാണെങ്കില്‍ പ്രവാസികള്‍ക്ക് സ്വന്തം നാട്ടിലെ പ്രാഥമിക ബാങ്കിലൂടെ പണം വീട്ടിലെത്തിക്കുന്ന സംവിധാനം വരും.
 
ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ സഹായവുമായി മുന്നിട്ടിറങ്ങിയത് എപ്പോഴും സഹകരണസ്ഥാപനങ്ങളാണ്. പ്രളയകാലത്ത് ജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും വായ്പ നല്‍കാന്‍ സഹകരണ ബാങ്കുകള്‍ മുന്നോട്ടു വന്നപ്പോള്‍ മറ്റു ബാങ്കുകള്‍ വലിയ താത്പര്യം കാണിച്ചില്ല. ഇത്തരം കാര്യങ്ങളില്‍ ജനപക്ഷ നിലപാട് സഹകരണ ബാങ്കുകള്‍ക്ക് മാത്രമേയുള്ളൂ. സഹകരണബാങ്കുകള്‍ പ്രളയബാധിതര്‍ക്ക് 2000 വീട് നിര്‍മിച്ചുനല്‍കുന്നതും ഇതിന്റെ ഭാഗമായാണ്. മുമ്പ് കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ നല്‍കുന്ന കാര്യത്തിലും, ക്ഷേമപെന്‍ഷനുകള്‍ വീട്ടിലെത്തിക്കുന്ന കാര്യത്തിലും സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനം പ്രശംസനീയമാണ്. 
 
സഹകാരികള്‍ക്കും സഹകരണബാങ്കിലെ ജീവനക്കാര്‍ക്കും കൃത്യമായ പരിശീലനം കാലികമായി ജോലികള്‍ നിര്‍വഹിക്കാന്‍ ആവശ്യമാണ്. എല്ലാ ഷെഡ്യൂള്‍ഡ് ബാങ്കുകളുടെ രീതിയില്‍ പ്രൊഫഷണലാകണം. കേരളത്തിലെ സഹകരണമേഖലയ്ക്കാകെ നല്ലരീതിയില്‍ പ്രാപ്തി നേടാനാകണം. ദേശീയ, അന്താരാഷ്ട്ര നിലവാരത്തില്‍ അഗ്രികള്‍ചറല്‍ കോഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് പോലുള്ള സ്ഥാപനങ്ങള്‍ക്ക് ഇത്തരം പരിശീലനം നല്‍കാനാവും. സ്ഥാപനത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ക്കപ്പുറം മികച്ച പരിശീലകരെയും ലഭ്യമാക്കാന്‍ ഇതുപോലുള്ള സ്ഥാപനങ്ങള്‍ക്കാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
സാര്‍വദേശീയ അംഗീകാരമുള്ള സ്ഥാപനമായി ഇന്‍സ്റ്റിറ്റ്യൂട്ടിനെ വളര്‍ത്തിയെടുക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് അധ്യക്ഷത വഹിച്ച സഹകരണ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.ചടങ്ങില്‍ സംസ്ഥാന സഹകരണ ബാങ്ക് ചീഫ് ജനറല്‍ മാനേജര്‍ കെ.സി. സഹദേവന്‍, നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ ആര്‍. ശ്രീനിവാസന്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ.ടി. പരന്‍ജ്യോതി, കൗണ്‍സിലര്‍മാരായ ശിവദത്ത്, സുനി ചന്ദ്രന്‍, മേടയില്‍ വിക്രമന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സഹകരണവകുപ്പ് സെക്രട്ടറി മിനി ആന്റണി സ്വാഗതവും സഹകരണ സംഘം രജിസ്ട്രാര്‍ എസ്. ഷാനവാസ് നന്ദിയും പറഞ്ഞു.
 
സംസ്ഥാന, ജില്ലാ സഹകരണ ബാങ്കുകള്‍, പ്രാഥമിക വായ്പാ സഹകരണ ബാങ്കുകള്‍/സംഘങ്ങള്‍ തുടങ്ങിയവയിലെ ഭരണസമിതി അംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കും വിവിധ വിഷയങ്ങളില്‍ അഗ്രികള്‍ചറല്‍ കോഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശീലനം നല്‍കി വരുന്നു. മറ്റു സ്ംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന സഹകാരികള്‍ക്ക് പരിശീലനം നല്‍കുകയും, ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ കൊണ്ടുപോയി പരിശീലനം നല്‍കുകയും ചെയ്യുന്നുണ്ട്. 150 ട്രെയിനികളെ താമസിപ്പിച്ച് പരിശീലനം നല്‍കാനുള്ള ഹോസ്റ്റല്‍, ക്ലാസ്മുറി സൗകര്യവും ഇവിടെയുണ്ട്.സ്വയംഭരണസ്ഥാപനമാകുന്നതോടെ കേരള ബാങ്കിന്റെ രൂപീകരണം മൂലം ക്രെഡിറ്റ് മേഖലയിലുണ്ടാകുന്ന മാറ്റങ്ങള്‍ക്ക് വിധേയമായി പരിശീലന പരിപാടികള്‍ ഒരുക്കും. കൂടാതെ സഹകരണ സംഘങ്ങള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും കണ്‍സള്‍ട്ടന്‍സി സേവനം നല്‍കുകയും ഗവേഷണ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്യും.  
 
 
Hits: 378