Sunday 18th of November 2018

വിദ്യാഭ്യാസ രംഗത്ത് ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി കേരളത്തെ മാറ്റും

Category: Main News Published: Thursday, 08 November 2018
ആലപ്പുഴ : കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ വിപ്ലവം നടത്തുമെന്നും അത് വഴി വിദ്യാഭ്യാസ രംഗത്ത് രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ സംസ്ഥാനമായി കേരളത്തെ മാറ്റുമെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. ഹരിപ്പാട് ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്ഥാപിച്ച സംസ്ഥാനത്തെ പ്രഥമ ഐഡിയല്‍ ലാബിന്റെയും, ഹയര്‍ സെക്കന്‍ഡറി കെട്ടിടത്തിന്റെയും ഉത്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐഡിയല്‍ ലബോറട്ടറി എന്ന നൂതന പദ്ധതി രാജ്യത്തു ആദ്യമായി മുന്നോട്ട് വെച്ചത് കേരളമാണ്. സംസ്ഥാനത്തെ നൂറ്റി നാല്പത് മണ്ഡലങ്ങളിലായി നൂറ്റി നാല്‍പത്തിയൊന്ന് അന്തര്‍ദേശിയ നിലവാരത്തിലുള്ള സ്‌കൂളുകള്‍ നിര്‍മിച്ചു വരികയാണ്. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ തുകയും എം എല്‍ എ മാരുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള തുകയും ഉപയോഗിച്ചാണ് ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. സംസ്ഥാനത്ത് ഇതിനകം നാല്പത്തിഅയ്യായിരം ക്ലാസുകള്‍ ഹൈടെക് ആക്കി കഴിഞ്ഞു. അടുത്ത പ്രവേശനോത്സവത്തിന് മുന്‍പായി ഒന്ന് മുതല്‍ പന്ത്രണ്ട് വരെ എല്ലാ ക്ലാസ്സുകളും ഹൈടെക് ആക്കി മാറ്റും. ഇതുവഴി വിദ്യാഭ്യാസ രംഗത്ത് സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമായി കേരളം മാറും. 
 
മികച്ച കെട്ടിടങ്ങളും, കമ്പ്യൂട്ടര്‍ സൗകര്യങ്ങളും നല്‍കുന്നതിനൊപ്പം ലൈബ്രറികളും ലാബുകളും കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.  യോഗത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അധ്യക്ഷത വഹിച്ചു. ഹരിപ്പാട് നിയോജക മണ്ഡലം വിദ്യാഭ്യാസ മേഖലയില്‍ വളരെ മികച്ച പ്രവര്‍ത്തനങ്ങളാണ് കാഴ്ച വെക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഹരിപ്പാട് നഗരസഭാധ്യക്ഷ വിജയമ്മ പൊന്നൂര്‍മഠം, വൈസ് ചെയര്‍മാന്‍ കെ.എം. രാജു, ജില്ലാ പഞ്ചായത്ത് അംഗം ജോണ്‍ തോമസ്, നഗരസഭാ അംഗങ്ങളായ സി. രാജലക്ഷ്മി, ശോഭ വിശ്വനാഥ്, എസ്. രാധാമണിയമ്മ, ബി. ബാബുരാജ്, ആര്‍.എം.എസ്.എ. സംസ്ഥാന പ്രൊജക്റ്റ് ഡയറക്ടര്‍ രാഹുല്‍ ആര്‍, കെ.വി. മോഹന്‍ കുമാര്‍, ബി. അബുരാജ്, ഡോ. പി. പ്രമോദ്, ധന്യ ആര്‍. കുമാര്‍, ജിമ്മി കെ. ജോസ്, വി. ആര്‍. ശൈലജ, എ. സിദ്ദിഖ്, ബി. ഹരികുമാര്‍, കെ. വി. ഷാജി, ഉഷ എ. പിള്ള, സതീഷ് ആറ്റുപുറം എന്നിവര്‍ പ്രസംഗിച്ചു.
 
 
 
 
 
Hits: 127