Wednesday 18th of October 2017

നുറ്റിപ്പതിനാല് പ്രധാനപദ്ധതികള്‍ മുഖ്യമന്ത്രി അവലോകനം ചെയ്യുന്നു

Category: Main News Published: Monday, 09 October 2017
 
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ വകുപ്പുകളുടെയും പ്രധാന പദ്ധതികളുടെ അവലോകനം ഒക്ടോബര്‍ 9, 10 തീയതികളിലായി മുഖ്യമന്ത്രി നടത്തും. ഓരോ വകുപ്പിന്റെയും മൂന്നു പ്രധാന പദ്ധതികള്‍ വിലയിരുത്തും. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് തടസങ്ങള്‍ വല്ലതുമുണ്ടെങ്കില്‍ നീക്കുകയാണ് അവലോകനത്തിന്റെ പ്രധാന ലക്ഷ്യം. 38 വകുപ്പുകളില്‍ വരുന്ന 114 പദ്ധതികളാണ് വിലയിരുത്തുന്നത്. കൂട്ടത്തില്‍ സംസ്ഥാനത്ത് നടപ്പാക്കുന്ന 14 വന്‍കിട പദ്ധതികളുടെ പുരോഗതിയും പരിശോധിക്കും.
ആദ്യദിവസം മുഖ്യമന്ത്രി ഉള്‍പ്പടെ ആറ് മന്ത്രിമാരുടെ കീഴില്‍വരുന്ന വകുപ്പുകളുടെ അവലോകനമാണ് നടക്കുക. രണ്ടാംദിവസം 12 മന്ത്രിമാരുടെ വകുപ്പുകള്‍. കാലത്ത് ആരംഭിക്കുന്ന അവലോകനം വൈകീട്ട് വരെയുണ്ടാകും. സംസ്ഥാനത്ത് ആദ്യമായാണ് മുഴുവന്‍ വകുപ്പുകളുടെയും പ്രധാന പദ്ധതികള്‍ മുഖ്യമന്ത്രി വിലയിരുത്തുന്നത്. അതത് വകുപ്പുകളുടെ മന്ത്രിമാരും ചീഫ് സെക്രട്ടറിയും സെക്രട്ടറിമാരും അതില്‍ പങ്കെടുക്കും.
വിഴിഞ്ഞം തുറമുഖത്തിന്റെ അനുബന്ധ സൗകര്യവികസനം, ബസ് റാപിഡ് ട്രാന്‍സിറ്റ് കോറിഡോര്‍, തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോയും ഫ്‌ളൈഓവറും, ടെക്‌നോപാര്‍ക്കിലേക്കും ടെക്‌നോസിറ്റിയിലേക്കുമുള്ള ദേശീയപാതാ കണക്റ്റിവിറ്റി, വയനാട്, മൂന്നാര്‍ സുവോളജിക്കല്‍/ ബൊട്ടാണിക്കല്‍ പാര്‍ക്ക്, കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള വിവിധ റോഡുകളുടെ വികസനം, കൊച്ചികോയമ്പത്തൂര്‍ ഇന്‍ഡസ്റ്റ്രിയല്‍ കോറിഡോര്‍, വൈദ്യുതിമേഖലയില്‍ ട്രാന്‍സ് ഗ്രിഡ് പദ്ധതി, റബ്ബര്‍ മേഖലയില്‍ വാല്യൂ അഡീഷന്‍ പദ്ധതി എന്നിങ്ങനെയുള്ള പന്ത്രണ്ടെണ്ണമാണിവ. സര്‍ക്കാരിന്റെ രണ്ടാം വര്‍ഷത്തോടനുബന്ധിച്ച് എറ്റടുക്കുന്ന 12 പ്രധാനപദ്ധതികളുടെ അവലോകനമാണ് ആദ്യദിവസം. ഇതിന് പുറമേയാണ് 114 പദ്ധതികള്‍കൂടി അവലോകനം ചെയ്യുന്നത്.
 
 
Hits: 1254