Wednesday 18th of October 2017

93% പദ്ധതികള്‍ക്കും ഭരണാനുമതി; ശേഷിച്ചവയ്ക്കും ഉടന്‍ അനുമതി ലഭ്യമാക്കും

Category: Main News Published: Friday, 13 October 2017
 
തിരുവനന്തപുരം: ഈ സാമ്പത്തികവര്‍ഷത്തിലെ 93% പദ്ധതികള്‍ക്കും ഭരണാനുമതി നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു. ബാക്കിയുള്ള പദ്ധതികള്‍ക്ക് ഒക്‌റ്റോബര്‍ മാസത്തില്‍ തന്നെ ഭരണാനുമതി നല്‍കാനാകും. സെപ്റ്റംബര്‍ മാസത്തോടെ ഭരണാനുമതി നല്‍കിയതുകൊണ്ട് തികഞ്ഞ ആസൂത്രണത്തോടെയും സമയബന്ധിതമായും പദ്ധതികള്‍ നടപ്പാക്കുവാന്‍ കഴിയും. സംസ്ഥാനപദ്ധതികളിലും കേന്ദ്രാവിഷ്‌കൃതപദ്ധതികളിലും ഒരു പോലെ ഈ മാറ്റം പ്രകടമാവും.
പദ്ധതികള്‍ വെറുതെ പ്രഖ്യാപിക്കുന്നതിലല്ല കാര്യം, അതിന്റെ നടത്തിപ്പില്‍ പൂര്‍ണതയുണ്ടായിരിക്കണമെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. സാമ്പത്തികവര്‍ഷത്തിന്റെ അവസാനമാകുമ്പോള്‍ പദ്ധതിക്ക് അനുവദിച്ചിരിക്കുന്ന തുക എങ്ങനെയെങ്കിലും ചെലവഴിക്കുക എന്ന രീതിയില്‍ നിന്ന് ഒരു മാറ്റമാണ് ഈ വര്‍ഷം മുതലുണ്ടായിരിക്കുന്നത്. ഓരോ മൂന്നു മാസം കൂടുമ്പോഴും എല്ലാ വകുപ്പിലേയും പ്രധാനപദ്ധതികള്‍ മുഖ്യമന്ത്രി നേരിട്ട് പുരോഗതി അവലോകനം ചെയ്യുന്ന രീതി നടപ്പിലാക്കി. ഓരോ വര്‍ഷവും ഡിസംബര്‍ മാസമാകുമ്പോഴേക്കും പദ്ധതി അടങ്കലിന്റെ 67% ചെലവഴിച്ചിരിക്കണന്ന് നിഷ്‌കര്‍ഷിച്ചു. അങ്ങനെ നേരത്തേ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിക്കഴിയുന്നതുകൊണ്ട് അവ നടപ്പാക്കാന്‍ ആറുമാസം കിട്ടുന്നു. പദ്ധതിനിര്‍വഹണത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും സാധിക്കുന്നു എന്നതാണിതിന്റെ നേട്ടം.
2017-18 വര്‍ഷത്തേക്ക് 34,538 കോടിയുടെതാണ് കേരളത്തിന്റെ വാര്‍ഷിക പദ്ധതി. ഇതിന്റെ 34% തുകയും ചെലവഴിക്കുവാന്‍ സര്‍ക്കാരിന് സാധിച്ചു. മുന്‍വര്‍ഷം ഇത് വെറും 16% ആയിരുന്നു. സംസ്ഥാനവിഹിതമായ 20,272 കോടി രൂപയുടെ 40.37% ഇതുവരെ ചെലവഴിച്ചു. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് ഇത് 21% ആയിരുന്നു. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ വിഹിതമായ 8,039 കോടി രൂപയുടെ 29% ചെലവഴിക്കാന്‍ സാധിച്ചു. മുന്‍വര്‍ഷം ഇത് 17% ആയിരുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതമായ 6,227 കോടി രൂപയുടെ 21% ചെലവഴിച്ചു കഴിഞ്ഞു. കഴിഞ്ഞവര്‍ഷം ഈ കാലയളവില്‍ ഇത് വെറും 1% മാത്രമായിരുന്നു.
 
Hits: 630