ഒരു മാസത്തെ ശമ്പളം നല്‍കുന്നത് സംബന്ധിച്ച് വിവാദം വേണ്ട

Category: Main News Published: Thursday, 13 September 2018
 
കോട്ടയം:  ഒരു മാസത്തെ ശമ്പളം കൊടുക്കാന്‍ ആരെയും നിര്‍ബന്ധിക്കില്ലെന്നും സ്വമേധയാ കൊടുക്കുകയെന്നത് മലയാളികള്‍ ചിന്തിച്ച് ചെയ്യേണ്ട പ്രവൃത്തിയാണെന്നും ധനകാര്യ-കയര്‍ വകുപ്പു മന്ത്രി ഡോ. ടി. എം തോമസ് ഐസക് പറഞ്ഞു. ഏറ്റുമാനൂര്‍ വ്യാപാര ഭവനില്‍ നടന്ന നിയോജകമണ്ഡലതല പ്രളയധനസമാഹരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് സംബന്ധിച്ച് വിവാദങ്ങളുടെ ആവശ്യമില്ല. 1924 ലാണ് ഇതിനുമുമ്പൊരു മഹാപ്രളയം ഉണ്ടായത്. അന്നത്തെ കാലത്ത് ജീവനക്കാരുടെ മാസശമ്പളമായ 750 രൂപ പൂര്‍ണ്ണമായും സംഭാവന ചെയ്ത ചരിത്രമുണ്ട്. 
 
ഒരു നാടിനെ സംബന്ധിച്ച് ആളുകളുടെ സാമ്പത്തികനില വിഭിന്നമായിരിക്കാം. എന്നിരുന്നാലും ഒരു മാസത്തെ തുക സംഭാവന ചെയ്യണം എന്നു പറഞ്ഞതിന്റെ പേരില്‍ ആരും പ്രതികാര നടപടികളുമായി മുന്നോട്ട് വരില്ല. അത്തരത്തില്‍ ചിന്തിക്കാനാവുന്ന അവസ്ഥയിലൂടെയല്ല നമ്മള്‍ കടന്നു പോകുന്നത്. പ്രളയക്കെടുതി ഏറ്റവും വലച്ച കുമരകം പഞ്ചായത്ത് നല്‍കിയത് 10 ലക്ഷം രൂപയാണ്. ഈ ഇടപെടല്‍ അഭിനന്ദനാര്‍ഹമാണ്. മറ്റു പഞ്ചായത്തുകള്‍ കുറച്ചു കൂടി ഗൗരവത്തില്‍ ഇടപെടണം. നമ്മുടെ മുനിസിപ്പാലിറ്റികള്‍, പഞ്ചായത്തുകള്‍, പിഡബ്ല്യൂഡി വിഭാഗങ്ങള്‍ ധനസമാഹരണത്തിനായി മുന്നിട്ടിറങ്ങണം. പിഡബ്യൂഡി അവരുടെ റോഡുകള്‍ മാത്രമല്ലാതെ മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുളള റോഡു നിര്‍മ്മാണ പ്രകിയയിലും പങ്കാളികളാകണം. 
 
ഇത്  സര്‍ക്കാരിന്റെ മാത്രം ചുമതലയല്ല. ഓരോ പൗരന്റെയും ചുമതലയാണ്. കേന്ദ്ര ഗവണ്‍മെന്റിന്റെ ധനസഹായം അനിശ്ചിതത്ത്വത്തിലാണ്. 22000 കോടി രൂപ ലോകബാങ്കില്‍ നിന്നും വായ്പ എടുക്കാന്‍ കേന്ദ്ര സര്‍ക്കാറിന്റെ അനുമതി നേടിയിട്ടുണ്ട്. അധിക നികുതി പിരിച്ച് തുക കണ്ടെത്താന്‍ അനുമതി ചോദിച്ചിട്ടുണ്ടെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. കേന്ദ്രത്തില്‍ നിന്നും ഒന്നും കിട്ടിയില്ലെങ്കില്‍ തന്നെ കയ്യും കെട്ടി നോക്കിനില്‍ക്കാനാവില്ല കേരളത്തിന്. പ്രളയശേഷം വ്യാപാര മേഖലയില്‍ ഒരു മ്ലാനത വന്നിട്ടുണ്ട്. ഇത് മറികടക്കാനുളള പോംവഴിയാണ് നമ്മളാലോചിക്കേണ്ടത്. നമ്മുക്ക് ഒരുമിച്ച്  കൈകോര്‍ക്കാം. കേരളമാകെ ഒറ്റക്കെട്ടായി നിന്നപ്പോള്‍ അതില്‍ കുട്ടികള്‍ പോലും മാറി നിന്നില്ല എന്നതാണ് ശ്രദ്ധിക്കപ്പെടേണ്ട വസ്തുത.
 
പ്രളയത്തിനുളള നടപടികള്‍ക്ക് സര്‍ക്കാര്‍ ഉദാരമായ സമീപനം കൈക്കൊള്ളും. ആദ്യഘട്ടമെന്ന നിലയില്‍ പ്രഖ്യാപിച്ച 10,000 രൂപ അര്‍ഹതയില്ലാത്തവര്‍ക്കും കിട്ടിയെന്ന് ആരോപണമുണ്ട്. ഇതു സംബന്ധിച്ച് സൂഷ്മമായ പരിശോധനകള്‍ നടത്തും. സംഭാവന നല്‍കിയ എല്ലാവര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. ചടങ്ങില്‍ സുരേഷ് കുറുപ്പ് എം.എല്‍.എ അധ്യക്ഷനായിരുന്നു. ജില്ലാ കളക്ടര്‍ ഡോ.ബി.എസ് തിരുമേനി,  ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ജോയി ഊന്നുകല്ലേല്‍, ആര്‍ഡിഒ അനില്‍ ഉമ്മന്‍, എഡിസി (ജനറല്‍) പി.എസ് ഷിനോ പങ്കെടുത്തു.
 
 
 
 
Hits: 454