Saturday 15th of December 2018

സ്ഥിതിഗതികള്‍ നിയന്ത്രണവിധേയം, അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ എല്ലാ സജ്ജീകരണങ്ങളും ഒരുക്കി

Category: Main News Published: Friday, 10 August 2018
പ്രളയബാധിത മേഖലകളില്‍ സൗജന്യ റേഷന്‍, സഹായധനം
കൊച്ചി: ഇടമലയാര്‍, ഇടുക്കി അണക്കെട്ടുകള്‍ തുറന്നതിനെ തുടര്‍ന്ന് പെരിയാറിലും കൈവഴികളിലും ജലനിരപ്പുയര്‍ന്ന് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. അടിയന്തര സാഹചര്യങ്ങളെ നേരിടാനും ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുമുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു. 
      ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ശക്തവും കാര്യക്ഷമവുമായി ഏകോപിപ്പിക്കാന്‍ ജില്ല ഭരണകൂടത്തിന് കഴിയുന്നുണ്ട്. ആശങ്കയ്ക്ക് അടിസ്ഥാനമില്ല. വെള്ളപ്പൊക്കത്തില്‍ നിന്നും മഴക്കെടുതിയില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കും. പ്രളയബാധിത മേഖലകളില്‍ അര്‍ഹതയുള്ള എല്ലാ കുടുംബങ്ങള്‍ക്കും സൗജന്യ റേഷന്‍ ലഭ്യമാക്കുമെന്ന് റവന്യൂ മന്ത്രി അറിയിച്ചു. അര്‍ഹരായവരെ കണ്ടെത്താന്‍ വില്ലേജ് ഓഫീസര്‍മാരെ ചുമതലപ്പെടുത്തും. ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്നവര്‍ക്ക് മാത്രമല്ല ദുരിതബാധിത മേഖലയിലുള്ളവര്‍ക്കെല്ലാം സഹായധനം വിതരണം ചെയ്യും. ഇതിനായി റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രത്യേക ടീമിനെ ചുമതലപ്പെടുത്തും. 
      ആര്‍മി, നേവി, കോസ്റ്റ് ഗാര്‍ഡ്, ദേശീയ ദുരന്ത നിവാരണ സേന, ഫയര്‍ ആന്‍ഡ് റെസ്‌ക്യു തുടങ്ങിയ സേനാ വിഭാഗങ്ങളെ വിവിധ കേന്ദ്രങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. ആലുവ മണപ്പുറം, ചേലാമറ്റം, കീഴ്മാട്, കടമക്കുടി വില്ലേജിലെ പിഴല എന്നിവിടങ്ങളിലാകും സേന നിലയുറപ്പിക്കുക. ലൈഫ് ജാക്കറ്റുകള്‍, ബോട്ടുകള്‍ തുടങ്ങിയവ അടിയന്തരമായി ലഭ്യമാക്കും. ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് എല്ലാ ക്രമീകരണങ്ങളും ഒരുക്കും. പുതപ്പ്, തലയിണ മുതലായ സൗകര്യങ്ങള്‍ ലഭ്യമാക്കും. 
   കര്‍ക്കിടകവാവ് ബലി നടത്തുന്നവര്‍ ജാഗ്രത പാലിക്കണം. ബലിതര്‍പ്പണം കര്‍ശന നിയന്ത്രണത്തോടെയാകും നടത്തുക. പോലീസിന്റെ നിര്‍ദേശങ്ങള്‍ പാലിച്ച് മാത്രം ചടങ്ങുകള്‍ നിര്‍വഹിക്കണമെന്ന് മന്ത്രി പറഞ്ഞു. ബലിതര്‍പ്പണത്തിന് ഏറ്റവും കൂടുതല്‍ പേര്‍ എത്തുന്ന ആലുവ മണപ്പുറം, ചേലാമറ്റം എന്നിവിടങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദേവസ്വം ബോര്‍ഡുമായി സഹകരിച്ച് പുഴയില്‍ നിന്ന് പരമാവധി അകന്നുനിന്ന് ചടങ്ങുകള്‍ നിര്‍വഹിക്കണം. 
      വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പകര്‍ച്ചവ്യാധികള്‍ പടരാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കും. ഇതിനായി പ്രത്യേക മെഡിക്കല്‍ ടീമിനെ നിയോഗിക്കും. വെള്ളമിറങ്ങിയ ശേഷം തിരികെ വീട്ടിലെത്തുമ്പോള്‍ ചെളി അടിഞ്ഞുകൂടിയ വീടുകള്‍ വൃത്തിയാക്കുന്നതിന് സഹായം നല്‍കുന്നത് പരിഗണിക്കും. പൊതു ശുചീകരണത്തിനും പ്രത്യേക സംവിധാനമൊരുക്കം. തദ്ദേശ സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെയാകും ശുചീകരണ പ്രവര്‍ത്തനങ്ങള്‍. 
       കര്‍ഷകര്‍ക്കുണ്ടായ കൃഷി നാശം സംബന്ധിച്ച് വിശദമായ കണക്കെടുപ്പ് നടത്തും. തെറ്റായ പ്രചരണങ്ങളിലൂടെ ജനങ്ങളില്‍ ആശങ്ക പടര്‍ത്തരുത്. കൃത്യമായ വിവരങ്ങള്‍ ജനങ്ങളെ അറിയിക്കുന്നതിന് സംവിധാനമുണ്ടാക്കും. ജില്ലയിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തില്‍ ഓരോ പ്രദേശത്തെയും സ്ഥിതിഗതികള്‍ വിലയിരുത്തി. 
       ക്യാംപിലെത്തുന്നവര്‍ക്ക് മാത്രമല്ല ദുരിതബാധിത മേഖലയിലുള്ളവര്‍ക്കെല്ലാം സഹായധനം ലഭ്യമാക്കണമെന്ന നിര്‍ദ്ദേശം വി. ഡി. സതീശന്‍ എം.എല്‍.എയാണ് മുന്നോട്ട് വെച്ചത്. ക്യാംപിലേക്കാവശ്യമായ സാധനങ്ങള്‍ സപ്ലൈകോയില്‍ നിന്നു മാത്രമല്ല പൊതു വിപണിയില്‍ നിന്നും വാങ്ങുന്നതിന് അനുമതി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 
     ജില്ലയുടെ കിഴക്കന്‍ മേഖലയായ കുട്ടമ്പുഴയില്‍ ആദിവാസി കോളനിയില്‍ മെഡിക്കല്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്ന് ജോയ്‌സ് ജോര്‍ജ് എം.പി. ആവശ്യപ്പെട്ടു. വൈപ്പിന്‍, കടമക്കുടി ദ്വീപ് നിവാസികള്‍ക്കായി അധിക ബോട്ട് ഏര്‍പ്പെടുത്തണമെന്ന് എസ്. ശര്‍മ്മ എം.എല്‍.എ. ആവശ്യപ്പെട്ടു. കുടിവെള്ള ലഭ്യത ഉറപ്പാക്കണമെന്നും കുറുങ്കോട്ട, താന്തോന്നിത്തുരുത്ത് ദ്വീപുകളില്‍ ബോട്ട് അനുവദിക്കണമെന്നും ഹൈബി ഈഡന്‍ എം.എല്‍.എ. ആവശ്യപ്പെട്ടു. കുട്ടമ്പുഴയിലെ ആദിവാസി ഊരുകളില്‍ റേഷന്‍, വൈദ്യസഹായം എന്നിവ അടിയന്തരമായി എത്തിക്കണമെന്ന് ആന്റണി ജോണ്‍ എം.എല്‍.എ. ആവശ്യപ്പെട്ടു.
   പാലങ്ങളുടെ സുരക്ഷ സംബന്ധിച്ച് പരിശോധന നടത്തണമെന്ന് എല്‍ദോ എബ്രഹാം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കീഴില്ലത്ത് രണ്ട് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചിരുന്നു. സ്‌കൂളുകളില്‍ ജാഗ്രത പാലിക്കേണ്ടത് സംബന്ധിച്ച് അവബോധം നടത്തണം. മുവാറ്റുപുഴ വെള്ളൂര്‍കുന്നം ക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിനെത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കണം. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിദഗ്ധരുടെ പരിശീലനം ലഭ്യമാക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. 
     ആലുവ പ്രിയദര്‍ശിനി ഹാളില്‍ നടന്ന യോഗത്തില്‍ എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, ജോണ്‍ ഫെര്‍ണാണ്ടസ്, എല്‍ദോസ് കുന്നപ്പിള്ളി, വി. പി. സജീന്ദ്രന്‍, റോജി എം. ജോണ്‍, വി. കെ. ഇബ്രാഹിം കുഞ്ഞ്, അനുപ് ജേക്കബ്, എല്‍ദോ എബ്രഹാം, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുള്‍ മുത്തലിബ്, ആലുവ നഗരസഭ ചെയര്‍പേഴ്‌സണ്‍ ജെസി എബ്രഹാം, കളമശേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ ജെസി പീറ്റര്‍, ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, ആര്‍ഡിഒമാരായ എസ്. ഷാജഹാന്‍, എം. ടി. അനില്‍കുമാര്‍, പോലീസ് കമ്മീഷണര്‍ എം. പി. ദിനേശ്, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ പി. ഡി. ഷീലാദേവി തുടങ്ങിയവര്‍ പങ്കെടുത്തു.
 
കുടിവെള്ള ലഭ്യത ഉറപ്പാക്കും: മന്ത്രി
പെരിയാറില്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് പമ്പിംഗ് നിര്‍ത്തിവെച്ച സാഹചര്യത്തില്‍ കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിന് ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. കുടിവെള്ളമെത്തിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ജില്ല ഭരണ കൂടത്തിന് മന്ത്രി നിര്‍ദേശം നല്‍കി. ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കും..
 
 
കര്‍ക്കിടക വാവുബലി: സുരക്ഷ ശക്തമാക്കി
ദുരന്തനിവാരണ സേനയും കോസ്റ്റ് ഗാര്‍ഡും സുരക്ഷയ്ക്ക്
ഡാമുകള്‍ തുറന്നതുമൂലം പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ മണപ്പുറത്തെ കര്‍ക്കിടക വാവുബലിക്കെത്തുന്നവര്‍ക്ക് അതീവ സുരക്ഷയൊരുക്കി. പെരിയാറിന്റെ തീരത്തുള്ള കാലടി ചേലാമറ്റം ക്ഷേത്രത്തിലും വാവുബലിക്കെത്തുന്നവര്‍ക്ക് ജില്ലാ ഭരണകൂടം സുരക്ഷ ശക്തമാക്കി. കോസ്റ്റ് ഗാര്‍ഡിന്റെയും ദേശീയ ദുരന്തനിവാരണ സേനയുടെയും സേവനം ഇവിടെ ഉറപ്പു വരുത്തിയിട്ടുണ്ട്. 
     ദേശീയ ദുരന്തനിവാരണ സേനയുടെ 37 പേരടങ്ങുന്ന ടീമിനെ ഉച്ചയോടെ ആലുവ മണപ്പുറത്ത് വിന്യസിച്ചു. ഫയര്‍ഫോഴ്‌സിന്റെയും പോലീസിന്റെയും സുരക്ഷയ്ക്കു പുറമെയാണിത്. എല്ലാവിധ അപകട സാധ്യതകളെയും നേരിടാനുള്ള സജ്ജീകരണങ്ങളും സേന ഒരുക്കിയിട്ടുണ്ട്. മൂന്ന് ബോട്ടുകള്‍, 20 ലൈറ്റ് ബോട്ടുകള്‍, 40 ലൈഫ് ജാക്കറ്റുകള്‍, പ്രത്യേക റോപുകള്‍, സ്‌കൂബ ടീം എന്നിവ സജ്ജമാക്കിയിട്ടുണ്ട്. 
       കാലടി ചേലാമറ്റം മഹാവിഷ്ണു ക്ഷേത്രത്തിലും സുരക്ഷ കര്‍ശനമാക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. മൂവാറ്റുപുഴ ആര്‍ഡിഒ എം. ടി. അനില്‍കുമാറിന്റെ നേതൃത്വത്തിലാണ് സുരക്ഷാ ക്രമീകരണങ്ങള്‍ നടക്കുന്നത്. കോസ്റ്റ് ഗാര്‍ഡ് ടീമിനെ ഇന്നലെ അര്‍ധരാത്രി മുതല്‍ ഇവിടെ വിന്യസിച്ചു. ഫയര്‍ ഫോഴ്‌സും സംസ്ഥാന പോലീസും ഇവിടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ക്ഷേത്രത്തിന്റെ തന്നെ പരിശീലനം ലഭിച്ച വളന്റിയര്‍മാരും ഇവിടെ സുരക്ഷയ്ക്കായി പ്രവര്‍ത്തിക്കുന്നുണ്ട്. 
     നിലവില്‍ ബാരിക്കേഡുകള്‍ കെട്ടി ബലിതര്‍പ്പണത്തിനെത്തുന്നവര്‍ പുഴയിലേക്കിറങ്ങുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പെരിയാറിലെ വെള്ളത്തിന്റെ ഒഴുക്ക് ശക്തിപ്പെട്ട സാഹചര്യത്തിലാണിത്. ബലിയിടാന്‍ എത്തുന്നവര്‍ക്കെല്ലാം കര്‍മം നിര്‍വഹിക്കുന്നതിനും മറ്റു തടസങ്ങള്‍ ഇല്ലാതിരിക്കാനും സുരക്ഷാ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുണ്ട്. പോലീസിന്റെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും തീരുമാനങ്ങള്‍ ബലിതര്‍പ്പണത്തിനെത്തുന്നവര്‍ പാലിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആലുവ താലൂക്കില്‍ കളക്ടറുടെ നേതൃത്വത്തില്‍ സുരക്ഷാ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച അവലോകന യോഗം ചേര്‍ന്നു. ഡപ്യൂട്ടി കളക്ടര്‍ കെ. മധു, തഹസില്‍ദാര്‍ കെ. ടി. സന്ധ്യാദേവി തുടങ്ങിയവര്‍ പങ്കെടുത്തു. 
 
മെഡിക്കല്‍ ടീം സജ്ജം
ഇടുക്കി, ഇടമലയാര്‍ ഡാമുകളുടെ ഷട്ടറുകള്‍ തുറന്ന സാഹചര്യത്തില്‍ ആരംഭിച്ചിട്ടുളള ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്നതിനും ആവശ്യാനുസരണം ഔഷധങ്ങള്‍ വിതരണം നടത്തുന്നതിനും ആരോഗ്യ സംബന്ധമായ കാര്യങ്ങള്‍ നിരീക്ഷിക്കുന്നതിനുമായി സജ്ജമാക്കിയിട്ടുളള ആയുര്‍വേദ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുളള മെഡിക്കല്‍ ടീം ക്യാമ്പുകള്‍ സന്ദര്‍ശിക്കുകയും, ഉണ്ടാകാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി കണ്ട് ഔഷധങ്ങള്‍ വിതരണം നടത്തുകയും ചെയ്യുന്നുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
   അടിയന്തര സാഹചര്യം ഉണ്ടാകുമ്പോള്‍ ഇനി പറയുന്ന ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാം. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ - 9446343066, സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ - 9447378257, മെഡിക്കല്‍ ഓഫീസര്‍ - 9446813737, 9495882826, 9446820304.
Hits: 499