Thursday 21st of June 2018

രണ്ടുവര്‍ഷത്തിനകം പാല്‍ ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത

Category: Main News Published: Monday, 17 July 2017

ആലപ്പുഴ: എല്ലാവരുടെയും യോജിച്ച പ്രവര്‍ത്തനത്തിലൂടെ രണ്ടു വര്‍ഷം കൊണ്ട് സംസ്ഥാനം പാല്‍ ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുമെന്ന് വനംക്ഷീരവികസന മന്ത്രി അഡ്വ. കെ. രാജു പറഞ്ഞു. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തില്‍ ക്ഷീരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പാല്‍ ഉല്‍പാദനത്തില്‍ ആവശ്യമായതിന്റെ 30 ശതമാനം കുറവുണ്ടായിരുന്നു.

കഴിഞ്ഞ ഒരു വര്‍ഷംകൊണ്ട് ഉല്‍പാദനം 17 ശതമാനം വര്‍ധിച്ചു. ഈ വര്‍ഷം കൊണ്ട് ലക്ഷ്യം കൈവരിക്കും. സംസ്ഥാനത്ത് അഞ്ച് ഗ്രാമപഞ്ചായത്തുകളിലാണ് ക്ഷീരഗ്രാമം നടപ്പാക്കുന്നത്. മണ്ണഞ്ചേരി പഞ്ചായത്തില്‍ ഒരു കോടി രൂപയാണ് പദ്ധതിയിലൂടെ ചെലവഴിക്കുന്നത്. 210 പശുക്കളേയും 45 കിടാരികളേയും എഴു കറവ യന്ത്രങ്ങളും സബ്‌സിഡിയോടു കൂടി വിതരണം ചെയ്യും. എട്ടു മാതൃകാ തൊഴുത്തുകളും ഡയറി യൂണിറ്റും സ്ഥാപിക്കും.

25 മാതൃകാ കര്‍ഷകര്‍ക്ക് സഹായം നല്‍കും. 239 കര്‍ഷകര്‍ക്ക് ധാതുലവണമിശ്രിതം വിതരണം ചെയ്യും. ഒരു പശുവിന് 32,000 രൂപ സബ്‌സിഡി നല്‍കും. അഞ്ചു കിടാരികളുള്ള യൂണിറ്റിന് 90,500 രൂപയും 10 എണ്ണമുള്ളതിന് 1.81 ലക്ഷം രൂപയും സബ്‌സിഡി നല്‍കും. കറവയന്ത്രത്തിന് 25,000 രൂപയാണ് സബ്‌സിഡി. മണ്ണഞ്ചേരി പാലിന്റെ കാര്യത്തില്‍ സ്വയംപര്യാപ്തമാണ്.

അധികമായി 2757 ലിറ്റര്‍ കൂടി ഉല്‍പാദിപ്പിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ക്ഷീരകര്‍ഷകന്റെ അധ്വാനത്തിനനുസരിച്ച് പാലിന് വില ലഭിക്കുന്നില്ലെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് പാല്‍ വില നാലു രൂപ വര്‍ധിപ്പിച്ചത്. ഇതില്‍ 3.35 രൂപ കര്‍ഷര്‍ക്ക് ലഭ്യമാക്കുന്നു. 16 പൈസ ക്ഷീര സംഘത്തിനും 14 പൈസ മില്‍മയ്ക്കും ലഭിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ക്ഷീര കര്‍ഷകര്‍ക്കായി സമാശ്വാസ പദ്ധതി സര്‍ക്കാര്‍ നടപ്പാക്കിയത്.

പശുവിനെ വാങ്ങാന്‍ ലോണെടുത്ത് തിരിച്ചടയ്ക്കാന്‍ കഴിയാത്തവര്‍ക്ക് ഒരു ലക്ഷം രൂപ വരെ സഹായം നല്‍കി. അഞ്ചു കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിച്ചത്. ഒരു ലിറ്റര്‍ പാലിന് നാലു രൂപ വരെ സബ്‌സിഡി നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ വന്‍സഹായമാണ് ഈ മേഖലയ്ക്ക് നല്‍കുന്നത്. മുട്ട, മാംസം എന്നിവയുടെ ഉല്‍പാദനത്തിലും കേരളം സ്വയംപര്യാപ്തമാകാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതായും മന്ത്രി പറഞ്ഞു.

പശു വളര്‍ത്തലിനെ പ്രധാനവരുമാന മാര്‍ഗമായി കാണണമെന്ന് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് ധനവകുപ്പ് മന്ത്രി ഡോ. റ്റി.എം. തോമസ് ഐസക് പറഞ്ഞു. ഒമ്പതു ലക്ഷം ലിറ്റര്‍ പാലിന്റെ കമ്മിയുണ്ട്. ഒരുമിച്ചു പ്രവര്‍ത്തിച്ചാല്‍ സ്വയംപര്യാപ്തമെന്ന ലക്ഷ്യം കൈവരിക്കാമെന്നും മന്ത്രി പറഞ്ഞു. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ഗോപിനാഥ് ആധ്യക്ഷ്യം വഹിച്ചു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീന സനല്‍കുമാര്‍ പ്രത്യേക ഘടക പദ്ധതി ആനുകൂല്യ വിതരണം നടത്തി.

ജില്ലാ പഞ്ചായത്തംഗം പി.എ. ജുമൈലത്ത് ക്ഷീരകര്‍ഷക ക്ഷേമനിധി ആനൂകൂല്യ വിതരണം നിര്‍വഹിച്ചു. ക്ഷീരവികസന ഡയറക്ടര്‍ എബ്രഹാം ടി. ജോസഫ് പദ്ധതിയുടെ വിശദീകരണവും ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ജി. ശ്രീലത റിപ്പോര്‍ട്ട് അവതരണവും നടത്തി.

ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീന സനല്‍കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം പി.എ. ജുമൈലത്ത്, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജു രതികുമാര്‍, എം.ബി. സുഭാഷ്, കെ.പി. സതീഷ്‌കുമാര്‍, ജനപ്രതിനിധികള്‍, ക്ഷീരസംഘം ഭാരവാഹികള്‍, മില്‍മ ബോര്‍ഡ് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. ഇതോടനുബന്ധിച്ച് നടന്ന ക്ഷീരസഹകരണ ശില്‍പശാലയില്‍ ക്ഷീരവികസന ജോയിന്റ് ഡയറക്ടര്‍ ബിജി വി. ഈശോ ക്ലാസെടുത്തു.

Hits: 1102