Wednesday 13th of November 2019

കണ്ണൂരില്‍ രണ്ടാം ദിവസം ലഭിച്ചത് മൂന്നു കോടിയും രണ്ടര പവനും

Category: Main News Published: Thursday, 13 September 2018
 
കണ്ണൂര്‍ : നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിനു ശേഷം സംസ്ഥാനത്തെ വീണ്ടെടുക്കാന്‍ കേരള സമൂഹം നടത്തുന്ന കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ലോകത്തിന് മാതൃകയാവുകയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍. നവകേരള നിര്‍മാണത്തിനായുള്ള വിഭവ സമാഹരണത്തിന്റെ ഭാഗമായി പിണറായിയില്‍ നടന്ന ഫണ്ട് ശേഖരണത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. സമൂഹത്തിലെ അവശതയനുഭവിക്കുന്ന ആളുകള്‍ പോലും അവരുടെ ക്ഷേമ പെന്‍ഷന്‍ തുക ഉള്‍പ്പെടെയുള്ള സംഖ്യ ദുരിതമനുഭവിക്കുന്നവര്‍ക്കായി നല്‍കാന്‍ മുന്നോട്ടുവന്നിരിക്കുന്നു. ഇഷ്ടപ്പെട്ട സാധനങ്ങള്‍ സ്വന്തമാക്കാന്‍ കൊച്ചുകുട്ടികള്‍ മാസങ്ങളായി സ്വരുക്കൂട്ടി വച്ച തുകയും വിദ്യാര്‍ഥികള്‍ അവര്‍ക്ക് ലഭിച്ച സ്‌കോളര്‍ഷിപ്പ് സംഖ്യയും വീട്ടമ്മമാര്‍ തങ്ങളുടെ മാലയും വളയും ആരാധനാലയങ്ങള്‍ അവയ്ക്ക് ലഭിച്ച സംഭാവനകളും പ്രളയബാധിതരുടെ കണ്ണീരൊപ്പാനായി നല്‍കുന്ന കാഴ്ച പ്രളയം കേരളത്തിന്റെ മനസ്സിനെ എത്രമാത്രം ആര്‍ദ്രമാക്കി മാറ്റിയിരിക്കുന്നു എന്നതിന് തെളിവാണ്. 
 
പ്രളയത്തിനു ശേഷമുള്ള നവകേരള സൃഷ്ടിക്ക് ആവശ്യമായ 30,000 കോടിയിലേറെ രൂപ സ്വരുക്കൂട്ടാന്‍ നാം മാത്രം വിചാരിച്ചാല്‍ സാധ്യമല്ലെന്നും കേന്ദ്രസര്‍ക്കാരില്‍ നിന്ന് കൂടുതല്‍ സഹായം പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. യുഎഇ ഉള്‍പ്പെടെയുള്ള സുഹൃദ് രാജ്യങ്ങള്‍ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കുന്നതില്‍ സാങ്കേതിക തടസ്സങ്ങളുണ്ടെങ്കിലും അത് നേടിയെടുക്കാനാവുമെന്ന് തന്നെയാണ് പ്രതീക്ഷ. പ്രളയകാലത്തും അതിനു ശേഷവും അയല്‍ സംസ്ഥാനങ്ങള്‍ നല്‍കുന്ന സഹായങ്ങള്‍ എടുത്തുപറയേണ്ടതാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. മഹാപ്രളയത്തെ അിജീവിച്ച കേരള ജനത പ്രളയാനന്തരമുള്ള വെല്ലുവിളികളെയും ധീരമായി നേരിടുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന വിഭവ സമാഹരണം പിണറായി, ചിറക്കുനി, കൂത്തുപറമ്പ്, പാനൂര്‍ എന്നീ നാലുകേന്ദ്രങ്ങളിലാണ് ബുധനാഴ്ച നടന്നത്. നാലു കേന്ദ്രങ്ങളില്‍ നിന്നായി 3,02,39,338 രൂപ ലഭിച്ചു. ആദ്യ ദിവസമായ ചൊവ്വാഴ്ച 4.45 കോടി രൂപയും 88 സെന്റ് ഭൂമിയും ലഭിച്ചിരുന്നു. 
 
പിണറായി എകെജി സ്മാരക ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന ധനസമാഹരണത്തില്‍ പിണറായി, വേങ്ങാട്, കോട്ടയം മലബാര്‍ പഞ്ചായത്തുകളില്‍ നിന്നായി 75,29,101 രൂപയും കാല്‍ പവന്‍ ഡയമണ്ടും സംഭാവനയായി ലഭിച്ചു. ചടങ്ങില്‍ മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ പി കെ ഗീതമ്മ (പിണറായി), സി പി അനിത (വേങ്ങാട്), ടി ഷബ്‌ന (കോട്ടയം മലബാര്‍), ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. 
 
ചിറക്കുനി ബസാറില്‍ നടന്ന വിഭവ സമാഹരണത്തില്‍ ധര്‍മടം, മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തുകളില്‍ നിന്നായി 43,82,364 രൂപയും രണ്ടേ കാല്‍ പവന്‍ സ്വര്‍ണവും ലഭിച്ചു. ധര്‍മടം പഞ്ചായത്തിലെ ബൈജു നങ്ങാരത്തിന്റെ മകന്‍ ഇശാന്‍ദേവിന്റെ ആദ്യജന്‍മദിനാഘോഷത്തിനായി മാറ്റി വച്ച തുകയും തൊഴിലുറപ്പുപദ്ധതി ഓവര്‍സിയറും എഇയും ഓരോ പവന്‍ വീതമുള്ള വളകളും നല്‍കിയത് സദസ്സിന്റെ നിറഞ്ഞ കൈയടി നേടി. ചടങ്ങില്‍ മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ ബേബി സരോജ (ധര്‍മ്മടം), എം പി ഹാബിസ് (മുഴപ്പിലങ്ങാട്), തഹസില്‍ദാര്‍മാരായ വി എം സജീവന്‍ (കണ്ണൂര്‍), ടി വി രഞ്ജിത്ത് (തലശ്ശേരി) തുടങ്ങിയവര്‍ സംസാരിച്ചു.
 
കൂത്തുപറമ്പില്‍ നടന്ന ധനസമാഹരണത്തില്‍ 77,32,574 രൂപ മന്ത്രി ഏറ്റുവാങ്ങി. ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ കെ വി സുമേഷ് അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ കെ സുകുമാരന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ അശോകന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ യു പി ശോഭ (ചിറ്റാരിപ്പറമ്പ്), വി ബാലന്‍ മാസ്റ്റര്‍ (പാട്യം), പി അശോകന്‍ (മാലൂര്‍), മാങ്ങാട്ടിടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം കെ കൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.പാനൂര്‍ യു.പി സ്‌കൂളില്‍ നടന്ന ഫണ്ട് ശേഖരണച്ചടങ്ങില്‍ 1,05,95,299 രൂപ സംഭാവനയായി ലഭിച്ചു. എംഎല്‍എ ഓഫിസ് മുഖാന്തിരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വരൂപിച്ച 83,04,455 രൂപ കെ കെ പവിത്രന്‍ മാസ്റ്റര്‍ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ക്ക് കൈമാറി. ചടങ്ങില്‍ കെ വി സുമേഷ് അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍പേഴ്്‌സണ്‍ കെ വി റംല ടീച്ചര്‍, പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ അനൂപ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി വിമല (മൊകേരി), കെ ബാലന്‍ (കുന്നോത്ത് പറമ്പ്), കെ മഹമൂദ് (തൃപ്പങ്ങോട്ടൂര്‍), എ ശൈലജ (പന്ന്യന്നൂര്‍), വി കെ രാഗേഷ് (ചൊക്ലി), മുന്‍മന്ത്രി കെ പി മോഹനന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
 
 
 
Hits: 690