Thursday 21st of March 2019

മഴയ്ക്ക് ശമനം: ഇടുക്കിയില്‍ ജലനിരപ്പ് കുറയുന്നു

Category: Main News Published: Saturday, 11 August 2018
 
ഇടുക്കി: ഇടുക്കി ഡാമില്‍ വെള്ളം ക്രമാതീതമായി വര്‍ധിച്ചതിന്റെ ഭാഗമായി ചെറുതോണി ഡാമിന്റെ അഞ്ച് ഷട്ടറുകളും തുറന്നുവിട്ടതിലൂടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ കുറവ് രേഖപ്പെടുത്തി. ഡാമില്‍ നിലവിലെ ജലനിരപ്പ് 2400.88 അടിയാണ്. ഡാമിന്റെ അഞ്ച് ഷട്ടറുകളും തുറന്നതിന് ശേഷം ജലനിരപ്പ് കുറയുന്നത് ഇതാദ്യമായാണ്. 17 മണിക്കൂറുകള്‍ക്കിടയില്‍ 0.82 അടി ജലനിരപ്പാണ് താഴ്ന്നത്. ഇപ്പോള്‍ ഡാമിലേക്ക് വരുന്നതിനേക്കാള്‍ കൂടുതല്‍ വെള്ളം പുറത്തേക്ക് വിടുന്നുണ്ട്. സെക്കന്‍ഡില്‍ 750 ഘനമീറ്റര്‍ വെള്ളമാണ് പുറത്തേക്ക് വിടുന്നത്. ജലനിരപ്പ് 2,400 അടി ആകുന്നത് വരെ ഷട്ടറുകള്‍ താഴ്ത്തില്ല. 
     അതേസമയം വൃഷ്ടി പ്രദേശത്ത് മഴതുടരുകയാണ്. എന്നാല്‍ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. ട്രയല്‍ റണ്ണിന്റെ ഭാഗമായി വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന് ഒരു ഷട്ടര്‍ തുറന്നിരുന്നു. ട്രയല്‍ റണ്‍ നടത്തിയിട്ടും ജലനിരപ്പ് കുറയാത്ത സാഹചര്യത്തില്‍ വെള്ളിയാഴ്ച രാവിലെ ഏഴിന് രണ്ട് ഷട്ടറുകളും ഉച്ചയ്ക്ക് ഒരു മണിക്ക് ഒരു ഷട്ടറും രണ്ടോടെ അവസാനത്തെ ഷട്ടറും തുറക്കുകയായിരുന്നു. ഡാമിന്റെ എല്ലാം ഷട്ടറുകളും തുറന്നതോടെ ചെറുതോണി പാലം വെള്ളത്തിനടിയിലായി. ചെറുതോണി ടൗണിലും ബസ്റ്റാന്‍ഡിലും വെള്ളം കയറിയിട്ടുണ്ട്. ചെറുതോണി വഴി കട്ടപ്പനയിലേക്കുള്ള ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്.
 
Hits: 161