Wednesday 17th of October 2018

എന്‍ഡോസള്‍ഫാന്‍: മൂന്ന് ലക്ഷം രൂപവരെയുള്ള കടങ്ങള്‍ എഴുതിത്തള്ളും

Category: Main News Published: Wednesday, 21 March 2018
 
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ മൂന്നു ലക്ഷം രൂപ വരെയുളള കടങ്ങള്‍ എഴുതിത്തളളുന്നതിന് 7.63 കോടി രൂപ അനുവദിക്കാന്‍ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതലയോഗമാണ് ഈ തീരുമാനമെടുത്തത്. അമ്പതിനായിരം രൂപ വരെയുളള കടങ്ങള്‍ നേരത്തെ തന്നെ എഴുതിത്തളളിയിരുന്നു.
പുതുതായി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ വന്നവരടക്കം അര്‍ഹരായ എല്ലാവര്‍ക്കും ദേശീയ മനുഷ്യാവകാശകമ്മീഷന്‍ ശുപാര്‍ശ പ്രകാരമുളള ധനസഹായം അടിയന്തരമായി കൊടുത്തുതീര്‍ക്കും. ഇതിനുവേണ്ടി മുപ്പത് കോടി രൂപ സര്‍ക്കാര്‍ ലഭ്യമാക്കും. സുപ്രീംകോടതിയുടെ നിര്‍ദേശം പാലിച്ചുകൊണ്ടാണ് ഈ തീരുമാനം. പൂര്‍ണമായി കിടപ്പിലായവര്‍ക്കും ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ക്കും മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും അഞ്ച് ലക്ഷം രൂപ വീതവും മറ്റു വൈകല്യങ്ങളുളളവര്‍ക്ക് മൂന്ന് ലക്ഷം രൂപ വീതവും മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം നല്‍കുന്നുണ്ട്. കൂടാതെ ദുരിതബാധിതരായ ക്യാന്‍സര്‍ രോഗികള്‍ക്ക് മൂന്ന് ലക്ഷം രൂപയും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.
മുഴുവന്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെയും ബി.പി.എല്‍. വിഭാഗത്തില്‍പ്പെടുത്തി റേഷന്‍ ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതിന് കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കും. കേന്ദ്രത്തിന്റെ ദേശീയഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കിയപ്പോള്‍ പല കുടുംബങ്ങളും ബി.പി.എല്‍. പട്ടികയില്‍ നിന്നും പുറത്തുപോയി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പ്രത്യേക പരിഗണനയില്ല. ഇത് കണക്കിലെടുത്താണ് മുഴുവന്‍ കുടുംബങ്ങളെയും ബി.പി.എല്‍. വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിന് മാനദണ്ഡങ്ങളില്‍ ഇളവുവരുത്താന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്.
മാനസികവൈകല്യമുള്ള ദുരിതബാധിതരെ പരിപാലിക്കുന്നതിന് ഏഴ് പഞ്ചായത്തുകളില്‍ ഇപ്പോള്‍ ബഡ്‌സ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മൂന്ന് പഞ്ചായത്തുകളില്‍ ബഡ്‌സ് സ്‌കൂളിന്റെ നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. മുഴുവന്‍ ബഡ്‌സ് സ്‌കൂളുകളുടെയും ചുമതല സാമൂഹ്യനീതിവകുപ്പ് ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.
 
Hits: 522