Thursday 21st of June 2018

കേരള ബാങ്ക് അടുത്ത ഓഗസ്റ്റില്‍; തീരദേശ, മലയോര ഹൈവേകള്‍ 2020 ഡിസംബറില്‍

Category: Main News Published: Wednesday, 11 October 2017
 
തിരുവനന്തപുരം: കേരള ബാങ്ക് അടുത്ത ഓഗസ്റ്റില്‍ യാഥാര്‍ത്ഥ്യമാകും. തീരദേശ, മലയോര ഹൈവേകള്‍ 2020 ഡിസംബറില്‍ ഗതാഗതത്തിന് യോഗ്യമാകും. 
കേരള സഹകരണ ബാങ്ക് രൂപീകരണം അടുത്ത വര്‍ഷം ചിങ്ങം ഒന്നിന് (2018 ആഗസ്റ്റ് 16ന്) പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രിയുടെ പദ്ധതി അവലോകനത്തില്‍ വ്യക്തമായി. ബാങ്ക് തുടങ്ങുന്നതിന് ആര്‍ബിഐക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. ജീവനക്കാരുടെ പുനര്‍വിന്യാസം, നിക്ഷേപവായ്പാ പദ്ധതികളുടെ ഏകോപനം തുടങ്ങി ബാങ്കിന്റെ അടുത്ത അഞ്ചുവര്‍ഷത്തെ ബിസിനസ് പോളിസി ആര്‍ബിഐക്ക് സമര്‍പ്പിച്ചു. സഹകരണ വകുപ്പിന്റെ ആധുനികവല്‍ക്കരണം നല്ല നിലയിലാണ് മുന്നോട്ടുപോകുന്നത്. പ്രാഥമിക സഹകരണ ബാങ്കുകളുടെ ആധുനികവല്‍ക്കരണത്തിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
 
മലയോര ഹൈവേ എന്ന പോലെ തീരദേശ ഹൈവേക്കും ചുരുങ്ങിയത് 12 മീറ്റര്‍ വീതിയുണ്ടാകണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. മലയോര ഹൈവേയും (1251 കിലോമീറ്റര്‍) തീരദേശ ഹൈവേയും (623 കിലോമീറ്റര്‍) 2020 ഡിസംബറില്‍ പൂര്‍ത്തിയാകും. രണ്ടു ഹൈവേകള്‍ക്കും കൂടി 10000 കോടി രൂപയാണ് ചെലവ്. സംസ്ഥാനത്തെ റോഡ് വികസനം സംബന്ധിച്ച അവലോകനം ഇന്ന് പൂര്‍ത്തിയായി. 18 കിലോമീറ്റര്‍ വരുന്ന തലശ്ശേരി-മാഹി ബൈപ്പാസിന്റെ സ്ഥലമെടുപ്പ് 66 ശതമാനം പൂര്‍ത്തിയായി. 28 കിലോമീറ്റര്‍ കോഴിക്കോട് ബൈപ്പാസിന്റെ സ്ഥലമെടുപ്പ് 94 ശതമാനം തീര്‍ന്നു. തലപ്പാടി-ചെങ്ങള 39 കിലോമീറ്റര്‍ ഭാഗത്ത് 70 ശതമാനം ഭൂമിയും ദേശീയപാത അതോറിറ്റിക്ക് ലഭിച്ചിട്ടുണ്ട്. ഡിസംബറില്‍ ഇതിന് ടെന്‍ഡര്‍ ക്ഷണിക്കും. ചെങ്ങളകാലിക്കടവ് 48 കിലോമീറ്ററിന്റെ സ്ഥലമെടുപ്പും പുരോഗമിക്കുകയാണ്. വെങ്ങളം-കുറ്റിപ്പുറം, കുറ്റിപ്പുറം-ഇടപ്പളളി-തുറവൂര്‍, ചേര്‍ത്തല-ഓച്ചിറ, ഓച്ചിറ-തിരുവനന്തപുരം റീച്ചുകളിലും സ്ഥലമെടുപ്പ് പുരോഗമിക്കുകയാണ്. ഉദ്ദേശം 32500 കോടി രൂപ ചെലവിലാണ് ദേശീയപാത വികസിപ്പിക്കുന്നത്.
 
Hits: 1149