Wednesday 20th of March 2019

ഐഐഐസി ജൂലൈ ഇരുപത്തിമൂന്നിന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

Category: Main News Published: Thursday, 12 July 2018
ചവറ :  സംസ്ഥാന തൊഴില്‍ വകുപ്പിന്റെ കീഴിലുള്ള കൊല്ലം ചവറയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ ജൂലൈ 23ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. ഇന്നലെ (ജൂലൈ 11) സ്ഥാപനത്തില്‍ സന്ദര്‍ശനം നടത്തി ക്രമീകരണങ്ങള്‍ വിലയിരുത്തിയ തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത് .
 
ഇന്‍സ്റ്റിറ്റ്യൂട്ടിനെ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്ഥാപനമായി വികസിപ്പിക്കാനാണ്   സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി  കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ ലോകത്ത് എല്ലായിടത്തുമുള്ള സാങ്കേതികവിദ്യകള്‍ പുതിയ തലമുറയെ പരിശീലിപ്പിക്കാന്‍ സഹായകമായ കോഴ്‌സുകളാണ് ഇവിടെ ഉണ്ടാവുക. ഭൂരിഭാഗം കോഴ്‌സുകളും വിവരസാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായാണ്   ചിട്ടപ്പെടുത്തിയിരിക്കുന്നത്. 
 
തൊഴില്‍ വകുപ്പിന് കീഴിലുള്ള കേരള അക്കാദമി ഓഫ് സ്‌കില്‍ എക്‌സലന്‍സി (കേസ്)നാണ് സ്ഥാപനത്തിന്റെ നിയന്ത്രണം. തൊഴില്‍ മേഖലയില്‍ നൈപുണ്യ വികസനം ഫലപ്രദമായി നടപ്പാക്കുന്നതിന് നേതൃത്വം നല്‍കുന്ന സ്ഥാപനമാണ് കേസ്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി             (യു.എല്‍.സി.സി.എസ്) ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ബിസിനസ് പാര്‍ട്ണര്‍ ആയിരിക്കും. 
 
 സൊസൈറ്റി മുന്‍കൈയെടുത്താണ് കോഴ്‌സുകളും മറ്റ് ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുള്ളത്. പുതിയ തലമുറയോടുള്ള പ്രതിബദ്ധത നിറവേറ്റാനാണ് ഇത്തരം സ്ഥാപനങ്ങളിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്   മന്ത്രി പറഞ്ഞു 
 
ആദ്യഘട്ടമായി ഏഴു കോഴ്‌സുകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും കോഴ്‌സ് പൂര്‍ത്തിയാക്കുന്ന 60 ശതമാനത്തോളം പേര്‍ക്ക്  പ്ലേസ്‌മെന്റ് ഉറപ്പാക്കുമെന്നും  കേരള അക്കാദമി ഓഫ് സ്‌കില്‍ എക്‌സലന്‍സി(കേസ്) മാനേജിംഗ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ പറഞ്ഞു. വിവര സാങ്കേതികവിദ്യ ഏറ്റവും കൂടുതല്‍ കടന്നുവരുന്ന  മേഖലകളാണ് കണ്‍സ്ട്രക്ഷനും അടിസ്ഥാന സൗകര്യ വികസനവും. അതുകൊണ്ടുതന്നെ ഈ മേഖലകളില്‍ സജീവമായ ഒരു സ്ഥാപനത്തിന്റെ പങ്കാളിത്തം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് അനിവാര്യമാണ്. ഈ സാഹചര്യത്തിലാണ് യു.എല്‍.സി.സി.എസുമായി ചേര്‍ന്ന് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തത്. നൈപുണ്യമുള്ളവരുടെ എണ്ണം വര്‍ധിക്കുന്നത്  ഈ രണ്ടു മേഖലകളിലും ഗുണപരമായ മാറ്റത്തിന് സഹായകമാകും  അദ്ദേഹം പറഞ്ഞു. 
 
എന്‍.വിജയന്‍ പിള്ള എം.എല്‍.എ,  കേരള അക്കാദമി ഓഫ് സ്‌കില്‍       എക്‌സലന്‍സ്  ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ സി. പ്രതാപ് മോഹന്‍ നായര്‍, സ്‌കില്‍ ഡെവലപ്‌മെന്റ് വിഭാഗം മേധാവി ഡോ. എം.എസ്. ബിന്ദു, യു.എല്‍.സി.സി.എസ്  മാനേജിംഗ് ഡയറക്ടര്‍ എസ്. ഷാജി, വിദ്യാഭ്യാസ വിഭാഗം ഡയറക്ടര്‍ ടി.പി. സേതുമാധവന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.  
 
ടെക്‌നീഷ്യന്‍ തലത്തില്‍ സര്‍ട്ടിഫിക്കറ്റ് ഇന്‍ പെയിന്റിംഗ്, അഡ്വാന്‍സ്ഡ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ ബാര്‍ ബെന്‍ഡിംഗ് ആന്റ് സ്റ്റീല്‍ ഫിക്‌സിംഗ്, അഡ്വാന്‍സ്ഡ് സര്‍ട്ടിഫിക്കേറ്റ് ഇന്‍ ഹൗസ് കീപ്പിംഗ് എന്നീ കോഴ്‌സുകളാണ് ഇന്‍സ്റ്റിറ്റ്യൂട്ടിലുള്ളത്.
 
സൂപ്പര്‍വൈസര്‍ തലത്തില്‍ അഡ്വാന്‍സ്ഡ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ പ്ലംബിംഗ് എന്‍ജിനീയറിംഗ്, മാനേജേരിയല്‍ ലെവലില്‍ പി.ജി ഡിപ്ലോമ ഇന്‍ അര്‍ബന്‍ പ്ലാനിങ് ആന്‍ഡ് ആര്‍ക്കിടെക്ചര്‍, പി.ജി ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റ്, ഗ്രാജുവേറ്റ്ഷിപ്പ് പ്രോഗ്രാം ഫോര്‍ എന്‍ജിനീയറിങ് ഗ്രാജ്വേറ്റ്‌സ് എന്നീ കോഴ്‌സുകളുമുണ്ട്.
 
 
Hits: 241